ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പണിമുടക്കി. രാത്രിയോടെ ചില സന്ദേശങ്ങള്‍ അയക്കുന്നതിനാണ് ഉപയോക്താക്കള്‍ക്ക് സാധ്യമാവാതിരുന്നത്. ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിഞ്ഞെങ്കിലും ചിത്രങ്ങള്‍, വീഡിയോ, ശബ്ദ സന്ദേശം എന്നിവ അയക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കുന്നില്ല.

ഏറെ നേരം ഡൗണ്‍ലോഡിന് ശ്രമിച്ച ശേഷം പ്രവര്‍ത്തനരഹിതമാവുകയാണ് ചെയ്യുന്നത്. വീണ്ടും ചിത്രങ്ങളോ ശബ്ദസന്ദേശമോ അയക്കാന്‍ പറയുന്നുണ്ടെങ്കിലും ഇതും സാധ്യമാവുന്നില്ല. ഇന്റര്‍നെറ്റിന്റെ തകരാറാണെന്ന് ഉപയോക്താക്കള്‍ കരുതിയെങ്കിലും മറ്റ് ഫീച്ചറുകളും സൈറ്റുകളും ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. വാട്‌സ്ആപില്‍ മീഡിയകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Download Failed എന്ന തലക്കെട്ടോടെയുള്ള ഡയലോഗ് ബോക്‌സാണ് തെളിഞ്ഞു വരുന്നത്. ‘Can’t download. Please ask that it be resent to you,’ എന്ന സന്ദേശവും ലഭിക്കുന്നുണ്ട്.

വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ക്ക് ലോകവ്യപകമായി സാങ്കേതിക തകരാറുകള്‍ ഉണ്ട്. ഇന്ത്യയില്‍ വാട്ട്സ്ആപ്പ് ചാറ്റ് ഇന്റര്‍ഫേസും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും സ്റ്റോറികളും സജീവമായിരിക്കുന്നുണ്ടെങ്കിലും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതികളാണ് ഉപഭോക്താക്കള്‍ വ്യാപകമായി ഉന്നയിക്കുന്നത്.

തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും പരാതിയുമായി എത്തി. വൈകിട്ടോടെ ഫെയ്സ്ബുക്കിലും സമാനമായ പ്രശ്നം ഉണ്ടായിരുന്നു. ഫെ്സ്ബുക്കിലെ ചിത്രങ്ങള്‍ ലോഡ് ആവാതിരുന്നതും ഇന്റര്‍നെറ്റിന്റെ പ്രശ്നമാണെന്ന് ഉപയോക്താക്കള്‍ കരുതിയിരുന്നു.

ഇന്ത്യയില്‍ അടക്കം പല രാജ്യങ്ങളിലും വാട്സ്ആപ് പണിമുടക്കി. ആദ്യം ബ്രിട്ടനില്‍ നിന്നാണ് പരാതികള്‍ ഉയര്‍ന്നത്. എന്നാല്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി രാജ്യങ്ങളിലും വാട്സ്ആപ് പ്രവര്‍ത്തിച്ചില്ല. കമ്പനിയുടെ ഭാഗത്ത് നിന്നും ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പുറത്ത് വന്നിട്ടില്ല. തകരാര്‍ എപ്പോള്‍ പരിഹരിക്കുമെന്നും വ്യക്തമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook