സ്വകാര്യതാനയം പുതുക്കിയതിന് പിറകെ വാട്സ്ആപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വർധിക്കുകയാണ്. മാതൃ കമ്പനിയായ ഫെയ്‌സ്ബുക്കുമായി ഡാറ്റ പങ്കിടുന്നതിനെക്കുറിച്ചാണ് വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിൽ പറയുന്നത്. പുതിയ നയവും സേവന നിബന്ധനകളും 2021 ഫെബ്രുവരി 8 നകം ഉപഭോക്താക്കൾ സ്വീകരിക്കുകയോ അല്ലെങ്കിൽ അവരുടെ അക്കൗണ്ട് ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരുമെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് വാട്സ്ആപ്പ് ഉപേക്ഷിക്കുന്നതടക്കമുള്ള നടപടികൾ ഉപഭോക്താക്കൾ സ്വീകരിക്കുകയും ചെയ്യുന്നു.

അതേ സമയം വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം സംബന്ധിച്ച് അസത്യമായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. വാട്സ്ആപ്പ് ഉപയോഗിച്ചാണ് ഉപഭോക്താക്കൾ ഇത്തരം വിവരങ്ങൾ കാര്യമായി പ്രചരിക്കുന്നതെന്നതാണ് ഇത് സംബന്ധിച്ച രസകരമായ ഒരുകാര്യം. ഇത്തരത്തിൽ പ്രചരിക്കുന്ന ചില വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പരിശോധിക്കാം.

Read More: മാറാൻ തയാറല്ലെങ്കിൽ ഫെബ്രുവരി എട്ടിന് വാട്സാപ് അക്കൗണ്ട് നഷ്ടപ്പെടും

1- വാട്ട്‌സ്ആപ്പ് ഇപ്പോൾ എന്റെ സന്ദേശങ്ങൾ ഫേസ്ബുക്കുമായി പങ്കിടുന്നുണ്ടോ?

ഉത്തരം: ഇല്ല.

വിശദീകരണം: വ്യക്തിഗത ചാറ്റുകളെ വാട്ട്‌സ്ആപ്പ് കൈകാര്യം ചെയ്യുന്ന രീതി പുതിയ നയത്തിൽ മാറുന്നില്ല. അത് മുൻപുള്ളത് പോലെ എൻഡ് ടു എൻഡ് എൻക്രിപ്ഷനോടെ രഹസ്യമായി തന്നെ അയക്കാവുന്നതാണ്. അതിനാൽ നിങ്ങൾക്കും നിങ്ങൾ സന്ദേശം അയച്ച ആൾക്കും അല്ലാതെ മറ്റൊരാൾക്ക് ഇപ്പോഴും നിങ്ങളുടെ ചാറ്റുകൾ വായിക്കാൻ കഴിയില്ല. “സാധാരണ ഗതിയിൽ നിങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങൾ നൽകുമ്പോൾ നിങ്ങളുടെ സന്ദേശങ്ങൾ ഞങ്ങൾ സൂക്ഷിക്കുന്നില്ല. പകരം, നിങ്ങളുടെ സന്ദേശങ്ങൾ സാധാരണയായി നിങ്ങളുടെ ഉപകരണത്തിൽ തന്നെയാണ് സംഭരിക്കുക, ഞങ്ങളുടെ സെർവറുകളിൽ സംഭരിക്കില്ല. നിങ്ങളുടെ സന്ദേശങ്ങൾ അത് സ്വകരിക്കുന്ന ആൾക്ക് ലഭിച്ച് കഴിഞ്ഞാൽ, അവ ഞങ്ങളുടെ സെർവറുകളിൽ നിന്ന് ഇല്ലാതാക്കപ്പെടും,” വാട്ട്‌സ്ആപ്പിന്റെ നയത്തിൽ പറയുന്നു.

“എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിക്കുന്നതിനാൽ, ഞങ്ങൾക്ക് നിങ്ങളുടെ സ്വകാര്യ ചാറ്റുകളോ കോളുകളോ കാണാൻ കഴിയില്ല, മാത്രമല്ല ഫേസ്ബുക്കിനും കഴിയില്ല. ഞങ്ങൾ ഈ സാങ്കേതികവിദ്യയിൽ പ്രതിജ്ഞാബദ്ധരാണ്, മാത്രമല്ല ആഗോളതലത്തിൽ അതിനായി നിലകൊള്ളാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” വാട്‌സ്ആപ്പ് മേധാവി വിൽ കാത്‌കാർട്ട് ട്വിറ്ററിൽ കുറിച്ചു

Read More: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിങ്ങളെ ബാധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

പലരും ഇപ്പോൾ വാട്സ്ആപ്പിന് പകരം ഉപയോഗിക്കാൻ പരിഗണിക്കുന്ന ആപ്ലിക്കേഷനായ സിഗ്നലിന്റെ അതേ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ പ്രോട്ടോക്കോൾ ആണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത്.

2- വാട്ട്‌സ്ആപ്പ് എന്റെ ലൊക്കേഷൻ ഫേസ്ബുക്കുമായി പങ്കിടുന്നുണ്ടോ?

ഉത്തരം: ഏകദേശ ലൊക്കേഷൻ വിവരങ്ങൾ മാത്രം.

വിശദീകരണം: വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ലൊക്കേഷനുകൾ വീണ്ടും അയച്ചയാൾക്കും സ്വീകർത്താവിനും ഇടയിൽ മാത്രമായി സംരക്ഷിച്ചിരിക്കുന്നു. അതിനാൽ, നിങ്ങളുടെ തത്സമയ ലൊക്കേഷൻ ഒരു സുഹൃത്തുമായി പങ്കിടുകയാണെങ്കിൽ, ആ വിവരങ്ങൾ ഫേസ്ബുക്കിലേക്ക് കൈമാറില്ല. എന്നിരുന്നാലും, നിങ്ങളുടെ ഫോൺ നമ്പറിൽനിന്നും ഐപി വിലാസവത്തിൽ നിന്നും ലഭിക്കുന്ന ഏകദേശ ലൊക്കേഷൻ ഡാറ്റ വാട്ട്‌സ്ആപ്പ് ശേഖരിക്കുന്നുണ്ട്. അത് അപ്ലിക്കേഷന് ഫെയ്സ്ബുക്കുമായി പങ്കിടാൻ കഴിയുന്ന ഒരു ഡാറ്റയാണ് എന്ന കാര്യം ശ്രദ്ധിക്കുക.

The content you share with your friends, family and colleagues over WhatsApp in the form of pictures, videos and audio files are a part of your chat history and remain end-to-end encrypted.

3- ഞാൻ അപ്ലിക്കേഷനിൽ പങ്കിട്ട മീഡിയ ഫയലുകളും മറ്റ് ഉള്ളടക്കങ്ങളും ഇപ്പോൾ വാട്ട്‌സ്ആപ്പിന് സ്വന്തമാണോ?

ഉത്തരം: അല്ല.

വിശദീകരണം: ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ഫയലുകൾ എന്നിവയുടെ രൂപത്തിൽ വാട്‌സ്ആപ്പിലൂടെ നിങ്ങളുടെ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എന്നിവരുമായി നിങ്ങൾ പങ്കിടുന്ന ഉള്ളടക്കം നിങ്ങളുടെ ചാറ്റ് ഹിസ്റ്ററിയുടെ ഭാഗമാണ്, മാത്രമല്ല നിങ്ങളുടെ ടെക്സ്റ്റ് സന്ദേശങ്ങൾ പോലെ തന്നെ അവ എൻഡ് ടു എൻഡ് എൻക്രിപ്റ്റായി തുടരുകയും ചെയ്യും.

Read More: Signal Messenger: ‘സിഗ്നൽ’ മെസഞ്ചർ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമോ? അറിയേണ്ടതെല്ലാം

ഇത്തരം സന്ദേശങ്ങൾ അയയ്‌ക്കുമ്പോൾ, വാട്ട്‌സ്ആപ്പ് താൽക്കാലികമായി മാത്രമേ മീഡിയ ഫയലുകളെ അവരുടെ സെർവറുകളിൽ സംഭരിക്കുകയുള്ളൂ. ഇമേജ് / വീഡിയോ / ഓഡിയോ രൂപത്തിലുള്ള ഫയലുകൾ അത് സ്വീകരിക്കേണ്ട ആളുടെ ഫോണിലോ മറ്റ് ഉപകരണത്തിലോ എത്തിക്കഴിഞ്ഞാൽ, അത് അയച്ചയാളുടെയും സ്വീകരിച്ചയാളുടെയും ഉപകരണങ്ങളിൽ മാത്രമേ നിലനിൽക്കൂ, വാട്ട്‌സ്ആപ്പിന്റെ സെർവറുകളിൽ നിലനിൽക്കില്ല.

“ഒരു ഉപയോക്താവ് ഒരു സന്ദേശത്തിന്റെ ഭാഗമായി മീഡിയ ഫോർ‌വേർ‌ഡുചെയ്യുമ്പോൾ‌, കൂടുതൽ‌ കൂടുതൽ ഫോർ‌വേഡുകൾ‌‌ കാര്യക്ഷമമായി എത്തിക്കുന്നതിന് സഹായിക്കുന്നതിനായി ഞങ്ങൾ‌ ആ മീഡിയയെ താൽ‌ക്കാലികമായി എൻ‌ക്രിപ്റ്റ് ചെയ്ത രൂപത്തിൽ‌ ഞങ്ങളുടെ സെർ‌വറുകളിൽ‌ സംഭരിക്കുന്നു,” എന്ന് പുതിയ നയം പറയുന്നു.

4- വാട്ട്‌സ്ആപ്പ് പരസ്യങ്ങൾ കാണിക്കുമോ?

ഉത്തരം: ഇപ്പോൾ ഇല്ല.

വിശദീകരണം: വാട്ട്‌സ്ആപ്പ് ഒരു പരസ്യമില്ലാത്ത മെസെഞ്ചർ സേവനമായി തുടരും. എന്നിരുന്നാലും, ഭാവിയിൽ എപ്പോഴെങ്കിലും ഈ പ്ലാറ്റ്‌ഫോമിലേക്ക് പരസ്യങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

“ഞങ്ങളുടെ സേവനങ്ങളിൽ തേഡ് പാർട്ടി ബാനർ പരസ്യങ്ങൾ ഞങ്ങൾ ഇപ്പോഴും അനുവദിക്കുന്നില്ല. അവ അവതരിപ്പിക്കാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല, പക്ഷേ ഞങ്ങൾ എപ്പോഴെങ്കിലും ചെയ്താൽ, ഞങ്ങൾ ഈ സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്യും,” പുതിയ നയത്തിൽ പറയുന്നു.

സ്റ്റോറീസ് / സ്റ്റാറ്റസ് സവിശേഷതയിൽ വാട്ട്‌സ്ആപ്പ് പരസ്യങ്ങൾ ചേർക്കുമെന്ന് മുമ്പ് റിപ്പോർട്ടുചെയ്‌തിരുന്നു, എന്നാൽ ആ പദ്ധതി ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. ധന സമ്പാദന പദ്ധതികൾ കണ്ടെത്തുന്നതിനായി ഉപയോക്താക്കളെ ബിസിനസ്സുകളുമായി ബന്ധിപ്പിക്കുന്നതിൽ വാട്ട്‌സ്ആപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് തോന്നുന്നത്.

5- വാട്ട്‌സ്ആപ്പ് എന്റെ ഓഡിയോ / വീഡിയോ കോളുകൾ റെക്കോർഡുചെയ്യുമോ?

ഉത്തരം: ഇല്ല.

വിശദീകരണം: വാട്ട്‌സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകൾ റെക്കോഡ് ചെയ്യുകയോ കേൾക്കുകയോ ചെയ്യുന്നില്ല. ടെക്സ്റ്റ് സന്ദേശങ്ങളിലും ഓഡിയോ വീഡിയോ സന്ദേശങ്ങളിലും ചെയ്യുന്നത് പോലെ ഈ വോയ്‌സ്, വീഡിയോ കോളുകളും എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണ്. കോൾ ചെയ്യുന്ന ആളുകൾക്ക് മാത്രമാണ് കോളുകളിൽ പറയുന്ന കാര്യങ്ങൾ കോളുകൾ അറിയാനാവുക, വാട്സ്ആപ്പിനോ മൂന്നാം കക്ഷികൾക്കോ ആ വിവരങ്ങൾ അറിയാനാവില്ല.

6- വാട്ട്‌സ്ആപ്പ് എന്റെ സന്ദേശങ്ങൾ സംഭരിക്കുന്നുണ്ടോ?

ഉത്തരം: ഇല്ല. ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ ആപ്പിൾ ഐക്ലൗഡ് പോലുള്ള തേഡ് പാർട്ടി സേവനത്തെ സന്ദേശങ്ങൾ ബാക്കപ്പ് ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. വാട്ട്‌സ്ആപ്പ് ഈ സന്ദേശങ്ങൾ സംഭരിക്കുന്നില്ല.

Read More: വാട്സ്ആപ്പിനെക്കുറിച്ചോർത്ത് ആശങ്കയിലാണോ? മൂന്ന് ബദൽ മെസഞ്ചർ ആപ്പുകൾ പരിചയപ്പെടാം

വിശദീകരണം: ഞങ്ങൾ മുകളിൽ സൂചിപ്പിച്ചതുപോലെ, വാട്ട്‌സ്ആപ്പ് നിങ്ങളുടെ ടെക്സ്റ്റ് സന്ദേശങ്ങളും മറ്റ് മീഡിയ ഫയലുകളും സ്വന്തം സെർവറുകളിൽ പോലും സംഭരിക്കില്ല. അവ നിങ്ങളുടെ സ്വന്തം ഉപകരണത്തിൽ ഓഫ്‌ലൈനിൽ മാത്രമേ സംഭരിക്കൂ. അതുകൊണ്ടാണ് നിങ്ങൾ ഒരു പുതിയ ഫോണിൽ വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ, ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് മെസഞ്ചറിലേത് പോലെ നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി ഇൻസ്റ്റാൾ ചെയ്ത ലോഗ് ഇൻ ചെയ്ത ഉടൻ തന്നെ ലഭ്യമാവാത്തത്.

എന്നിരുന്നാലും, ഗൂഗിൾ ഡ്രൈവിലോ ഐ ക്ലൗഡിലോ നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ നിങ്ങൾ ബാക്കപ്പ് ചെയ്യുകയാണെങ്കിൽ, അവ ഗൂഗിൾ അല്ലെങ്കിൽ ആപ്പിൾ പോലുള്ള ഒരു മൂന്നാം കക്ഷി കമ്പനിയുടെ കൈയിലേക്കാണ് നൽകുക. അപ്പോഴും എൻ‌ക്രിപ്റ്റ് ചെയ്ത ഡാറ്റയായാണ് അത് സംഭരിക്കപ്പെടുക. നിങ്ങളുടെ സന്ദേശങ്ങളുടെ സുരക്ഷയെക്കുറിച്ച് നിങ്ങൾ ശരിക്കും സംശയിക്കുന്നുവെങ്കിൽ, ഒരുപക്ഷേ ഡാറ്റ ബാക്കപ്പ് ചെയ്യാതിരിക്കുക എന്നതാവും ഏറ്റവും മികച്ച മാർഗം.

നിങ്ങൾ ഇപ്പോഴും വാട്ട്‌സ്ആപ്പ് ഉപയോഗിക്കണോ?

മേൽപ്പറഞ്ഞ എല്ലാ തെറ്റിധാരണകളിലും ധാരണ വരുത്തിയാലും, വാട്ട്‌സ്ആപ്പുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കുള്ള വലിയ പ്രശ്‌നം അതിന്റെ മാതൃ കമ്പനിയായ ഫെയ്‌സ്ബുക്കിനെക്കുറിച്ചുള്ള വിശ്വാസക്കുറവാണ്. സ്വകാര്യതാ നടപടികളുമായി ബന്ധപ്പെട്ട് ഒരു മികച്ച ചരിത്രം പറയാനില്ല എന്നത് ഫെയ്സ്ബുക്കിനെക്കുറിച്ചുള്ള സംശയത്തിന് കാരണമാവുന്നു.

പുതിയ സ്വകാര്യത നിബന്ധനകൾ അംഗീകരിക്കുന്നത് വാട്സ്ആപ്പ് ഇപ്പോൾ നിർബന്ധിതമാക്കിയിരിക്കുന്നതിനാൽ അത് സ്വകാര്യതയെക്കുറിച്ച് ആശങ്കയുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അകറ്റിയേക്കാം. യൂറോപ്യൻ യൂണിയനിൽ മാത്രമാണ് വാട്‌സ്ആപ്പ് അവരുടെ ഡാറ്റ ഫേസ്ബുക്കുമായി പങ്കിടുന്നതിന് നിയമപരമായി വിലക്കുള്ളത്.

ഇപ്പോൾ നിലവിലുള്ള എല്ലാ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കും മുന്നിൽ രണ്ട് കാര്യങ്ങളാണ് തിരഞ്ഞെടുക്കുന്നതിനായി വാട്സ്ആപ്പ് മുന്നോട്ട് വയ്ക്കുന്നത്. ഒന്നാമത്തേത്, വാട്സ്ആപ്പിൽ തന്നെ ഉറച്ചുനിൽക്കുകയും വാട്ട്‌സ്ആപ്പോ അല്ലെങ്കിൽ മറ്റേതെങ്കിലും ആപ്ലിക്കേഷനോശേഖരിക്കുന്ന ഡാറ്റ അനുമതിയില്ലാതെ ദുരുപയോഗം ചെയ്യുകയോ പങ്കിടുകയോ ചെയ്യുന്നത് തടയുന്ന നിയമം രാജ്യത്ത് നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുക എന്നതാണ്. രണ്ടാമത്തേത് വൻകിട ടെക് കമ്പനികളല്ലാത്ത, ഡാറ്റ ശേഖരണ രീതികൾ പാലിക്കാൻ നിർബന്ധിതരാവുന്ന സ്ഥാപനങ്ങൾ നിർമിച്ച മറ്റേതെങ്കിലും ആപ്പ് വാട്സ്ആപ്പിന് പകരം ഉപയോഗിക്കുക എന്നതും.

തയ്യാറാക്കിയത്:ചേതൻ നായക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook