ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സാപ്പ്. അതുകൊണ്ട് തന്നെ ഓരോ ദിവസവും ഉപയോക്താക്കളെ കൂടുതൽ തൃപ്തിപ്പെടുത്തുന്ന ഫീച്ചറുകൾ അവതരിപ്പിക്കാൻ കമ്പനിയും ശ്രദ്ധിക്കാറുണ്ട്. നിലവിലുള്ള ഫീച്ചറുകളിൽ അപ്ഡേഷനുകൾ നടത്തിയും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചും പലപ്പോഴും വാട്സാപ്പ് ഉപയോക്താക്കളെ ഞെട്ടിക്കാറുണ്ട്. അത്തരത്തിൽ വീണ്ടും ടെക് ലോകത്ത് വാർത്തകളിൽ ഇടം പിടിക്കുകയാണ് വാട്സാപ്പ്.
നേരത്തെ ഡെസ്ക്ടോപ്പ്/വെബ് പ്ലാറ്റ്ഫോമുകളിൽ വോയ്സ്-വീഡിയോ കോൾ ഫീച്ചർ അവതരിപ്പിച്ച ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് പുതിയതായി മിസ് ചെയ്ത കോളിൽ ചെയ്യാനുള്ള ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതോടൊപ്പം ഒന്നിലധികം ഫൊട്ടോകളും വീഡിയോകളും പേസ്റ്റ് ചെയ്യാനുള്ള ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സാപ്പ്.
നിങ്ങൾ എന്തെങ്കിലും കാരണത്താൽ മിസ് ചെയ്ത കോളിൽ ജോയിൻ ചെയ്യാൻ സാധിക്കുന്ന ഫീച്ചർ വൈകാതെ തന്നെ വാട്സാപ്പിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. വ്യക്തമായി പറഞ്ഞാൽ നിങ്ങളുടെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ നിങ്ങളെ ഗ്രൂപ്പ് കോൾ ചെയ്യുകയും എന്നാൽ നിങ്ങൾക്ക് എടുക്കാൻ സാധിക്കാത്ത അവസ്ഥയുമായിരുന്നെന്ന് കരുതുക. ആ കോൾ അവസാനിച്ചില്ലെങ്കിൽ നിങ്ങൾക്ക് കോളിൽ ജോയിൻ ചെയ്യാൻ സാധിക്കും.
ഒക്ടോബർ മാസം മുതൽ ആൺഡ്രോയ്ഡിൽ ലഭ്യമായി കഴിഞ്ഞ ഫീച്ചർ വൈകാതെ തന്നെ ഐഒഎസ് പ്ലാറ്റ്ഫോമിലുമെത്തുമെന്നാണ് കരുതുന്നത്. ആഗോളതലത്തിൽ 200 കോടി ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പ് അതിന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്ക് ഇൻകോർപറേഷൻറെ രണ്ടാമത്തെ പ്രധാന ആപ്ലിക്കേഷനാണ്. സൂം അല്ലെങ്കിൽ ഗൂഗിൾ മീറ്റിൽ നിന്ന് വ്യത്യസ്തമായി വ്യക്തിഗത കോളുകൾക്കായാണ് വാട്സ്ആപ്പ് കൂടുതലായി ഉപയോഗിക്കുന്നത്.
ഒന്നിലധികം ഫൊട്ടോകളും വീഡിയോകളും ഒന്നിച്ച് വാട്സാപ്പിൽ പേസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറും വൈകാതെ എത്തുമെന്നാണ് കരുതുന്നത്. നിങ്ങൾക്ക് ആവശ്യമുള്ള കണ്ടെന്റ് കോപ്പി ചെയ്ത ശേഷം ചാറ്റ് ബാറിൽ പേസ്റ്റ് ചെയ്താൽ മതിയാകും.