200 കോടിയിലധികം ഉപയോക്താക്കളുള്ള, ലോകത്തിലെ ഏറ്റവും ജനപ്രിയ ഇൻസ്റ്റന്റ് സന്ദേശം അയയ്ക്കുന്ന പ്ലാറ്റ്‌ഫോമുകളിലൊന്നാണു വാട്സ്ആപ്പ്. ഏറ്റവും കൂടുതൽ അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ആപ്പുകളിൽ ഒന്നുമാണിത്.
ആപ്പിളിന്റെ ഐമെസേജ് ആപ്പിൽ എഡിറ്റിങ് എങ്ങനെ പ്രവർത്തിക്കുന്നുവോ അതുപോലെ, സന്ദേശങ്ങൾ അയച്ച് 15 മിനിറ്റ് വരെ എഡിറ്റ് ചെയ്യാൻ കഴിയുന്ന ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായാണു വാബിറ്റാഇൻഫോയുടെ സമീപകാല റിപ്പോർട്ട് പറയുന്നത്.
അയച്ച സന്ദേശത്തിൽ എന്തെങ്കിലും സ്പെല്ലിങ് അല്ലെങ്കിൽ വ്യാകരണപ്പിശകുകൾ പരിഹരിക്കാനോ ചില വിവരങ്ങൾ ചേർക്കാനോ നീക്കം ചെയ്യാനോ എഡിറ്റ് ഫീച്ചർ ഉപയോഗപ്രദമാകും. ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അടുത്തിടെ ഐഒഎസ് 23.4.0.72ന് ഉള്ള വാട്സ്ആപ്പ് ബീറ്റ വേർഷനിൽ ഈ പുതിയ ഫീച്ചർ കണ്ടെത്തി. ഇത് ടെസ്റ്റ് ഫ്ലൈറ്റ് പ്രോഗ്രാമിൽ എൻറോൾ ചെയ്തവർക്കായിയാണ് ഇതു പുറത്തിറക്കിയത്.
നിലവിൽ, നിങ്ങൾ വാട്സ്ആപ്പിന്റെ പഴയ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ, എഡിറ്റ് ചെയ്‌ത സന്ദേശം കാണാൻ കഴിയില്ല. ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പിന്റെ പതിപ്പ് പുതിയ ഫീച്ചറുമായി പൊരുത്തപ്പെടുന്നില്ല എന്ന മുന്നറിയിപ്പ് ലഭിക്കും.
മീഡിയയുടെ ക്യാപ്ഷനുകൾ എഡിറ്റ് ചെയ്യാൻ അനുവദിക്കുന്ന മറ്റൊരു ഫീച്ചറിലും വാട്സ്ആപ്പ് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്. എഡിറ്റ് മെസേജ് ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ, എല്ലാ ഉപയോക്താക്കൾക്കും ഇത് എപ്പോൾ ലഭ്യമാകുമെന്നതിനെക്കുറിച്ച് വിവരമില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപ്, വാട്സ്ആപ്പ് ഇന്ത്യയിലുടനീളമുള്ള ട്രാൻസിറ്റ് സൊല്യൂഷനുകൾക്കുള്ള പിന്തുണ അവതരിപ്പിച്ചിരുന്നു. ഐഒഎസിൽ വീഡിയോ കോളുകൾക്കായി പിഐപി മോഡും ഒരു പുതിയ കെപ്റ്റ് സന്ദേശ ഫീച്ചറും പുറത്തിറക്കി.