രാജ്യത്താകമാനം വ്യാപക അക്രമങ്ങൾക്ക് കാരണമായ വ്യാജ വാർത്തകൾ ചെറുക്കാനുളള ശ്രമങ്ങൾ സജീവമാക്കി വാട്‌‌സ്ആപ്പ്. കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ചാണ് മെസേജിംങ് ഫീച്ചറിൽ മാറ്റങ്ങൾ വരുത്തിയത്.

ഇതോടെ ഇനി ഫോർവേഡ് മെസേജുകൾ പ്രത്യേകം തിരിച്ചറിയാൻ സാധിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചർ ഉടൻ ലഭിക്കും. ഇതോടെ മുകളില്‍ ‘ഫോര്‍വേഡഡ്’ എന്ന ലേബലോടെയായിരിക്കും ഫോര്‍വേഡ് മെസേജുകള്‍ ഇനി ചാറ്റിൽ ലഭിക്കുക.

വാട്‌സ് ആപ്പിലെത്തുന്ന സംശയകരമായ ലിങ്കുകളെ തിരിച്ചറിയാനുള്ള ഫീച്ചര്‍ നടപ്പിലാക്കി ഒരാഴ്ച പിന്നിടുന്നതിന് മുന്‍പാണ് ഫോര്‍വേഡ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്ന മാറ്റം കൊണ്ടുവരുന്നത്. ലോകത്ത് 1.5 ബില്ല്യണ്‍ ഉപഭോക്താക്കളുള്ള വാട്ആപ്പിന് ഇന്ത്യയില്‍ മാത്രം 20 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.

വ്യാജ സന്ദേശങ്ങളില്‍ വിശ്വസിച്ച് അപരിചിതരെ ജനക്കൂട്ടം ആക്രമിക്കുന്നത് രാജ്യത്ത് പതിവായതോടെയാണ് ഇത്തരം മെസേജുകള്‍ പടരുന്നത് തടയാന്‍ നടപടിവേണമെന്ന് സര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരത്തിൽ വ്യാജ വാർത്തകളെ ചെറുക്കാൻ സമൂഹത്തിന്റെയും സർക്കാരിന്റെയും അടക്കം പിന്തുണ വാട്‌സ്ആപ്പ് തേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ