കാലിഫോര്‍ണിയ: വാട്‌സ്ആപ്പില്‍ പരീക്ഷണങ്ങള്‍ ഏറെ വരുന്ന കാലഘമാണിത്. വാട്‌സ്ആപ്പിലെ ബീറ്റാപതിപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന തിരക്കിലാണ് വാട്‌സ്ആപ്പ്. ഗ്രൂപ്പ് വീഡിയോ-ഓഡിയോ കോള്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്ന് മെയ് മാസം നടന്ന കോണ്‍ഫറന്‍സിലാണ് ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുളള വാട്സ്ആപ്പ് പ്രഖ്യാപിച്ചത്. ഈ ഫീച്ചറുകളാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.

ഗ്രൂപ്പ് വീഡിയോ കോള്‍ സേവനം ലഭ്യമാകാന്‍ ബീറ്റ ടെസ്റ്റേഴ്സ് 2.18.189 പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യണം. ഗ്രൂപ്പ് ഓഡിയോ കോള്‍ 2.18.192 പതിപ്പിലാണ് ലഭ്യമാവുന്നത്. ബീറ്റ പതിപ്പില്‍ മാത്രമാണ് ഇപ്പോള്‍ ഈ ഫീച്ചറുകള്‍ ലഭ്യമാവുക. മറ്റുളളവര്‍ക്കും വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറുകള്‍ താമസിയാതെ ലഭ്യമാകും. ആദ്യം കോള്‍ ചെയ്യുന്ന ആളടക്കം നാല് പേര്‍ക്കാണ് ഗ്രൂപ്പ് ഓഡിയോ-വീഡിയോ കോളില്‍ ഒരേസമയം പങ്കെടുക്കാനാവുക. ഗൂഗിള്‍ ഡ്യുവോയിലും സ്കൈപ്പിലും നേരത്തേ ഈ ഫീച്ചറുകള്‍ ഉണ്ട്.

കോന്‍ടാക്‌ട് എടുത്ത് വീഡിയോ കോള്‍ ചെയ്‌തതിന് ശേഷം ‘Add Participants’ എന്ന ഓപ്ഷനിലാണ് മറ്റുളളവരെ ഗ്രൂപ്പ് കോളിനായി ചേര്‍ക്കേണ്ടത്. ആദ്യം കോള്‍  തുടങ്ങുന്ന ആള്‍ക്ക് മാത്രമായിരിക്കും മറ്റുളളവരെ ചേര്‍ക്കാന്‍ കഴിയുക. ഒരു ഗ്രൂപ്പ് കോളില്‍ നാല് പേര്‍ക്ക് മാത്രമാണ് ഒരേസമയം സംസാരിക്കാന്‍ കഴിയുക. വീഡിയോ കോളില്‍ നിന്നും വോയ്‌സ്‌കോളിലേക്ക് മാറാനും വോയ്‌സ്‌കോളില്‍ നിന്ന് വീഡിയോകോളിലേക്ക് മാറാനും ഗ്രൂപ്പ് കോളിനിടയിലും സാധിക്കും.

അതേസമയം വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പില്‍ ഗ്രൂപ്പ് ഓഡിയോ കോളിങ് ഫീച്ചറിനൊപ്പം ഏറെ ഉപകാരപ്രദമായ സെലക്റ്റ് ഓള്‍ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഇത് വഴി സന്ദേശങ്ങളും ചാറ്റുകളും ഒന്നിച്ച് സെലക്റ്റ് ചെയ്യാനും അവ ഒന്നിച്ച് റീഡ്/ അണ്‍റീഡ് ആക്കാനും ആര്‍ക്കൈവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും എല്ലാം സാധിക്കും. ആന്‍ഡ്രോയിഡിന്റെ 2.18.160 അപ്‌ഡേറ്റിലാണ് പുതിയ ഫീച്ചറുകളുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ