കഴിഞ്ഞ നവംബറിൽ ചാറ്റ്ജിപിടി പുറത്ത് ഇറങ്ങിയപ്പോൾ, അത് ലോകത്തെ മാറ്റിമറിക്കാൻ പോവുകയാണെന്ന് വൃക്തമായി. ഉപന്യാസങ്ങൾ മുതൽ കോഡ് എഴുതുന്നത് വരെയുള്ള കഴിവുകൾ ഉപയോക്താക്കളെ വിസ്മയപ്പെടുത്തി. പക്ഷേ, പലരും കുറച്ചുകാണുന്നത് അത് എത്രവേഗത്തിൽ തന്റെ ജോലികൾ തീർക്കുന്നു എന്നതാണ്. എഐ ചാറ്റ്ബോട്ട് ഇതിനകം തന്നെ ടെക് വ്യവസായത്തിൽ വലിയ തരംഗങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു.
പല ടെക് കമ്പനികളും ടെക് ലോകത്തെ തങ്ങളുടെ പ്രസക്തി കുറയാതിരിക്കാനായി, സമാനമായ സാങ്കേതികവിദ്യ അവരുടെ ഉൽപ്പന്നങ്ങളിൽ സംയോജിപ്പിക്കുന്നതിന്റെ തിരക്കിലാണ്. ചാറ്റ്ജിപിടി ഒരു പ്രത്യേക ടൂളായി മാറിയിരിക്കുകയാണ്. എന്നാൽ നിങ്ങളുടെ ഫോണിലുള്ള വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, സ്പോട്ടിഫൈ പോലുള്ള ആപ്പുകളും പുതിയ എഐ ട്രെൻഡിനൊപ്പം മാറുകയാണെന്നാണ് സൂചനകൾ.
വാട്ട്‌സ്ആപ്പും മെസഞ്ചറും
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ കമ്പനി ജനറേറ്റീവ് എഐയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു “ഉയർന്ന തലത്തിലുള്ള പ്രൊഡക്റ്റ് ഗ്രൂപ്പ്” സൃഷ്ടിക്കുകയാണെന്ന് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ ടീം “ക്രിയേറ്റീവ്, എക്സ്പ്രസീവ് ടൂളുകൾ” നിർമ്മിക്കുന്നതിലൂടെ ആരംഭിക്കുന്നു. എന്നാൽ കാലക്രമേണ ആളുകളെ പല തരത്തിൽ സഹായിക്കാൻ കഴിയുന്ന എഐ പേസോണാസ് (വൃക്തിത്വങ്ങളെ) വികസിപ്പിക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.
ഈ വൃക്തിത്വങ്ങൾ വാട്സ്ആപ്പ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങി, മെറ്റയുടെ മുഴുവൻ സോഷ്യൽ ആപ്പുകളിലും എത്തും. മെറ്റയുടെ ഈ പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ, വാട്സ്ആപ്പ്, മെസഞ്ചർ എന്നിവയിൽ ചാറ്റ്ബോട്ടുകളുമായി സംവദിക്കാൻ കഴിയും. അതേസമയം, ഇൻസ്റ്റാഗ്രാമിൽ ക്രിയേറ്റീവ് ഫിൽട്ടറുകളിലും ഫോർമാറ്റുകളിലുമായിരിക്കും എഐയുടെ ഉപയോഗം.
ജിബോർഡ്
ചാറ്റ്ജിപിടിയെ മാറ്റിനിർത്തിയാൽ, കഴിഞ്ഞ വർഷം ജനപ്രീതി നേടിയ മറ്റൊരു ഓപ്പൺഎഐ പ്രൊഡക്റ്റ് ഡാൽ-ഇ ആയിരുന്നു. നിങ്ങളിൽ നിന്നുള്ള ഒരു ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റ് ഉപയോഗിച്ച്, ഈ ഡീപ് ലേണിങ് മോഡൽ ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ സൃഷ്ടിക്കുന്നു. ഇമേജൻ എന്ന പേരിൽ സമാനമായ ഒരു പ്രൊഡക്റ്റിലാണ് ഗൂഗിൾ പ്രവർത്തിക്കുന്നത്. അത് ഇപ്പോൾ ആൻഡ്രോയിഡിലെ ഏറ്റവും ജനപ്രിയ കീബോർഡ് ആപ്പായ ജിബോർഡിലേക്ക് സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു.
9ടു5ഗൂഗിൾ അടുത്തിടെ ജിബോർഡിന്റെ ബീറ്റാ പതിപ്പിൽ “ഇമേജൻ കീബോർഡ്” പരാമർശിക്കുന്ന സ്ട്രിങ്ങുകൾ കണ്ടെത്തി. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും നിലവിലുള്ള ജിഫുകൾ, സ്റ്റിക്കറുകൾ, ഇമോജികൾ എന്നിവയ്‌ക്കൊപ്പം എഐ സൃഷ്‌ടിച്ച ചിത്രങ്ങൾ അയയ്‌ക്കാനുള്ള ഒരു ഓപ്ഷൻ കീബോർഡ് സമീപഭാവിയിൽ വാഗ്ദാനം ചെയ്യുമെന്ന് നമുക്ക് പറയാൻ കഴിയും. നിങ്ങളുടെ ചാറ്റുകൾ കൂടുതൽ ആവേശമുണര്‍ത്തുന്നതായി മാറിയേക്കാം.
സ്പോട്ടിഫൈ
ഫെബ്രുവരി അവസാനമാണ്, സ്‌പോട്ടിഫൈ അതിന്റെ മൊബൈൽ ആപ്ലിക്കേഷനുകളിൽ ഡിജെ എന്ന പേരിൽ ഒരു പുതിയ എഐ പവർ സേവനം അവതരിപ്പിച്ചത്. അത് ഉപയോക്താക്കൾക്ക് വ്യക്തിഗതമാക്കിയ പ്ലേലിസ്റ്റ് സൃഷ്‌ടിക്കാനും “അതിശയകരമായി യഥാര്‍ത്ഥ ശബ്‌ദത്തിൽ” അഭിപ്രായം രേഖപ്പെടുത്താനും അനുവദിക്കുന്നു.
മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോം ഈ സവിശേഷതയെ “നിങ്ങളും നിങ്ങളുടെ സംഗീത അഭിരുചിയും നന്നായി അറിയുന്ന പേഴ്സണലൈസ്ഡ് എഐ ഗൈഡ്, അത് നിങ്ങൾക്കായി എന്ത് പ്ലേ ചെയ്യണമെന്ന് തിരഞ്ഞെടുക്കാനാകും” എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഓപ്പൺഎഐ വികസിപ്പിച്ച ഈ സേവനം ബീറ്റയായി ലഭ്യമാണ്, എന്നാൽ ഇപ്പോൾ യുഎസിലെയും കാനഡയിലെയും പ്രീമിയം ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.
മൈക്രോസോഫ്റ്റ് എഡ്ജ്
ഈ ഗ്രഹത്തിലെതന്നെ ഏറ്റവും ജനപ്രിയമായ സെർച്ച് എഞ്ചിനാണ് ഗൂഗിൾ. ഏകദേശം 85 ശതമാനം മാർക്കറ്റ് ഷെയർ ഗൂഗിൾ ആസ്വദിക്കുന്നു(ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റ ഡാറ്റ പ്രകാരം), എന്നാൽ മൈക്രോസോഫ്റ്റ് അതൊന്ന് മാറ്റാൻ ശ്രമിക്കുന്നു. ഫെബ്രുവരി എഴിന്, മൈക്രോസോഫ്റ്റ് എഐ ചാറ്റ്ബോട്ട് സംയോജനത്തോടുകൂടിയ പുതിയ ബിംഗ് പ്രഖ്യാപിച്ചു. അത് നിങ്ങളുടെ ചോദ്യങ്ങൾക്ക് വ്യത്യസ്തമാർഗത്തിൽ ഉത്തരം നൽകുന്നു.
നിങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ലിങ്കുകൾ നൽകുന്നതിനു പകരം, സംഗ്രഹിച്ച ഉത്തരങ്ങൾ നൽകുന്നു. ഡെസ്‌ക്‌ടോപ്പുകളിൽ വേഗത്തിലുള്ള ആക്‌സസ്സിനായി സൈഡ്‌ബാറിന്റെ ഭാഗമായി ഈ പുതിയ എഐ പവർ ബിംഗ് മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിലേക്ക് സംയോജിപ്പിക്കുന്നു. സൈഡ്‌ബാർ വെബ്‌പേജുകളെ സംഗ്രഹിക്കുകയും എഴുത്തിനുള്ള സഹായിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. അതേസമയം, എഡ്ജ് ആപ്പിന്റെ ഹോംപേജിൽനിന്നു മൊബൈൽ ഉപയോക്താക്കൾക്ക് ഇതിന്റെ പ്രിവ്യൂവിലേക്ക് ആക്സസ് ലഭിക്കുന്നു.
സ്നാപ്പ് ചാറ്റ്
വാട്സ്ആപ്പിലേക്കും മെസഞ്ചറിലേക്കും എഐ ചാറ്റ്‌ബോട്ട് കഴിവുകൾ സംയോജിപ്പിക്കാൻ മെറ്റ പദ്ധതിയിടുന്നതെയുള്ളൂ. എന്നാൽ സ്നാപ്പ് ചാറ്റ് ഇതിനകം തന്നെ മുന്നിലെത്തി, തന്റെ ആപ്പിനായി ഒരു പുതിയ ചാറ്റ്ബോട്ട് പ്രഖ്യാപിച്ചു. “മൈ ഐ” എന്ന് വിളിക്കപ്പെടുന്ന എഐ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിയ്ക് സമാനമായി പ്രവർത്തിക്കുമെങ്കിലും ഉപന്യാസങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് നഷ്‌ടപ്പെടും. പകരം, നിങ്ങൾക്ക് സമയം ചെലവഴിക്കാൻ കഴിയുന്ന ഒരു രസകരമായ ചാറ്റ്ബോട്ട് പോലെയാണിത് പ്രവർത്തിക്കുന്നത്.
“നിങ്ങളുടെ ബി എഫ് എഫിന് ജന്മദിന സമ്മാന ആശയങ്ങൾ ശിപാർശ ചെയ്യാനും ലോങ്ങ് വാരാന്ത്യത്തിൽ ഹൈക്കിങ് ട്രിപ്പ് ആസൂത്രണം ചെയ്യാനും അത്താഴത്തിന് പാചകക്കുറിപ്പ് നിർദ്ദേശിക്കാനും അല്ലെങ്കിൽ നിങ്ങളുടെ ചെഡ്ഡാർ ചീസ് പ്രിയമുള്ള സുഹൃത്തിന് ചീസിനെക്കുറിച്ച് ഒരു കുഞ്ഞി കവിത എഴുതാനും കഴിയും,” മൈ എഐ ചാറ്റ്ബോട്ടിന് വേണ്ടിയുള്ള ബ്ലോഗ് പോസ്റ്റിൽ, സ്നാപ്പ് ചാറ്റ് പറയുന്നു.
ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്ന പേര് നൽകാനും അതിന്റെ ചാറ്റ് വാൾപേപ്പർ ഇഷ്‌ടാനുസൃതമാക്കാനും കഴിയും. ഫീച്ചർ ഈ ആഴ്‌ച പുറത്തിറങ്ങുന്നു. എന്നാൽ സ്‌നാപ്ചാറ്റ് പ്ലസ് സബ്‌സ്‌ക്രൈബർമാർക്ക് പരീക്ഷണാത്മക ഫീച്ചറായി മാത്രമേ ലഭ്യമാകൂ. ഓപ്പൺഎഐയുടെ ജിപിടി സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണിതെന്ന് സ്നാപ്പ് ചാറ്റ് പറയുന്നു.
ഗൂഗിൾ
ആൻഡ്രോയിഡ് ഫോണുകളിൽ മിക്കവയിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതിനാൽ ഗൂഗിൾ ആപ്പ് ഒരു പ്രധാന ഘടകമാണ്. സെർച്ചുകളിൽ ഉടൻ തന്നെ ‘ എളുപ്പമുള്ള’ ഫോർമാറ്റുകളിൽ ഫലങ്ങൾ ഉൾപ്പെടുത്തുമെന്ന്, ഫെബ്രുവരിയിലെ ഒരു ബ്ലോഗ് പോസ്റ്റിൽ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എഴുതി. അതിനാൽ നിങ്ങൾക്ക് ” കാര്യങ്ങൾ വേഗത്തിൽ മനസിലാക്കാനും വെബിൽ നിന്നു കൂടുതൽ അറിയാനും കഴിയും.” ഇത് പവർ ചെയ്യുന്നത് ജനറേറ്റീവ് എഐയിലാണ്. ചാറ്റ്ജിപിടി പോലുള്ള ചാറ്റ്ബോട്ടുകൾക്ക് പിന്നിലുള്ള അതേ സാങ്കേതികവിദ്യയാണിത്, എന്നാൽ കൃത്യത സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.