ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഇന്ത്യയുടെ തലവന്‍ അഭിജിത് ബോസും മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ രാജീവ് അഗര്‍വാളും തല്‍സ്ഥാനങ്ങള്‍ രാജിവച്ചു. വാട്‌സ്ആപ്പ് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടര്‍ ശിവനാഥ് തുക്രലിനെ ഇന്ത്യയിലെ എല്ലാ മെറ്റ ബ്രാന്‍ഡുകളുടെയും പബ്ലിക് പോളിസി ഡയറക്ടറാക്കി.
”വാട്‌സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യത്തെ തലവനെന്ന നിലയില്‍ അഭിജിത് ബോസിന്റെ മഹത്തായ സംഭാവനകള്‍ക്കു ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്കും ബിസിനസുകള്‍ക്കും പ്രയോജനകരമായ പുതിയ സേവനങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ സംരംഭകത്വ നേതൃത്വം ഞങ്ങളുടെ ടീമിനെ സഹായിച്ചു. ഇന്ത്യയ്ക്കായി വാട്‌സ്ആപ്പിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ കുതിപ്പില്‍ സഹായിക്കുന്നതു തുടരുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്,”വാട്‌സ്ആപ്പ് മേധാവി വില്‍ കാത്ത്കാര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.
ആഗോളതലത്തില്‍ 11,000 പേരെ പിരിച്ചുവിടുമെന്നു മെറ്റ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് ഇന്ത്യയിലെ പുതിയ സംഭവവികാസം. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനാണു മെറ്റ ഒരുങ്ങുന്നത്. അഭിജിത് ബോസിനു പകരക്കാരനെ ഉടന്‍ നിയമിക്കുമെന്നാണ് വിവരം.
‘മറ്റൊരു അവസരത്തിനായി’ രാജീവ് അഗര്‍വാള്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ”ഉപയോക്തൃ സുരക്ഷ, സ്വകാര്യത, രാജ്യത്ത് ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിക്കുന്നതിനുള്ള ‘ഗോള്‍’ പോലുള്ള പദ്ധതികളുടെ മുന്നോട്ടുപോക്ക് തുടങ്ങിയ മേഖലകളില്‍ ഞങ്ങളുടെ നയത്തിന്റെ അടിസ്ഥാനത്തിലുള്ള സംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. നിര്‍ണായക നയങ്ങളുമായും നിയന്ത്രണ പങ്കാളികളുമായും അദ്ദേഹം സജീവമായ ഇടപഴകലിന് നേതൃത്വം നല്‍കി,” കമ്പനിയുടെ കുറിപ്പില്‍ പറയുന്നു.

മുന്‍ ടെലിവിഷന്‍ ജേണലിസ്റ്റായ ശിവനാഥ് തുക്രല്‍ 2017 മുതല്‍ പബ്ലിക് പോളിസി ടീമിന്റെ ഭാഗമാണ്. അടുത്ത കാലത്തായാണു വാട്‌സ്ആപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് എന്നീ മെറ്റാ ആപ്പുകളിലുടനീളമുള്ള നയ വികസന സംരംഭങ്ങള്‍ക്ക് തുക്രല്‍ തന്റെ പുതിയ ചുതലയില്‍ നേതൃത്വം നല്‍കുമെന്നു പാര്‍ട്ണര്‍ഷിപ്പ്‌സ് ഇന്ത്യ ഡയറക്ടര്‍ മനീഷ് ചോപ്ര പറഞ്ഞു.
”ഇന്ത്യയിലെ ഉപയോക്താക്കളോട് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ എല്ലാവരെയും പ്രാപ്തമാക്കുന്ന നിയന്ത്രണ പ്രക്രിയയില്‍ അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്നതു തുടരും,” മനീഷ് ചോപ്ര പറഞ്ഞു.
മെറ്റയുടെ ഇന്ത്യയിലെ തലവന്‍ അജിത് മോഹന്‍ തന്റെ ചുമതലയില്‍നിന്ന് ഈ മാസം ആദ്യം പിന്മാറിയിരുന്നു. മെറ്റയുടെ എതിരാളിയായ സ്‌നാപ്പിന്റെ ഏഷ്യാ-പസഫിക് പ്രസിഡന്റായി ചേരുകയാണെന്ന് അദ്ദേഹം വൈകാതെ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നാണു മനീഷ് ചോപ്ര ഇന്ത്യയിലെ മെറ്റയുടെ ഇടക്കാല തലവനായി നിയമിതനായത്.
വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. രാജ്യത്ത് 56.3 കോടി ഉപയോക്താക്കളാണു വാട്‌സ്ആപ്പിനുള്ളത്.