നിലവിൽ ഒരു അക്കൗണ്ട് ഒരു സ്മാർട്ട്ഫോണുമായി മാത്രമേ ലിങ്ക് ചെയ്യാൻ സാധിക്കൂ എന്ന് എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് അറിയാം. അതായത് നിങ്ങൾ ഒരു ഫോണിൽ വാട്ട്സ്ആപ്പ് ഒരു നമ്പറിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ, മറ്റൊരു ഫോണിൽ അതേ നമ്പറിൽ നിങ്ങൾക്ക് വാട്സ്ആപ്പ് എടുക്കാൻ കഴിയില്ല. അതേസമയം, ലാപ്ടോപ്പുകളിലും ഡെസ്ക്ടോപ്പുകളിലും വാട്സ്ആപ്പ് വെബ് വഴി അക്കൗണ്ട് തുറക്കാനുള്ള ഓപ്ഷൻ ഉണ്ട്. എന്നാൽ വാട്ട്സ്ആപ്പ് വെബ് മൊബൈൽ ബ്രൗസറുകളിലോ ടാബ്ലെറ്റുകളിലോ പ്രവർത്തിക്കില്ല, അതുകൊണ്ട് ഒരു മൊബൈലിൽ മാത്രമേ ഒരു വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകൂ. എന്നാൽ ഇത് ഉടൻ മാറുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.
വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, വാട്ട്സ്ആപ്പിന്റെ ബീറ്റ അപ്ഡേറ്റ് (പതിപ്പ് 2.22.10.13), ഇതിനായി ഒരു പുതിയ സവിശേഷത ചേർക്കുമെന്ന് സൂചിപ്പിക്കുന്നു. “വാട്ട്സ്ആപ്പ് ആപ്പിന്റെ ഭാവി അപ്ഡേറ്റിൽ മൊബൈൽ ഫോണുകളെ ലിങ്ക് ചെയ്യാനുള്ള കഴിവ് കൊണ്ടുവരാൻ ശ്രമിക്കുകയാണ്” എന്ന് റിപ്പോർട്ടിൽ പറയുന്നു. അതായത്, ആവശ്യമെങ്കിൽ ഒരു പ്രധാന ഫോണിൽ നിന്ന് മറ്റ് മൊബൈൽ ഫോണുകളിലേക്ക് വാട്സ്ആപ്പ് അക്കൗണ്ട് ലിങ്ക് ചെയ്യാനാകും. ഈ ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാ ബീറ്റ ഉപയോക്താകൾക്കും ഇത് ലഭിക്കില്ലെന്നും പറയുന്നു.
കഴിഞ്ഞ വർഷം ആരംഭിച്ച മൾട്ടി-ഡിവൈസ് സപ്പോർട്ടിന്റെ രണ്ടാം പതിപ്പായിരിക്കും ഇതെന്നാണ് വിവരം. വാട്ട്സ്ആപ്പ് വെബിന്റെ മൾട്ടി-ഡിവൈസ് സപ്പോർട്ട്, അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്ന പ്രധാന സ്മാർട്ട്ഫോണിൽ നിന്ന് മറ്റ് നാല് ഉപകരണങ്ങളിലേക്ക് അക്കൗണ്ട് കണക്ട് ചെയ്യാൻ അനുവദിക്കുന്നതാണ്. ലാപ്ടോപ്പ് ഡെസ്ക്ടോപ്പ് എന്നിവ ആയിരിക്കണം ഉപകരണം.
വരാനിരിക്കുന്ന ഈ പുതിയ ഫീച്ചർ സെറ്റിങ്സിൽ “രജിസ്റ്റർ ഡിവൈസ് ആസ് കമ്പനിയൻ” എന്ന വിഭാഗത്തിൽ കാണിക്കുക. മറ്റൊരു മൊബൈൽ ഫോണിൽ വാട്സ്ആപ്പ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് ഈ ഓപ്ഷൻ കാണിക്കുക.. ഇപ്പോൾ വാട്ട്സ്ആപ്പ് വെബിലുള്ള പോലെ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെയാകും ലിങ്ക് ചെയ്യാൻ കഴിയുക എന്ന് തോന്നുന്നു. അതായത് ഭാവിയിൽ ഉപയോക്താക്കൾക്ക് ആൻഡ്രോയിഡ് ടാബ്ലെറ്റ് ഒരു സെക്കണ്ടറി ഉപകരണമായി ലിങ്ക് ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിനിടെ കമ്മ്യൂണിറ്റി ഫീച്ചർ ഉടൻ പുറത്തിറക്കുമെന്ന് വാട്സ്ആപ്പ് സ്ഥിരീകരിച്ചു, ഗ്രൂപ്പുകൾ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ ഇത് സഹായിക്കും. 2ജിബി വരെയുള്ള ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്ന സംവിധാനവും ഗ്രൂപ്പ് ചാറ്റുകളിലെ സന്ദേശങ്ങലിൽ എമോജി നൽകാനുള്ള സംവിധാനവും ഇതിൽ ചേർക്കും. ഗ്രൂപ്പുകളിലെ വോയ്സ് കോളിൽ 32 പേർക്ക് വരെ ജോയിൻ ചെയ്യാവുന്ന രീതിയിൽ ഇതിനോടകം മാറ്റം വരുത്തിയിട്ടുണ്ട്.
Also Read