ന്യൂഡൽഹി: കൊറോണ ലോക്ക്ഡൗൺ കാലത്ത് വൈറസിനേക്കാൾ വേഗത്തിലാണ് വ്യാജസന്ദേശങ്ങൾ വ്യാപിക്കുന്നത്. ഈ സാഹചര്യത്തിൽ അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കമ്പനി തന്നെ. ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണ് വാട്സാപ്പ്. ആഗോള തലത്തിൽ ഇത് നടപ്പാക്കാനാണ് വാട്സാപ്പ് ഒരുങ്ങുന്നത്.

ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണം എന്നു പറയുമ്പോൾ പൂർണമായും ഇല്ലാതാക്കിയെന്ന് അർത്ഥമില്ല. അഞ്ച് പേർക്കധികം ഫോർവേഡ് ചെയ്ത ഒരു സന്ദേശം ഇപ്പോൾ നിങ്ങളുടെ ഫോണിലേക്ക് വരുകയാണെങ്കിൽ അത് നിങ്ങൾക്ക് ഒരാൾക്കുകൂടി മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കൂ. അതൊരു കോൺടാക്ടുമാകും ഒരു ഗ്രൂപ്പുമാകാം.

2019 ജനുവരി മുതൽ ഫോർവേഡ് സന്ദേശങ്ങൾ തിരിച്ചറിയുന്ന രീതിയിൽ ഫോർവേഡ് എന്ന ഐക്കൻ കൊടുക്കുന്നുണ്ട്.

ലോകം മുഴുവൻ മഹാമാരിയെ നേരിടുമ്പോൾ വാട്സാപ്പ് ഉൾപ്പടെയുള്ള മെസേജിങ് പ്ലാറ്റ്ഫോമുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും നിരവധി വ്യാജ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥയിലുള്ള വാട്സാപ്പ് പുതിയ നടപടിക്കൊരുങ്ങുന്നത്.

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ വാട്സാപ് വഴി പൊതു ജനങ്ങളിലേക്ക് വിവരങ്ങൾ അറിയിക്കുന്നതിന് ലോകാരോഗ്യ സംഘടനയും സൗകര്യമൊരുക്കിയിട്ടുണ്ട്. കൊറോണ വൈറസിനെക്കുറിച്ചുള്ള പൊതുജനങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് പദ്ധതി. സർക്കാർ ഉദ്യോഗസ്ഥർക്ക് ഉൾപ്പടെ ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook