ലോകത്തെ തന്നെ ഏറ്റവും ജനപ്രിയ മെസ്സേജിങ് ആപ്പാണ് വാട്സാപ്പ്. 130 കോടി വാട്സാപ്പ് ഉപഭോകതാക്കളാണ് ലോകത്തുള്ളത് അതിൽ തന്നെ 25 കോടി ഉപഭോക്താക്കളും ഇന്ത്യക്കാരാണ്. വീഡിയോ ഉൾപ്പടെയുള്ള മൾട്ടി മീഡിയ സന്ദേശങ്ങൾ അയക്കുന്നതിന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നതും വാട്സാപ്പ് തന്നെ.

കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണെന്നതാണ് വാട്സാപ്പിന്റെ മികച്ച നേട്ടങ്ങളിൽ ഒന്ന്, ഒപ്പം മറ്റ് മെസ്സേജിങ് ആപ്പുകളെക്കാൾ കൂടുതൽ ഫീച്ചറുകളും. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു എന്നതാണ് ഡിജിറ്റൽ ലോകത്ത് നിന്നുള്ള പുതിയ വാർത്ത.

ഐഒസ് പ്ലാറ്റ്ഫോമിലൂൾപ്പടെ നേരത്തെ ഉണ്ടായിരുന്നതും ഇല്ലാത്തതുമായ ഫീച്ചറുകളാണ് വാട്സാപ്പ് പുതിയ പതിപ്പിൽ അവതരിപ്പിക്കുന്നത്. സ്വൈപ്പ് റ്റൂ റിപ്ലൈ, പിക്ചർ ഇൻ പിക്ചർ,ബിസ്ക്കറ്റ് സ്റ്റിക്കർ പാക്ക് എന്നീ പുതിയ ഫീച്ചറുകളാണ് വാട്സാപ്പിലുള്ളത്.

സ്വൈപ്പ് റ്റൂ റിപ്ലൈ

വാട്സാപ്പിന്റെ പുതിയ പതിപ്പിലെ ഏറ്റവും വലിയ പ്രത്യേകതയാണ് സ്വൈപ്പ് റ്റൂ റിപ്ലൈ . ഗ്രൂപ്പ് ചാറ്റിലുൾപ്പടെ സഹായകമാകുന്ന ഫീച്ചറാണിത്. ഒരു സന്ദേശം തിരഞ്ഞെടുത്ത് മറുപടി നൽകുന്നതിന് ഇനി മുതൽ ആ സന്ദേശത്തിന്റെ വലത്തെ വശത്തേക്ക് സ്വൈപ്പ് ചെയ്താൽ മതിയാകും.

നേരത്തെ ആ സന്ദേശത്തിൽ അമർത്തി പിടിച്ച റിപ്ലൈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യണമായിരുന്നു. എന്നാൽ സ്വൈപ്പ് റ്റൂ റിപ്ലൈ വരുന്നതോടെ ഇക്കാര്യവും ഏളുപ്പത്തിൽ സാധിക്കും. ഐഒഎസ് പ്ലാറ്റ്ഫോമിൽ ഈ സൌകര്യം നേരത്തെ ഉണ്ടെങ്കിലും അൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ഇത് പുതിയ ഫീച്ചറാണ്.

പിക്ചർ ഇൻ പിക്ചർ

ഐഒസ് പ്ലാറ്റ്ഫോമിൽ നേരത്തെ ഉണ്ടായിരുന്ന മറ്റൊരു ഫീച്ചറാണ് പിക്ചർ ഇൻ പിക്ചർ. വാട്സാപ്പ് ഉപയോഗിക്കുമ്പോൾ തന്നെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ സാമൂഹിക മാധ്യമങ്ങളിലെയും വീഡിയോകൾ കാണാൻ സഹായിക്കുന്ന ഫീച്ചറാണിത്. ഫുൾസ്ക്രീനിൽ മറ്റൊരു വിൻഡോയിലാകും വീഡിയോ കാണാൻ സാധിക്കുക. വാട്സാപ്പിന്റെ പുതിയ പതിപ്പിൽ അൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും പിക്ചർ ഇൻ പിക്ചർ ഒപ്ഷൻ ലഭ്യമാകും.

ബിസ്ക്കറ്റ് സ്റ്റിക്കർ പാക്ക്

വാട്സാപ്പിന്റെ മറ്റൊരു പ്രത്യേകതയാണ് സ്മൈലികൾ ,സ്മൈലികൾക്ക് പുറമെ സ്റ്റിക്കറുകളും വാട്സാപ്പിൽ ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി. വാട്സാപ്പിന്റെ ബീറ്റ പതിപ്പിൽ നേരത്തെയുള്ള ഫീച്ചറാണിത്. ‘സേണിക്കർ ബിസ്ക്കറ്റിന്റെ’ കീഴിൽ വരുന്ന സ്റ്റിക്കർ പാക്കുകളാണ് കമ്പനി ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഈ വർഷമാദ്യം തന്നെ വാട്സാപ്പിൽ സ്റ്റിക്കറുകൾ ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു. തുടക്കത്തിൽ ഉപഭോക്താക്കൾക്ക് സ്റ്റിക്കർ പാക്കുകൾ ഡൌൺലോഡ് ചെയ്യേണ്ടി വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook