വാട്സ്ആപ്പിൽ ഗ്രൂപ്പ് ചാറ്റുകളെ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ ഫീച്ചർ ഉടൻ പുറത്തിറങ്ങും. ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് കമ്മ്യൂണിറ്റികൾ (Communities) എന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് പുറത്തിറക്കുന്നത്.
കമ്മ്യൂണിറ്റികൾ ഒരു “ഗ്രൂപ്പുകളുടെ ഡയറക്ടറി” പോലെയായിരിക്കുമെന്ന് ഒരു വാട്ട്സ്ആപ്പ് വക്താവ് പറഞ്ഞു, ” ചില പൊതുവായ ബന്ധങ്ങൾ ഉള്ള, വിവിധ ഗ്രൂപ്പുകൾ ചേർത്ത് അവരുടേതായ ഒരു കമ്മ്യൂണിറ്റി മുന്നോട്ട് കൊണ്ടുപോവാൻ ഈ ഫീച്ചർ വഴി ആർക്കും സാധിക്കും,” അദ്ദേഹം പറഞ്ഞു. ഒന്നിലധികം ഗ്രൂപ്പുകൾ കാരണം ആളുകൾക്ക് സന്ദേശങ്ങൾ കാണാതെ പോവുന്ന അവസ്ഥയുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും വക്താവ് കൂട്ടിച്ചേർത്തു.
ആർക്കും ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനും ഒന്നിലധികം ഗ്രൂപ്പുകളെ അതിൽ ചേരാൻ ക്ഷണിക്കാനും കഴിയും. എന്നാൽ അതത് അഡ്മിൻമാർ ക്ഷണം സ്വീകരിച്ചാൽ മാത്രമേ ഗ്രൂപ്പുകൾ കമ്മ്യൂണിറ്റിയുടെ ഭാഗമാകൂ. ഉദാഹരണത്തിന്, ഒരു കമ്പനിക്കുള്ളിൽ വ്യത്യസ്ത ഉപയോക്തൃ സെറ്റുകളുടെ ഒന്നിലധികം ഗ്രൂപ്പുകളുള്ള ഒരു കമ്മ്യൂണിറ്റി നിർമിക്കാം.
എന്നിരുന്നാലും, ഒരു പ്രത്യേക ഗ്രൂപ്പിലുള്ളവർക്ക് മാത്രമേ ആ ഗ്രൂപ്പിലെ സന്ദേശങ്ങൾ കാണാൻ കഴിയൂ, അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റ് ഗ്രൂപ്പുകളിലെ ഉപയോക്താക്കളുടെ സന്ദേശങ്ങളോ ഫോൺ നമ്പറോ കാണാനാവില്ല. ഗ്രൂപ്പുകളിലുടനീളം എല്ലാവർക്കും സന്ദേശമയയ്ക്കാൻ കമ്മ്യൂണിറ്റിക്ക് ഒരു ബ്രോഡ്കാസ്റ്റ് ഓപ്ഷൻ ഉണ്ടായിരിക്കും. എന്നാൽ ഈ സന്ദേശങ്ങൾ അനുവദിച്ചവർക്ക് മാത്രമേ ദൃശ്യമാകൂ.
കോവിഡ് മഹാമാരിയുടെ കാലത്ത് വാട്സ്ആപ്പ് ഗ്രൂപ്പ് ഫീച്ചർ ആളുകൾക്ക് സഹായകമായതായി വാട്സ്ആപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ രണ്ടാം തരംഗത്തിൽ ഓക്സിജനും മരുന്നുകളും ലഭ്യമാക്കുന്നതിന് സാധാരണ ആളുകൾ വാട്ട്സ്ആപ്പിനെ എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന് മെറ്റാ ചൂണ്ടിക്കാട്ടി. ഇതുപോലുള്ള ഒരു സാഹചര്യത്തിൽ ഇതുപോലുള്ള ഒരു ഫീച്ചർ വളരെ സഹായകരമാകുമായിരുന്നു. ഇന്ത്യയിൽ 400 ദശലക്ഷം ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്.
ഈ പുതിയ മാറ്റങ്ങളുടെ ഭാഗമായി മറ്റ് ചില ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, ഉപയോക്താക്കൾക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ചെയ്യുന്നതുപോലെ സന്ദേശങ്ങളോട് റിയാക്ട് ചെയ്യാൻ കഴിയും. കൂടാതെ, പരമാവധി 32 പേർ വരെ ഉള്ള ഗ്രൂപ്പുകളിൽ ഒരു ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുമായും ഓഡിയോ കോളിൽ ബന്ധപ്പെടാൻ കഴിയും. കൂടാതെ, ഫയൽ വലുപ്പങ്ങളുടെ പരിധി ഇപ്പോൾ രണ്ട് ജിബിയായി വർധിപ്പിച്ചു വരെയാണ്. കൂടാതെ, ഗ്രൂപ്പ് അഡ്മിൻമാർക്ക് എല്ലാവരുടെയും ചാറ്റുകളിൽ നിന്ന് എന്തെങ്കിലും പ്രശ്നമുള്ള സന്ദേശങ്ങൾ നീക്കം ചെയ്യാനാകും.
കമ്മ്യൂണിറ്റികൾ അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്നുവെന്നും വക്താവ് പറഞ്ഞു: “ഏത് ഗ്രൂപ്പിൽ എന്ത് വരുന്നു എന്നതിനെക്കുറിച്ചുള്ള എല്ലാ നിയന്ത്രണങ്ങളും കമ്മ്യൂണിറ്റി അഡ്മിന് ഉണ്ടായിരിക്കും. ഒരു ഗ്രൂപ്പിലെ പ്രശ്നകരമായ സന്ദേശങ്ങൾ നീക്കം ചെയ്യാനും അവർക്ക് കഴിയും. കമ്മ്യൂണിറ്റി അഡ്മിൻമാർക്ക് ഗ്രൂപ്പുകൾ ആവശ്യമില്ലാത്ത സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് കണ്ടാലോ അനുചിതമോ അധിക്ഷേപകരമോ ആണെങ്കിലോ അൺലിങ്ക് ചെയ്യാനും കഴിയും.” വാട്ട്സ്ആപ്പ് വക്താവ് പറഞ്ഞു.
ഈ വർഷാവസാനം കമ്മ്യൂണിറ്റികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.