ന്യൂഡൽഹി: വാട്സാപ്പിന്റെ സ്വകാര്യത നയം അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. കമ്പനിയുടെ വിശ്വാസ്യതയ്ക്ക് തന്നെ വലിയ തിരിച്ചടിയായ സംഭവത്തിൽ സ്റ്റാറ്റസിലൂടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കമ്പനി. ഓരോ ഉപഭോക്താവിന്റെയും സ്റ്റാറ്റസ് സെക്ഷനിലാണ് വാട്സാപ്പ് പ്രത്യേക സന്ദേശം പ്രദർശിപ്പിച്ചിരിക്കുന്നത്.
Also Read: സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തണം: ഐടി മന്ത്രാലയം വാട്സ്ആപ്പിന് കത്തയച്ചു
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സ്വകാര്യ സംഭാഷണങ്ങൾ സുരക്ഷിതമായിരിക്കുമന്നും കമ്പനി വ്യക്തമാക്കുന്നു. നാല് സ്റ്റാറ്റസുകളാണ് തങ്ങളുടെ പുതിയ നയം വ്യക്തമാക്കാൻ കമ്പനി ഓരോ ഉപഭോക്താവിന്റെയും സ്റ്റാറ്റസ് സെക്ഷനിൽ ഉപയോഗിച്ചിരിക്കുന്നത്.
മെസേജുകൾ എൻക്രിപ്റ്റ് ചെയ്യുന്നതിനാൽ ആരുടെയും സ്വകാര്യ സംഭാഷണങ്ങൾ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും വാട്ട്സ്ആപ്പിന്റെ സ്റ്റാറ്റസ് പറയുന്നു. വാട്ട്സ്ആപ്പിന് നിങ്ങൾ ഷെയർ ചെയ്ത ലൊക്കേഷൻ കാണാൻ കഴിയില്ല. വാട്സാപ് നിങ്ങളുടെ കോൺടാക്റ്റുകൾ ഫെയ്സ്ബുക്കുമായി പങ്കിടുന്നില്ലെന്നും സ്റ്റാറ്റസിന്റെ മൂന്നാമത്തെയും നാലാമത്തെയും സ്ലൈഡിൽ പറയുന്നുണ്ട്.
Also Read: വേണ്ടെങ്കിൽ വാട്സാപ് ഉപേക്ഷിക്കൂ; സ്വകാര്യതാനയം ചോദ്യം ചെയ്ത ഹർജിക്കാരനോട് കോടതി
അതേസമയം വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിൽ മാറ്റം വരുത്താൻ കമ്പനിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഏകപക്ഷീയമായ മാറ്റങ്ങൾ ന്യായമല്ലെന്നും സ്വീകാര്യമല്ലെന്നും മെസേജിംഗ് ആപ്പിന്റെ സ്വകാര്യതാ നയത്തിലെ സമീപകാല മാറ്റങ്ങൾ പിൻവലിക്കണമെന്നും സർക്കാർ വാട്ട്സാപ്പിനോട് ആവശ്യപ്പെട്ടു.