വാട്ട്സ്ആപ്പിന്റെ ‘ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചറിൽ ഉടൻ പുതിയ മാറ്റങ്ങൾ വരുമെന്ന് വിവരം. ഈ ഫീച്ചറിലെ സമയപരിധി വാട്സ്ആപ്പ് ഉയർത്തിയേക്കുമെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു.
‘ഡിലീറ്റ് ഫോർ എവരിവൺ’ ഫീച്ചർ 2017-ലാണ് ആദ്യം അവതരിപ്പിച്ചത്. വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉപയോഗപ്രദവും പ്രധാനപ്പെട്ടതുമായ ഫീച്ചറുകളിൽ ഒന്നാണിത്. ഒരു ഗ്രൂപ്പിലേക്കോ വ്യക്തിഗത ചാറ്റിലേക്കോ അറിയാതെ നിങ്ങൾ ഒരു തെറ്റായ സന്ദേശം അയച്ചാൽ ഈ ഓപ്ഷൻ ഉപയോഗിച്ച് അത് ഡിലീറ്റ് ചെയ്യാം.
ആദ്യം ഏഴ് മിനിറ്റ് സമയപരിധി വച്ച് അവതരിപ്പിച്ച ഫീച്ചർ, കുറച്ച് മാസങ്ങൾക്ക് ശേഷം ഒരു മണിക്കൂറായി വർദ്ധിപ്പിച്ചിരുന്നു. വാബീറ്റപങ്കുവെച്ച സ്ക്രീൻഷോട്ടുകൾ പ്രകാരം, കമ്പനി ഈ ഫീച്ചറിന്റെ സമയ പരിധി അനിശ്ചിതകാലത്തേക്ക് വർദ്ധിപ്പിക്കുമെന്ന് തോന്നുന്നു.
വാട്സ്ആപ്പിന്റെ v2.21.23.1 ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് പുതിയ അപ്ഡേറ്റ് കണ്ടെത്തിയത്. ഈ ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ ബീറ്റാ ടെസ്റ്റർമാർക്കും പുതിയ അപ്ഡേറ്റ് ലഭ്യമാക്കുന്നത് വരെ ഉപയോക്താക്കൾ ഇതിൽ ആവേശഭരിതരാകേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഫീച്ചർ എപ്പോൾ പുറത്തിറക്കുമെന്നത് സംബന്ധിച്ച് റിപ്പോർട്ടിലില്ല.
നിലവിൽ, വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഒരു മണിക്കൂർ മാത്രമേ ലഭിക്കൂ. ഒരു സന്ദേശം ഇല്ലാതാക്കിക്കഴിഞ്ഞാൽ, മെസ്സേജ് ഡിലീറ്റ് ചെയ്തുവെന്ന് പറയുന്ന ഒരു അറിയിപ്പ് ചാറ്റ് വിൻഡോയിൽ കാണാനാകും.
Also Read: സെക്കൻഡ് ഹാൻഡ് സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
കൂടാതെ, വാട്സ്ആപ്പിന്റെ ഐഒഎസ് പതിപ്പിന് പുതിയ വീഡിയോ പ്ലേബാക്ക് ഇന്റർഫേസ് ലഭിക്കുന്നുണ്ടെന്നും വാബീറ്റഇൻഫോ പറഞ്ഞു. ഇതിലൂടെ, വീഡിയോ താൽക്കാലികമായി നിർത്താനോ പൂർണ്ണസ്ക്രീനിൽ പ്ലേ ചെയ്യാനോ പിക്ചർ-ഇൻ-പിക്ചർ വിൻഡോ അടയ്ക്കാനോ കഴിയും. ആപ്പിന്റെ v2.21.220.15 ഐഒഎസ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ചിലർക്ക് ഈ സവിശേഷത ഇതിനകം തന്നെ ലഭ്യമാണ്. ഒക്ടോബറിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു.