ന്യൂഡല്‍ഹി: കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പുതിയ ഭാവത്തില്‍ എത്താനൊരുങ്ങുകയാണ് വാട്സ്ആപ്പ്. അഡ്മിന് കൂടുതല്‍ അധികാരവും, മെസേജുകള്‍ ക്യാച്ച് അപ്പ് ചെയ്യാനുള്ള പ്രത്യേകതകളടക്കം വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്നിരിക്കുന്നത്. ആപ്പിന്റെ ബീറ്റാ വെര്ഷനുകളിൽക്കൂടി നേരത്തെതന്നെ പുതിയ ചില ഫീച്ചറുകള്‍ ലഭ്യമായിത്തുടങ്ങിയിരുന്നു. ബാക്കിയുള്ളവ ആൻഡ്രോയിഡ്, ഐഒഎസ് സമാർട്ഫോണുകളില്കൂടി ഇന്ന് മുതല്‍ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രധാനമായും നാല് സവിശേഷതകളാണ് ഗ്രൂപ്പുകളില്‍ വാട്സ്ആപ്പ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. അതില്‍ ആദ്യത്തേത് ഗ്രൂപ് ഡിസ്ക്രിപ്ഷന്‍ ആണ്. അതായത് പുതിയ ഒരാള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായി വന്നാല്‍ ചാറ്റിനു മുകളില്‍ അത് തെളിഞ്ഞു വരും. സ്വന്തം സ്മാർട്ഫോണില്‍ ഡിസ്ക്രിപ്ഷന്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗ്രൂപ്പിലെ ഇന്‍ഫോ വിഭാഗത്തില്‍ നിന്ന് കൂട്ടിചേര്‍ക്കാവുന്നതാണ്. ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും കാണാന്‍ സാധിക്കുന്ന ഇത് ആര്‍ക്കു വേണമെങ്കിലും മാറ്റാനും സാധിക്കുന്നതാണ്.
അഡ്മിന് കൺട്രോളിലാണ് മറ്റൊരു പുതിയ സവിശേഷത വന്നിരിക്കുന്നത്. ഗ്രൂപ്പിന്റെ സബ്ജെക്റ്റ്, ഐക്കണ്‍, ഡിസ്ക്രിപ്ഷന്‍ എന്നിവ മാറ്റുന്നതില്‍ നിന്ന് ആരെയെങ്കിലും നിയന്ത്രിക്കണമെങ്കില്‍ അഡ്മിന് ഈ ഓപ്ഷനിലൂടെ അതിന് സാധ്യമാണ്. കൂടാതെ പ്രധാനപ്പെട്ട മെസേജുകള്‍ വിട്ടു പോകുമോ എന്ന് പേടിയുള്ളവര്‍ക്ക് ‘ക്യാച്ച് അപ്’ ഓപ്ഷന് വഴി വളരെ പെട്ടെന്ന് തന്നെ മെസേജുകള്‍ ശ്രദ്ധയില്‍ പെടാനുള്ള സൗകര്യവുമുണ്ട്. ചാറ്റ് ബോക്സിന്റെ വലത്തേ കോര്‍ണറിലെ @ബട്ടണ്‍ വഴി നമ്മളെ മെന്‍ഷന്‍ ചെയ്യുന്നതോ, മറുപടി കൊടുക്കേണ്ടതോ ആയ മെസേജുകള്‍ തെളിഞ്ഞ് വരും. അതിനോടൊപ്പം ഗ്രൂപ്പില്‍ ഒരു പ്രത്യേക വ്യക്തിയെ അന്വേഷിക്കുന്നതിനു സഹായകരമാകാന്‍ ഗ്രൂപ്പ് ഇന്‍ഫോ പേജില്‍ പാര്‍ട്ടിസിപ്പന്റ് അന്വേഷണ സവിശേഷതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഴയ വാട്സ്ആപ്പ് വെര്‍ഷനില്‍ നിന്നുമുള്ള മറ്റുള്ള പ്രത്യേകതകള്‍ എന്ന് പറയുന്നത് വേറെ ഗ്രൂപ്പിലെ അംഗങ്ങളുടെ അഡ്മിന് അധികാരം ഗ്രൂപ്പ് അഡ്മിന് മാറ്റാന്‍ സാധിക്കും എന്നതാണ്. കൂടാതെ ഗ്രൂപ്പുകള്‍ നിര്‍മ്മിക്കുന്നവരെ ഇനി മുതല്‍ ആ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കാനും സാധിക്കില്ല. കൂടാതെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയവരെ വീണ്ടും അതിലേക്കു തിരിച്ചു ചേര്‍ക്കുന്നതില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സംരക്ഷണവും വാട്സ്ആപ്പ് നല്‍കുന്നുണ്ട്.
പുതിയ സവിശേഷതകള്‍ ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമാകും എന്നാണു അധികൃതര്‍ കരുതുന്നത്. എഫ് 8 സമ്മേളനത്തില്‍ നാല് അംഗങ്ങളെ വരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യുന്നതിനുള്ള സൗകര്യവും ചേര്‍ക്കുമെന്ന് ഫെയ്സ്ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്ന് മുതല്‍ എന്ന വിവരം ഇതുവരെ ഫെയ്സ്ബുക്ക് പുറത്ത് വിട്ടിട്ടില്ല.