ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രസർക്കാരിന്റെ കത്തിന് പ്രമുഖ സമൂഹമാധ്യമമായ വാട്‌സ്ആപ്പിന്റെ മറുപടി. ഇന്ത്യ ഗവൺമെന്റിനെ പോലെ തങ്ങളെയും ഈ കൊലപാതകങ്ങൾ ഞെട്ടിച്ചിരിക്കുന്നുവെന്ന് പറഞ്ഞ കമ്പനി ടെക് കമ്പനികളും സർക്കാരും സമൂഹവും ഈ ലക്ഷ്യത്തിനായി ഒത്തൊരുമിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

ജൂലൈ രണ്ടിനാണ് രാജ്യത്ത് വർദ്ധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണം വ്യാജവാർത്തകളാണെന്നും അത് നിയന്ത്രിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം കത്തയച്ചത്.

അസം, മഹാരാഷ്ട്ര, കര്‍ണാടക, ത്രിപുര, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് തിരികൊളുത്തിയത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തകളായിരുന്നു. പ്രകോപനകരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വാട്സ്ആപ്പ് പേലെയുളള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കപ്പെടുന്നത് ആശങ്കാജനകമാണെന്നും കേന്ദ്രം വാട്‌സ്ആപ്പിനെ അറിയിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്.

‘ഇത്തരം പ്ലാറ്റ്ഫോമുകളില്‍ നിരുത്തരവാദിത്തപരമായ സന്ദേശങ്ങള്‍ പ്രചരിക്കപ്പെടുന്നത് വിവരസാങ്കേതിക മന്ത്രാലയം വളരെ ഗൗരവകരമായിട്ടാണ് കാണുന്നത്. കേന്ദ്രത്തിന്റെ അതൃപ്‌തി വാട്സ്ആപ്പിനെ അറിയിക്കുകയും വേണ്ട രീതിയിലുളള നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്’, കേന്ദ്രം പ്രസ്‌താവനയില്‍ അറിയിച്ചു. വാട്‌സ്ആപ്പിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് പലയിടങ്ങളിലും ആള്‍ക്കൂട്ട ആക്രമണം നടക്കുന്നുണ്ട്.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം സജീവമാണെന്ന് വാട്‌സ്ആപ്പില്‍ പ്രചരണം നടക്കുന്നതിനെ തുടര്‍ന്നാണ് അക്രമങ്ങള്‍ നടന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ദുലെ ജില്ലയില്‍ അഞ്ച് പേരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ആദിവാസി ഗ്രാമമായ റയിന്‍പാടയില്‍ ബസില്‍ വന്നിറങ്ങിയ സംഘത്തിലെ അഞ്ച് പേരെയാണ് ആക്രമിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഗ്രാമത്തിലെ ഒരു കുട്ടിയോട് സംസാരിക്കുന്നത് കണ്ട് ഞായറാഴ്‌ച ബസാറില്‍ കൂടിയിരുന്ന ആളുകള്‍ ആക്രമിക്കുകയായിരുന്നു.

ചെന്നൈയിലും സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ട് പേരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇരുവരേയും പിന്നീട് പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, പശുക്കശാപ്പ് എന്നിവ ആരോപിച്ച് രാജ്യത്ത് പലയിടത്തും തല്ലിക്കൊല്ലല്‍ സംഭവങ്ങള്‍ നിരന്തരം അരങ്ങേറുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook