കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വാട്സാപ്പ്, സ്വകാര്യത നയം അംഗീകരിക്കാത്ത അക്കൗണ്ടുകൾ മേയ് 15 ശേഷം നീക്കം ചെയ്യില്ലെന്ന ഉറപ്പ് നൽകിയത്. എന്നാൽ വാട്സാപ്പ് തുടർന്നും പഴയ രീതിയിൽ എല്ലാ ഫീച്ചറുകളുമായി ഉപയോഗിക്കണമെങ്കിൽ പുതിയ സ്വകാര്യതാ നയം അംഗീകരിച്ചേ മതിയാകൂവെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
” എല്ലാവർക്കും സ്വകാര്യതാ നയം വായിച്ചു പരിശോധിക്കാനുള്ള സമയം നൽകിയിട്ടുണ്ട്, എന്നിരുന്നാലും ഇനിയും വായിച്ചു പരിശോധിച്ച് പുതിയ നയം അംഗീകരിക്കാൻ സാധിക്കാത്തവരെ ഒന്നുകൂടി ഓർമപ്പെടുത്തുന്നു” വാട്സാപ്പ് പറഞ്ഞു. വാട്സാപ്പ് കുറച്ചു സമയം അധികം നൽകുന്നുണ്ടെങ്കിലും വാട്സാപ്പ് ഇനി പഴയ രീതിയിൽ തന്നെ തുടർന്ന് ഉപയോഗിക്കണമെങ്കിൽ പുതിയ നയം അംഗീകരിച്ചേ മതിയാകൂ.
എന്തുകൊണ്ടാണ് പുതിയ സ്വകാര്യതാ നയം അംഗീകരിക്കേണ്ടി വരുന്നത്?
പുതിയ നയം അംഗീകരിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉടനെയൊന്നും എല്ലാ വാട്സാപ്പ് ഫീച്ചറുകളും നഷ്ടമാകില്ല, എന്നാൽ കമ്പനി പതിയെ ഓരോ ഫീച്ചറുകളായി പിൻവലിക്കും. കുറച്ചു ആഴ്ചകൾ കൂടി ഉപയോക്താക്കളെ ഇത് സംബന്ധിച്ച് വാട്സാപ്പ് ഓർമപ്പെടുത്തുമെന്ന് പറയുന്നു. അതിനു ശേഷം പുതിയ നയം അംഗീകരിക്കാത്തവർക്ക് ഉപയോഗിക്കാവുന്ന ഫീച്ചറുകളിൽ വാട്സാപ്പ് കുറവ് വരുത്തും.
തുടരെയുള്ള ഓർമ്മപ്പെടുത്തൽ വാട്സാപ്പിൽ നിന്നും വന്നു തുടങ്ങിയാൽ ഉപയോക്താക്കൾക്ക് ഉപയോഗിക്കാവുന്ന ഫീച്ചറുകളിൽ കുറവ് വന്ന് തുടങ്ങും. പുതിയ അപ്ഡേറ്റ് അംഗീകരിക്കുന്നതുവരെ അത് തുടർന്ന് കൊണ്ടിരിക്കും. എല്ലാ ഉപയോക്താക്കൾക്കും ഒരേ സമയം ആയിരിക്കില്ല ഇത് വരുന്നതെന്നും വാട്സാപ്പ് പറയുന്നു. ചിലപ്പോൾ ചാറ്റ് ലിസ്റ്റ് കാണാൻ പറ്റാതിരിക്കുകയും എന്നാൽ വീഡിയോ ഓഡിയോ കോളുകൾ വിളിക്കാനും സ്വീകരിക്കാനും കഴിയുന്ന സാഹചര്യം വന്നേക്കും.
നോട്ടിഫിക്കേഷൻ ലഭിക്കുന്നത് എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് മെസ്സേജ് വായിക്കാനും മറുപടി നൽകാനും കഴിയും. എന്നാൽ കുറച്ചു ആഴ്ചകൾക്ക് ശേഷം നിങ്ങൾ പുതിയ നയം സ്വീകരിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് കോളുകൾ വിളിക്കാനോ വരുന്ന കോളുകൾ സ്വീകരിക്കാനോ കഴിയാതെ വരും.
Read Also: മെസ്സഞ്ചർ വീഡിയോ കോളിൽ ഒരേസമയം എത്രപേർ വരെയാകാം? മെസ്സഞ്ചർ കോളിങ്ങിന് അറിയേണ്ടത്
പതിയെ നിങ്ങളുടെ ഫോണിലേക്ക് മെസ്സേജ് ലഭിക്കുന്നതും വാട്സാപ്പ് നിർത്തും, അതോടെ വാട്സാപ്പ് വഴി മെസ്സേജ് ചെയ്യാൻ ഉപയോക്താവിന് പുതിയ സ്വകാര്യതാ നയം അംഗീകരിച്ചേ മതിയാകൂ എന്ന നില വരും. കമ്പനി നിങ്ങളുടെ അക്കൗണ്ട് കളയില്ലെന്ന് പറയുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ എല്ലാ ഫീച്ചറുകളും നഷ്ടപ്പെട്ടാൽ പിന്നെ ഒരു അക്കൗണ്ട് ഉണ്ടെന്നതിൽ കാര്യമില്ലാതെയാകും.
പിന്നീട് 120 ദിവസത്തോളം നിങ്ങൾ ഈ ആപ്പ് ഉപയോഗിക്കാതിരുന്നാൽ നിങ്ങളുടെ അക്കൗണ്ട് തനിയെ ഡിലീറ്റ് ആയി പോവുകയും ചെയ്യും.
എന്താണ് വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം
വാട്സാപ്പ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ളതാണെന്നും നിങ്ങളുടെ മെസേജുകളോ ലൊക്കേഷനോ ആർക്കും കാണാൻ സാധിക്കില്ലെന്നും വാട്സാപ്പ് ഉറപ്പ് നൽകുന്നുണ്ട്. നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളോ മറ്റു വിവരങ്ങളോ ഫെയ്സ്ബുക്കിന് കൈമാറുകയില്ല. എന്നാൽ പുതിയ അപ്ഡേറ്റ് പ്രകാരം ചില ബിസിനസ് അക്കൗണ്ടുകളുമായുള്ള സംഭാഷണങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങൾക്കായി ഉപയോഗിക്കും.
“നിങ്ങൾ ഒരു ബിസിനസ് അക്കൗഡുമായി ഫോണിലൂടെയോ, ഇമെയിലിലൂടെയോ, വാട്സാപ്പിലൂടെയോ സംസാരിക്കുമ്പോൾ, നിങ്ങൾ എന്താണ് സംസാരിക്കുന്നതെന്ന് അറിയാൻ സാധിക്കുകയും ആ വിവരങ്ങൾ മാർക്കറ്റിങ്ങിനായി ഉപയോഗിക്കുകയും ചെയ്യും, അതിൽ ഫെയ്സ്ബുക്കിലെ പരസ്യങ്ങളും ഉൾപ്പെടും” കമ്പനി പറഞ്ഞു.
ഫെയ്സ്ബുക്ക് വഴി വാട്സാപ്പ് ഉപയോഗിക്കുന്ന ബിസിനസ് അക്കൗണ്ടുകളെ അവർ കൃത്യമായി അടയാളപ്പെടുത്തുമെന്നും സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സംസാരിക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ് ഒരു ബിസിനസ്സ് അക്കൗണ്ടുമായി സംസാരിക്കുന്നതെന്നും വാട്സാപ്പ് പറയുന്നു.
പുതിയ സ്വകാര്യത നയത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടായി. സ്വകാര്യ വിവരങ്ങള്‍ ചോരാനുള്ള സാധ്യതയെക്കുറിച്ച് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതോടെ പ്രതിഷേധം കൂടുതല്‍ വ്യാപിച്ചിരുന്നു. അത് സിഗ്നൽ ടെലഗ്രാം പോലുള്ള മറ്റു മെസ്സേജിങ് ആപ്പുകൾക്ക് ഗുണമായി.