അനേകം ഫീച്ചറുകൾ നിറഞ്ഞ മെസേജിങ് ആപ്പ് ആണ് വാട്സ്ആപ്പ്. എന്നാൽ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലില്ലാത്ത ഒരാളുമായി, അഥവാ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത ഒരു നമ്പറിലേക്ക് വാട്സ്ആപ്പ് വഴി ചാറ്റ് ചെയ്യാൻ കുറച്ച് പാടാണ് ഇപ്പോഴും. അതിനായി ആപ്പിൽ ഒരു എളുപ്പ വഴിയുമില്ല. കോണ്ടാക്ടിലില്ലാത്ത ആളുകളുമായി ചാറ്റ് ചെയ്യാൻ വാട്സ്ആപ്പിൽ സാധിക്കും. പക്ഷേ അത് എളുപ്പമല്ലെന്ന് മാത്രം. ഇതിൽ ഉടൻ തന്നെ മാറ്റം വരുത്താനൊരുങ്ങുകയാണ് വാട്സ്ആപ്പ്.
ആൻഡ്രോയിഡിനുള്ള ഒരു പുതിയ ബീറ്റ ബിൽഡിൽ (വാട്ട്സ്ആപ്പ് ബീറ്റ പതിപ്പ് 2.22.8.11) കമ്പനി ഇതിനുള്ള പരിഹാരത്തിനായി പ്രവർത്തിക്കുന്നതായി വെളിപ്പെടുത്തി. ഒരു ചാറ്റ് ബബിളിലെ സേവ് ചെയ്യാത്ത നമ്പറിൽ ടാപ്പുചെയ്യുമ്പോൾ കുറച്ച് ഓപ്ഷനുകൾ ഓപ്പൺ ചെയ്യുമെന്ന് ബിൽഡ് വെളിപ്പെടുത്തുന്നു. അതിലൊരു ഓപ്ഷൻ ആ പ്രത്യേക നമ്പറിലേക്ക് ഉടൻ തന്നെ സന്ദേശം അയയ്ക്കാൻ അനുവദിക്കുന്നു.
സേവ് ചെയ്യാത്ത ഈ നമ്പറിൽ നിങ്ങൾ ടാപ്പുചെയ്യുമ്പോൾ ദൃശ്യമാകുന്ന മറ്റ് ഓപ്ഷനുകളിൽ ‘ഡയൽ’, ‘കോൺടാക്റ്റുകളിലേക്ക് ചേർക്കുക’ എന്നിവ ഉൾപ്പെടുന്നു, എന്ന് ആൻഡ്രോയ്ഡ് അതോറിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് സ്ക്രീൻഷോട്ട് വെളിപ്പെടുത്തുന്നു.
നിലവിൽ, വാട്ട്സ്ആപ്പ് ചാറ്റുകളിൽ പുതിയ നമ്പറിൽ ടാപ്പുചെയ്താൽ നിങ്ങളുടെ ഫോൺ ഡയലറിലേക്ക് അത് എത്തിച്ചേരുകയാണ് സംഭവിക്കാറ്.
പുതിയ മാറ്റവും കുറ്റമറ്റതല്ല, ഒരു പ്രധാന പരിമിതി, നിങ്ങൾക്ക് ടാപ്പ് ചെയ്യാൻ കഴിയുന്ന ഒരു ചാറ്റിൽ നൽകിയ നമ്പറുകൾക്ക് മാത്രമേ ഇത് ഫലപ്രദമാവൂ എന്നതാണ്. ഇതിനർത്ഥം ഒന്നുകിൽ മറ്റൊരാൾ നിങ്ങൾക്ക് ഈ നമ്പർ അയയ്ക്കേണ്ടതുണ്ട് അല്ലെങ്കിൽ നിങ്ങൾ ആർക്കെങ്കിലും അയച്ച നമ്പർ ആയിരിക്കണം എന്നാണ്.
ഫീച്ചർ ഇപ്പോഴും ബീറ്റയിലാണ്, ആപ്പിന്റെ സ്ഥിരതയുള്ള പതിപ്പിൽ ഇത് വരാൻ കുറച്ച് സമയമെടുക്കും. അതുവരെ, സേവ് ചെയ്യാത്ത കോൺടാക്റ്റുമായി ചാറ്റ് ആരംഭിക്കാനുള്ള ഏക മാർഗം നിങ്ങളുടെ ഫോണിൽ ഒരു ബ്രൗസർ തുറന്ന് https://wa.me/phonenumber എന്ന യുആർഎൽ സന്ദർശിക്കലാണ്. അവിടെ ‘phonenumber’ എന്നിന് പകരം നിങ്ങൾക്ക് ആവശ്യമുള്ള നമ്പർ നൽകാം.