അയച്ച സന്ദേശം എഡിറ്റ് ചെയ്യുക എന്നത് വാട്സ്ആപ്പിൽ നിലവിൽ അസാധ്യമായ ഒരുകാര്യമാണ്. എന്നാൽ പുതിയ എഡിറ്റ് ഫീച്ചറിലൂടെ ഇതിനൊരു പരിഹാരം കണ്ടെത്താൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. മെസ്സേജുകൾ അയച്ച ശേഷവും അവയിലെ തെറ്റുകൾ തിരുത്താൻ ഈ പുതിയത് ഫീച്ചറിലൂടെ സാധിക്കും.
വാബീറ്റഇൻഫോയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഈ ‘എഡിറ്റ് മെസ്സേജ്’ ഫീച്ചർ ഉടൻ തന്നെ ആപിന്റെ ബീറ്റ വേർഷനിൽ ലഭിക്കും. നിലവിൽ വാട്സ്ആപ്പിന്റെ എതിരാളിയായ ടെലഗ്രാമിൽ ഈ ഫീച്ചർ ലഭ്യമാണ്. ടെലഗ്രാമിൽ അയക്കുന്ന മെസ്സേജുകൾ അയച്ച ശേഷവും എഡിറ്റ് ചെയ്യാൻ സാധിക്കും.
വിവിധ റിപ്പോർട്ടുകൾ പ്രകാരം, അഞ്ച് വർഷം മുൻപ് വാട്സ്ആപ്പ് ഇതിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു, എന്നാൽ പിന്നീട് ആ പദ്ധതി പിൻവലിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും എഡിറ്റ് ബട്ടൺ കൊണ്ടുവരാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.
നിലവിൽ ഒരാൾക്ക് തെറ്റായ സന്ദേശം അയച്ചാൽ അത് തിരുത്താൻ രണ്ടു മാർഗങ്ങളാണ് ഉള്ളത്. ഒന്ന് ശരിയായ മെസ്സേജ് അയച്ച ശേഷം ആദ്യ മെസ്സേജ് പിൻവലിക്കാൻ പറയുകയോ അല്ലെങ്കിൽ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുകയോ ചെയ്യലാണ്. എന്നാലും രണ്ടിലും പുതിയൊരു മെസ്സേജ് വീണ്ടും അയക്കേണ്ടതുണ്ട്.
ഈ ഫീച്ചറിനായി മുകളിൽ പ്രത്യേകം ഒരു ബട്ടൺ വരുമെന്നാണ് കരുതുന്നത്. മെസ്സേജ് കോപ്പി ചെയ്യാനും ഫോർവേഡ് ചെയ്യാനുമുള്ള ഓപ്ഷനുകൾക്ക് ഒപ്പമായിരിക്കും ഇത്.

അതേസമയം, എഡിറ്റ് ചെയ്ത മെസ്സേജിന് മുൻപയച്ച മെസ്സേജ് എന്തായിരുന്നു എന്നറിയാൻ ഇതിൽ സാധിക്കില്ലെന്നാണ് വിവരം. എന്നാൽ ഫീച്ചർ ഇപ്പോഴും പണിപ്പുരയിൽ ആയതിനാൽ ചിലപ്പോൾ മുൻപത്തെ മെസ്സേജ് കാണാൻ കഴിയുന്ന സംവിധാനവും ചിലപ്പോൾ കൊണ്ടുവന്നേക്കും.
Also Read