വാട്‌സ്ആപ്പ് ഉൾപ്പടെയുള്ള ഓവർ ദി ടോപ്പ് (OTT) സേവനദാതാക്കളെ നിയന്ത്രിക്കാൻ ഒരുങ്ങി ട്രായ്. ഇത്തരം പ്ലാറ്റ് ഫോമുകളിൽ നിയമപരമായ ഇടപെടൽ നടത്താനുദ്ദേശിച്ച് പ്രക്ഷേപണ മന്ത്രാലയത്തിനു നൽകാനുള്ള ശുപാർശകൾ തയാറാക്കുകയാണു ട്രായ്.
വാർത്താ പ്രക്ഷേപണ മന്ത്രാലയം ശുപാർശകൾ അംഗീകരിച്ചാൽ വാട്സ്ആപ്പിലും മറ്റു സമാന ആപ്ലിക്കേഷനുകളിലും അയയ്ക്കുന്ന സന്ദേശങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും ഇടപെടാനും അന്വേഷണ ഏജൻസികൾക്കു സാധിക്കും. സന്ദേശങ്ങൾ ആക്‌സസ് ചെയ്യുന്നതിനായി ആഗോളതലത്തിൽ സേവന ദാതാക്കളിൽ സമ്മർദം വർധിച്ചുകൊണ്ടിരിക്കുന്ന സമയത്താണു ട്രായിയുടെ നീക്കം.
“നിലവിൽ വാട്സ്ആപ്പിലും മറ്റ് ഓവർ ദി ടോപ്പ് (OTT) സേവനദാതാക്കളിലും നിയമപരമായ ഇടപെടൽ സാധ്യമല്ല. അന്വേഷണ ഏജൻസികളുടെ ഇടപെടലുകൾ സംബന്ധിച്ച അഭ്യർത്ഥനകളെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണെന്നു പറഞ്ഞ് തള്ളിക്കളയുകയാണു സേവന ദാതാക്കൾ. ഇതുസംബന്ധിച്ച് രാജ്യാന്തര തലത്തിലുള്ള നടപടികളെക്കുറിച്ച് പഠിച്ചുവരികയാണ്. പുറത്ത് എങ്ങനെയാണോ അതേ സേവനങ്ങൾ ഇന്ത്യൻ സർക്കാരിനും ലഭ്യമാകണം,” മുതിർന്ന ട്രായ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
എൻക്രിപ്റ്റഡ് സന്ദേശങ്ങൾ അയയ്ക്കുന്നതിലെ ഇടപെടലുകൾ സംബന്ധിച്ച് അമേരിക്കൻ നിയമ വകുപ്പ് വാദം ഉന്നയിച്ചിരുന്നു. ബ്രിട്ടീഷ്, ഓസ്ട്രേലിയൻ സർക്കാരുകൾക്കൊപ്പം ചേർന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് അമേരിക്കയും കത്തയച്ചിരുന്നു. പ്രധാന കുറ്റാന്വേഷണ കേസുകളിൽ ഉൾപ്പെടെ സർക്കാരിന് ഇടപെടൽ സാധിക്കാത്ത തരത്തിൽ സിസ്റ്റം ഡിസൈൻ ചെയ്യരുതെന്നായിരുന്നു കത്തിലെ ആവശ്യം.
Read Here: സാംസങ് വാർഷിക സെയിൽ: 29,999 രൂപയ്ക്ക് സാംസങ് ഗ്യാലക്സി എസ് 9 വാങ്ങാം