ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്രെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണിൽ രാജ്യത്തെ ഒട്ടുമിക്ക തൊഴിലിടങ്ങളും നിശ്ചലമാണ്. എന്നാൽ ഹാക്കർമാർക്ക് മാത്രം തിരക്കേറിയ ദിവസങ്ങളാണ് ഇപ്പോൾ. വാട്സാപ് വഴി ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തുകയാണ് ഇക്കൂട്ടർ.

വാട്സാപ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം വാട്സാപ് ഉപഭോക്താക്കൾക്ക് അവരുടെ ഫോണിലേക്ക് സന്ദേശമയച്ച് ഒടിപി അഥവാ ഒറ്റത്തവണ പാസ്‌വേർഡ് വരെ ചോദിച്ചാണ് ഹാക്കർമാർ വിവരങ്ങൾ ചോർത്തുന്നത്. ഇതിനായി ജി-മെയിലും ഇവർ ഉപയോഗിക്കുന്നു.

ഉപഭോക്താക്കളുടെ ഫോണിലേക്ക് അറിയാതെ വന്നതാണ് ഒടിപി എന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഹാക്കർമാർ ഒടിപി സ്വന്തമാക്കുന്നത്. എന്നാൽ ഇതാ ഉപഭോക്താവിന്റെ വാട്സാപ്പിലേക്ക് ലോഗിൻ ചെയ്യുന്നതിനുള്ള പാസ്‌വേർഡ് ആയിരിക്കും. ഇത്തരത്തിൽ ഉപഭോക്താവിനെ പറ്റിച്ച് അവരുടെ അക്കൗണ്ടിലേക്ക് കടന്നുകൂടുന്ന ഹാക്കർമാർ പേഴ്സണൽ ചാറ്റ്, ഫോൺ നമ്പരുകൾ, ഇ-മെയിൽ ഐഡി, ബാങ്ക് വിവരങ്ങൾ, ഫെയ്സ്ബുക്ക് ലോഗിൻ അങ്ങനെ നിങ്ങളുടെ വിലപ്പെട്ട പല വിവരങ്ങളും ചോർത്തിയെടുക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ പണവും നഷ്ടപ്പെട്ടേക്കാം.

അതുകൊണ്ട് വളരെ ശ്രദ്ധാപൂർവ്വം വേണം നിങ്ങൾ വാട്സാപ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ-മെസേജിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ. പ്രധാനമായും പരിചയമില്ലാത്ത നമ്പരുകളിൽ നിന്ന് വരുന്ന ഇത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇതിന് പുറമെ ചെയ്യാൻ സാധിക്കുന്ന ചില സുരക്ഷ ഫീച്ചറുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

ടൂ-സ്റ്റെപ്പ് വേരിഫിക്കേഷൻ: അധികം ഉപഭോക്താക്കൾക്ക് പരിചയമില്ലാത്ത ഒന്നാണ് ഇത്. ആൻഡ്രോയ്ഡിലും ഐഒഎസ് പ്ലാറ്റ്ഫോമിലും ലഭ്യമാകുന്ന ഈ സേവനത്തിലൂടെ മറ്റൊരാൾ നിങ്ങളുടെ വാട്സാപ് അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്നത് തടയാനാകും. അക്കൗണ്ട് സെറ്റിങ്സിനകത്ത് ടൂ സ്റ്റെപ്പ് വേരിഫിക്കേഷൻ എനേബിൾ ചെയ്താൽ ഒരു പിൻ നമ്പർ കൂടി ചേർക്കുക. പിന്നീട് ഒരാൾക്ക് നിങ്ങളുടെ അക്കൗണ്ടിൽ കയറാൻ ഒടിപിക്ക് പുറമെ പിൻ നമ്പർ കൂടി വേണ്ടിവരും.

സംശയം തോന്നുന്ന നമ്പർ ബ്ലോക്ക് ചെയ്യുക: അസാധാരണമായ ഉള്ളടക്കത്തോട് കൂടിയ മെസേജുകൾ അയയ്ക്കുന്ന നമ്പർ ബ്ലോക്ക് ചെയ്യുക.

വാട്സാപ് സ്ക്രീൻ ലോക്ക്: വാട്സാപ്പിൽ സ്ക്രീൻ ലോക്കിന് പ്രത്യേകം ഓപ്ഷനുണ്ട്. സെറ്റിങ്സിൽ അക്കൗണ്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ പ്രൈവസി സെറ്റിങ്സിൽ എത്തും. അതിൽ ഏറ്റവും ഒടുവിലായി കാണുന്നതാണ് നിങ്ങളുടെ വാട്സാപ് ലോക്ക് ചെയ്യുന്നതിനുള്ള ഓപ്ഷൻ. ആൻഡ്രോയ്‌ഡിൽ ഫിംഗർ പ്രിന്റും ഐഫോണിൽ ഫെയ്‌സ് ഐഡിയുമാണ് നിലവിൽ ലഭിക്കുക.

വാട്സാപ് സ്ക്രീൻ ലോക്ക് ഓൺ ചെയ്യുന്നതിന്: Settings > Account > Privacy > Fingerprint Lock/Face ID

ഗ്രൂപ്പുകൾ: ഇനി ആർക്കൊക്കെ തന്നെ പുതിയ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാൻ സാധിക്കുമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. അനാവശ്യ സന്ദേശങ്ങൾ ഒഴിവാക്കാനും ഗ്രൂപ്പുകളുടെ ഭാഗമാകുന്നതിൽനിന്ന് ഒഴിവാകാനും ഓരോ ഉപയോക്താവിനും സാധിക്കുന്നതാണ് ഫീച്ചർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook