/indian-express-malayalam/media/media_files/uploads/2021/05/WhatsApp-1-1.jpg)
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് വാട്സാപ്പ് ഹൈക്കോടതിയെ സമീപിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ നല്‍കിയിരുന്ന അവസാന തിയതിയായ ഇന്നലെയാണ് പുതിയ നീക്കം.
ജസ്റ്റിസ് കെഎസ് പുട്ടസ്വാമിയും ഇന്ത്യാഗവൺമെന്റും തമ്മിലുള്ള 2017 ലെ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് വാട്സാപ്പിന്റെ വാദം. സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തെണമെന്നുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നും സ്വകാര്യതയ്ക്കുള്ള ജനങ്ങളുടെ മൗലികാവകാശത്തിന് എതിരാണെന്നും വാട്സാപ്പ് വ്യക്തമാക്കി. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനും പ്രാബല്യത്തിൽ വരുന്നത് തടയാനും വാട്സാപ്പ് ആവശ്യപ്പെട്ടു.
"ചാറ്റുകളുടെ ഉറവിടം കണ്ടെത്താന്‍ അപ്ലിക്കേഷനുകളോട് നിര്‍ദേശിക്കുന്നത് അയയ്‌ക്കുന്ന ഓരോ സന്ദേശത്തിന്റെയും വിരലടയാളം സൂക്ഷിക്കാൻ ആവശ്യപ്പെടുന്നതിന് തുല്യമാണ്. മറ്റുള്ളവര്‍ക്ക് മനസിലാകാത്ത രീതിയിലാണ് മെസേജുകളുടെ കോഡുകള്‍ ക്രമീകരിച്ചിരിക്കുന്നത്, ഇത്തരം നടപടി സ്വീകരിച്ചാല്‍ അത് തകര്‍ക്കപ്പെടും. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെടും," വാട്സാപ്പ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു.
Also Read: നിലപാടിൽ മാറ്റവുമായി വാട്സാപ്പ്; സവിശേഷതകൾ പരിമിതപ്പെടുത്തില്ല
"ഉപയോക്താക്കളുടെ സ്വകാര്യത ഇല്ലാതാക്കുന്ന കാര്യങ്ങളെ എതിര്‍ക്കുന്നതില്‍ പൗരന്മാര്‍ക്കും വിദഗ്ധര്‍ക്കും ഒപ്പമാണ് ഞങ്ങള്‍. അതേസമയം, ജനങ്ങളുടെ സുരക്ഷയുറപ്പാക്കുന്നതിനായി പ്രയോഗികമായിട്ടുള്ള നടപടികളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നത് തുടരും. നിയമപരമായ കാര്യങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളിലും സഹകരിക്കും," വാട്സാപ്പ് വക്താവ് അറിയിച്ചു.
ഉപയോക്താക്കള്‍ മറ്റ് വെബ്സൈറ്റുകളില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും കോപ്പി ചെയ്താണ് പല മെസേജുകളും അയക്കുന്നത്. അതുകൊണ്ടു തന്നെ ഉറവിടം കണ്ടെത്തുക എന്നത് അസാധ്യമാണ്. വൻതോതിൽ നൽകിയ ഡാറ്റയെ തകർക്കുന്നതിനെ തടയുന്ന തരത്തിൽ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തൽ നടപ്പാക്കാനാവില്ലെന്നും അത്തരം കാര്യങ്ങള്‍ പുതിയ കേടുപാടുകൾ സൃഷ്ടിക്കുകയും അവ സുരക്ഷിതത്വം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വാട്സാപ്പ് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മാര്‍ഗരേഖ നടപ്പാക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് നല്‍കിയ മൂന്നുമാസത്തെ സമയം ഇന്നലെ അവസാനിച്ചിരുന്നു. ഫെബ്രുവരി 25 നാണ് കേന്ദ്രസര്‍ക്കാര്‍ 'വിവരസാങ്കേതികവിദ്യാ ചട്ടം' കൊണ്ടുവന്നത്. യൂടൂബ്, വാട്സാപ്പ്, ഫേസ്ബുക്ക് എന്നി ആപ്പുകള്‍ക്ക് മൂന്ന് മാസത്തെ സാവകാശം നല്‍കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.