‘ഡിലീറ്റ് ഫോർ എവരിവൺ’ സൗകര്യത്തിന്റ സമയപരിധി പരിഷ്കരിച്ച് വാട്സ്ആപ്പ്. ഒരിക്കൽ അയച്ച സന്ദേശങ്ങൾ പിൻവലിക്കാനുള്ള സമയപരിധി 13 മണിക്കൂറിലധികമായി ഉയർത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ബീറ്റാ ഇൻഫോയാണ് ഔദ്യോഗികമായി ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

മുൻകാലങ്ങളിൽ ഒരു മണിക്കൂർ, എട്ട് മിനിട്ട്, പതിനാറ് സെക്കന്റുകളാണ് അയച്ച സന്ദേശങ്ങൾ പിൻവലിക്കാൻ ലഭിച്ചിരുന്നത്. എന്നാൽ പുതിയ അറിയിപ്പ് പ്രകാരം പതിമൂന്ന് മണിക്കൂർ, എട്ട് മിനിറ്റ്, പതിനാറ് സെക്കന്റുകൾക്കുള്ളിൽ അയച്ച സന്ദേശങ്ങൾ പിൻവലിക്കാനാകും.

വാട്സ്ആപ്പ് ബീറ്റാ ഇൻഫോയുടെ ട്വീറ്റ് പ്രകാരം സന്ദേശം ലഭിക്കുന്ന എല്ലാവർക്കും സന്ദേശം പിൻവലിക്കാനുള്ള വിൻഡോ ലഭ്യമാകും. പതിമൂന്ന് മണിക്കൂറിലധികം സമയം ഈ സൗകര്യം ലഭ്യമാകും.

‘ഡിലീറ്റ് ഫോർ എവരിവൺ’ സൗകര്യം കഴിഞ്ഞ വർഷം മുതലാണ് വാട്സ്ആപ്പ് ഒരുക്കിയത്. ഏഴ് മിനിറ്റാണ് ആദ്യകാലങ്ങളിൽ സന്ദേശം പിൻവലിക്കാൻ ലഭിച്ചിരുന്ന സമയപരിധി.

വീഡിയോ കോളിനിടെ നേരിടുന്ന തടസ്സങ്ങളാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾ സമീപകാലത്ത് നേരിട്ടിരുന്ന പ്രശ്നം. വീഡിയോ കോളിനിടയ്ക്ക് ഫോൺ ഹാങ്ങാകുക പോലെയുള്ള ബുദ്ധിമുട്ടുകളാണ് നേരിട്ടിരുന്നത്. എന്നാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടെന്നാണ് വാട്സ്ആപ്പ് അധികൃർ പറയുന്നത്. ആപ്പിൾ ഐഒഎസിലും ആൻഡ്രോയിഡിലും അപ്ഡേറ്റിലൂടെ ഈ സൗകര്യങ്ങൾ ലഭ്യമാകും. എന്നാൽ വീഡിയോ കോളിങ്ങിന് വാട്സ്ആപ്പിനെ മാത്രമായി ആശ്രയിക്കരുതെന്നും വാട്സ്ആപ്പ് അധികൃതർ നിർദ്ദേശിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ