വാട്ട്സ്ആപ്പ് അവതരിപ്പിച്ച സവിശേഷതകളില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നായിരുന്നു മെസേജ് റിയാക്ഷന്. ഒരാളയക്കുന്ന മെസേജിനോട് നമ്മുടെ പ്രതികരണം എന്താണെന്ന് മറ്റൊരു മെസേജിലൂടെ അറിയിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ കഴിഞ്ഞിരുന്നു. ആദ്യം ആറ് ഇമോജികളിലൂടെ മാത്രമാണ് റിയാക്ഷന് നല്കാന് കഴിഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ ഓപ്ഷന് ലഭ്യമായിട്ടുണ്ട്.
എന്നാല്‍ റിയാക്ഷന് സവിശേഷത മെസേജില്‍ മാത്രം ഒതുക്കി നിര്‍ത്താനല്ല വാട്ട്സ്ആപ്പിന്റെ പദ്ധതിയെന്നാണ് ലഭിക്കുന്ന സൂചന. സ്റ്റാറ്റസിലേക്ക് ഈ സവിശേഷത എത്തിക്കാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുവെന്നാണ് വാബീറ്റഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്റ്റാറ്റസുകള്‍ക്ക് റിയാക്ഷന് നല്കാന് എട്ട് ഇമോജികളായിരിക്കും വാട്ട്സ്ആപ്പ് നല്‍കുക.

ഇനി എങ്ങനെ സ്റ്റാസുകള്‍ക്ക് റിയാക്ഷന് നല്‍കാമെന്ന് നോക്കാം. നമ്മള് ഒരു സ്റ്റാറ്റസ് തുറക്കുമ്പോള്‍ തന്നെ റിയാക്ഷന് നല്‍കുന്നതിനായി ഇമോജികള്‍ പോപ് അപ്പ് ചെയ്തു വരും. നിങ്ങള്‍ക്ക് ആവശ്യമായ ഇമോജി തിരഞ്ഞെടുത്ത് അയക്കാവുന്നതാണ്, ഇതോടുകൂടി സ്റ്റാറ്റസിന് റിപ്ലെ നല്കി പ്രിതികരണം അറിയിക്കുന്നത് ഒഴിവാക്കാനും കഴിയും.
ആന്‍ഡ്രോയിഡില്‍ പുതിയ അപ്ഡേറ്റിനൊപ്പം സവിശേഷത ലഭ്യമാകുമെന്നാണ് വിവരം. ഇത് നേരിട്ട് സ്ഥിരീകരിക്കാന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന് കഴിഞ്ഞിട്ടില്ല. നേരത്തെ മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധിയും വാട്ട്സ്ആപ്പ് നീട്ടിയിരുന്നു. രണ്ട് ദിവസത്തിന് ശേഷവും ഇനിമുതല്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ സവിശേഷത ഉപയോഗിക്കാം.