വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പുതിയൊരു സന്തോഷ വാർത്ത. ചാറ്റിങ്ങിനും കോളിങ്ങിനും മാത്രമല്ല ഇനി പണം ട്രാൻസ്ഫർ ചെയ്യാനും വാട്സ്ആപ്പ് ഉപയോഗിക്കാം. പുതിയ ഫീച്ചർ വാട്സ്ആപ്പിൽ ഉടൻ വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഏതാനും മാസമായി കമ്പനി ഇതിന്റെ പണിപ്പുരയിലാണെന്നും വരുന്ന മാസങ്ങളിൽതന്നെ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കൾക്കായിരിക്കും ഫീച്ചർ ആദ്യം ലഭ്യമായിത്തുടങ്ങുകയെന്നും റിപ്പോർട്ടുണ്ട്.

‘വാട്സ്ആപ്പ് പേ’ എന്നായിരിക്കും പുതിയ ഫീച്ചറിന്റെ പേരെന്നാണ് സൂചന. ഫീച്ചറിന്റെ ടെസ്റ്റിങ്ങുകൾ അന്തിമഘട്ടത്തിലെന്നാണ് വിവരം. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി എന്നിവരായിരിക്കും ബാങ്ക് പാർട്നേഴ്സെന്നും റിപ്പോർട്ടുകൾ പറയുന്നു. രൂപയുടെ ചിഹന്മായിരിക്കും ട്രാൻസ്ഫർ ഓപ്ഷനായി കാണിക്കുക. യുപിഐ പിൻ നമ്പർ നൽകി ഒരൊറ്റ സ്റ്റെപ്പിലൂടെ തന്നെ ഉപയോക്താക്കൾക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ചാറ്റ് സ്ക്രീനിൽനിന്നും പുറത്തുകടക്കാതെ തന്നെ ഉപയോക്താക്കൾക്ക് പണം ട്രാൻസ്ഫർ ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത.

ചൈനയിലെ വാട്സ്ആപ്പിനു അനുസൃതമായ വീചാറ്റിൽ പണം ട്രാൻസ്ഫർ ചെയ്യാനുളള ഫീച്ചറുണ്ട്. ചൈനയിൽ ഇത് വൻവിജയമായിരുന്നു. ഇന്ത്യയിൽ വാട്സ്ആപ്പിൽ ഇത്തരമൊരു ഫീച്ചർ വന്നാൽ അത് പേടിഎം, മൊബിക്‌വിക് പോലുളള ഓൺലൈൻ പേമെന്റ് സംവിധാനങ്ങൾക്ക് വൻതിരിച്ചടിയാകുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ