ന്യൂഡല്‍ഹി : സ്പാമുകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്ന സാഹചര്യത്തില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് വാട്‌സാപ്പ്. മറ്റുള്ളവരുമായി പങ്കുവയ്ക്കാവുന്ന ടെക്സ്റ്റ് മെസേജുകള്‍, വീഡിയോ, ഫൊട്ടോ എന്നിവയില്‍ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. ഇന്ത്യയില്‍ അഞ്ച് ചാറ്റുകളായാണ് ഇത് ചുരുക്കുന്നത്. അതോടെ ഒരു അക്കൗണ്ടില്‍ നിന്ന് വെറും അഞ്ച് തവണ മാത്രമാണ് ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യാനാവുക.

ഉപഭോക്താക്കള്‍ ഏറ്റവും കൂടുതലായി സന്ദേശങ്ങളും ഫൊട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്ന വിപണിയാണ് ഇന്ത്യ എന്ന് വാട്‌സാപ്പ് ഒരു ബ്ലോഗ്‌ പോസ്റ്റില്‍ പറഞ്ഞിരുന്നു. 250 ദശലക്ഷം ഉപഭോക്താക്കളുമായി വാട്‌സാപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. വാട്‌സാപ്പില്‍ പങ്കുവച്ചതായ സന്ദേശങ്ങളുടെയും വീഡിയോകളുടെയും പേരില്‍ ആള്‍കൂട്ട ആക്രമങ്ങളും കൊലപാതകങ്ങളും നടന്നിട്ടുള്ള രാജ്യമാണ് ഇന്ത്യ.

ഫോര്‍വേഡ് മെസേജുകളില്‍ ഫോര്‍വേഡഡ് എന്ന് എഴുതുന്ന രീതിയും വാട്‌സപ്പ് ആവിഷ്കരിച്ചു കഴിഞ്ഞു

രാജ്യത്ത് നടന്ന സംഭവങ്ങള്‍ തങ്ങളെ ഞെട്ടിച്ചുവെന്നും തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നത് തടയാന്‍ തങ്ങള്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്നാണ് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തിന് അയച്ച കത്തില്‍ വാട്‌സാപ്പ് അറിയിച്ചത്.

ഇതുപോലെയുള്ള പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആപ്പ് വികസിപ്പിക്കും എന്നാണ് വാട്‌സാപ്പ് പറയുന്നത്. സംശയാസ്പദമായ ലിങ്കുകള്‍ കണ്ടെത്തുകയാണ് എങ്കില്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു ഫീച്ചറും വാട്‌സാപ്പ് തയ്യാറാക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ