ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്കായി പുതിയ സ്റ്റിക്കറുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. സ്മൈലിങ്, ടീകപ്പ്, ക്രൈയിങ്, ബ്രോക്കൺ ഹാർട്ട് തുടങ്ങിയ സ്റ്റിക്കറുകളാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പിന്റെ ഔദ്യോഗിക ഡിസൈനർമാരും പുറത്തുനിന്നുള്ള ഡിസൈനർമാർ ഒരുക്കിയ സ്റ്റിക്കറുകളും വാട്സ്ആപ്പ് അവതരിപ്പിച്ച കൂട്ടത്തിലുണ്ട്. ലോകമെമ്പാടുമുള്ള ചിത്രകാരൻമാരുടെ സേവനവും ഇതിനായ് വാട്സ്ആപ്പ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഇമോജികളും, സ്റ്റാറ്റസ്, ക്യാമറ, അനിമേറ്റഡ് ജിഫ് എന്നിങ്ങനെ വാട്സ്ആപ്പ് ഉപയോഗം രസകരവും എളുപ്പവുമാക്കാനാണ് ശ്രമം. സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ഇടയിൽ ഉണ്ടാകുന്ന ആശയവിനിമയം കൂടുതൽ രസകരമാക്കുന്ന തരത്തിലാണ് പുതിയ സ്റ്റിക്കറുകൾ അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പ് അധികൃതർ ബ്ലോഗിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും ഐഒഎസ് ഉപഭോക്താക്കൾക്കും പുതിയ സ്റ്റിക്കറുകൾ ലഭ്യമാണ്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് വാട്സ്ആപ്പിന്റെ പുതിയ വെർഷനായ 2.18.329-ലേക്ക് അപ്ഡേറ്റ് ചെയ്യാനാകും. ഐഒഎസ് ഉപഭോക്താക്കൾക്ക് 2.18.100 വെർഷനിലേക്കും അപ്ഡേറ്റ് ചെയ്യാനാകും. 12 സ്റ്റിക്കർ പാക്കാണ് സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുക. ഒരിക്കൽ ഈ സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്താൽ ഓഫ്ലൈനായും ഈ സ്റ്റിക്കറുകൾ ഉപയോഗിക്കാനാകും. ഫെയ്സ്ബുക്ക് എഫ് 8 വാർഷിക സമ്മേളനത്തിലാണ് പുതിയ സ്റ്റിക്കർ അവതരിപ്പിക്കുമെന്ന് വാട്സ്ആപ്പ് പ്രഖ്യാപിച്ചത്.
സ്റ്റിക്കറുകൾ ഉപയോഗിക്കേണ്ട വിധം
* ചാറ്റ് ചെയ്യുമ്പോൾ കീബോർഡ് തുറക്കുക. അപ്പോൾ പുതിയ സ്റ്റിക്കർ ബട്ടൺ കാണാനാകും.
* സ്റ്റിക്കർ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ സ്റ്റിക്കർ സ്റ്റോർ തുറക്കും
* കൂടാതെ +ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും
* സ്റ്റോറിൽ നിന്ന് ഇഷ്ടമുള്ള സ്റ്റിക്കർ പാക്ക് ഡൗൺലോഡ് ചെയ്യുക
* ഡൗൺലോഡ് ചെയ്തതിന് ശേഷം ഇഷ്ടമുള്ള സ്റ്റിക്കറിൽ ക്ലിക്ക് ചെയ്താൽ ആ സ്റ്റിക്കർ അയയ്ക്കാൻ കഴിയും
* വാട്സ്ആപ്പ് വെബിൽ നിന്നും സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്യാനാകും
* ഫേവറേറ്റ് ടാബ് സൗകര്യവും വാട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഇഷ്ടമുളള സ്റ്റിക്കറുകൾ പ്രത്യേകമായ് സേവ് ചെയ്ത് വയ്ക്കാനുമാകും.
* ഹിസ്റ്ററി ടാബ് നേരത്തെ ഉപയോഗിച്ച സ്റ്റിക്കറുകൾ കാണിച്ചു തരും.