അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന ഫീച്ചറുമായി ഒടുവില്‍ വാട്‌സാപ്പ്. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്നറിയപ്പെടുന്ന ഫീച്ചര്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് ആപ്പുകളില്‍ റോള്‍ ഔട്ട് ചെയ്യുന്നുവെന്ന് WaBetaInfo എന്ന വാട്‌സാപ്പ് ഫാന്‍ സൈറ്റ് അറിയിച്ചു. ആര്‍ക്കാണോ മെസേജ് അയച്ചത് അവര്‍ മെസേജ് വായിക്കുന്നതിന് മുമ്പ്, അയച്ച് ഏഴുമിനിറ്റിനുള്ളില്‍ തന്നെ അത് ഡിലീറ്റ് ചെയ്യാന്‍ അയച്ച വ്യക്തിയെ സഹായിക്കുന്ന ഈ ഫീച്ചര്‍ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമായി തുടങ്ങിയെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മെസേജ് അയക്കുന്ന ആളും സ്വീകരിക്കുന്നയാളും വാട്‌സാപിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് ഉപയോഗിച്ചിരിക്കണം. ചിത്രങ്ങള്‍, ടെക്സ്റ്റ്, ജിഫ് ചിത്രങ്ങള്‍, വിഡിയോ എന്നിവയെല്ലാം ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അപ്‌ഡേറ്റില്‍ ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനായി പ്രത്യേക ഐക്കണ്‍ വരുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

നിങ്ങള്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകളിലേക്കോ അയക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അയച്ച മെസേജ് ഒരിക്കല്‍ ഡിലീറ്റ് ചെയ്തു കഴിഞ്ഞാല്‍ ‘ദിസ് മെസേജ് വാസ് ഡിലീറ്റഡ്’ എന്നാകും മെസേജ് ലഭിച്ചവരുടെ ചാറ്റ് ബോക്‌സില്‍ കാണുക. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം തിരഞ്ഞെടുത്ത വാട്‌സാപ്പുകളിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ഏഴ് മിനിറ്റുകള്‍ക്കകം അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പിന്നീട് അത് ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല.

അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്ത് തിരുത്തി അയക്കുന്നതിനുള്ള ഫീച്ചര്‍ പുറത്തിറക്കാനും വാട്‌സാപ്പിന് പദ്ധതിയുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഫീച്ചര്‍ നിലവിലുണ്ടെങ്കിലും അത് ഡിസേബിള്‍ഡ് ആക്കിവച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ