ന്യൂഡൽഹി: അബദ്ധത്തിൽ ഒരു സന്ദേശം അയച്ചുപോയാൽ എന്ത് ചെയ്യും? ഈ അമളി പറ്റാത്ത മൊബൈൽ ഉപയോക്താക്കൾ തന്നെ കുറവായിരിക്കും. ഇനിയും അത്തരം അബദ്ധങ്ങൾക്ക് സ്ഥാനമില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. അയച്ച സന്ദേശങ്ങൾ പിൻവലിക്കാൻ വാട്സ് ആപ്പിൽ പുതിയ ഫീച്ചർ ഒരുങ്ങുന്നു.

വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ പരിശോധിക്കുന്ന ഫാൻ സൈറ്റായ വാബീറ്റാഇൻഫോ(WABetaInfo) ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 2.17.30 ന് ശേഷമുള്ള വാട്സ്ആപ്പ് വേർഷനിൽ ഈ സൗകര്യം ലഭിക്കുമെന്നാണ് വിവരം.

2.17.30 എന്ന വേർഷൻ ഇപ്പോൾ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ ലഭ്യമാണെങ്കിലും ഇതിൽ ഈ സൗകര്യം ഇല്ല.  ഐഫോണിലും ആൻഡ്രോയ്ഡ് ഫോണിലും അടുത്ത വേർഷനോടെ സൗകര്യം ലഭിക്കും.

ടെക്സ്റ്റ്, വീഡിയോ, ഫോട്ടോ, ഓഡിയോ തുടങ്ങി എല്ലാ സന്ദേശങ്ങളും പിൻവലിക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കും.  അയച്ച് അഞ്ച് നിമിഷം വരെയാണ് ഈ സൗകര്യം ലഭിക്കുക. എന്നാൽ ആർക്കാണോ അയച്ചത്, അവർ തുറന്ന് വായിച്ചിട്ടുണ്ടെങ്കിൽ സന്ദേശം പിൻവലിക്കാനാവില്ല.

ഈ ഫീച്ചറിനായി നാളുകളായി വാട്സ് ആപ്പ് പരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു. അയച്ച സന്ദേശങ്ങൾ പിൻവലിക്കാനുള്ള ഫീച്ചർ വേണമെന്ന് വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ വാട്സ് ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പരീക്ഷണങ്ങൾ ഇപ്പോൾ ഫലവത്തായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ