ഒന്നിലധികം ഗ്രുപ്പുകളെ ഒന്നിപ്പിക്കാൻ കഴിയുന്ന പുതിയ കമ്മ്യൂണിറ്റി ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അതിന്റെ ഫസ്റ്റ് ലുക്കും ഞങ്ങൾക്ക് ലഭിച്ചു. ഒരു ‘കമ്മ്യൂണിറ്റി’യിൽ 10 ഗ്രൂപ്പുകളെ വരെ ലിങ്ക് ചെയ്ത് ഒന്നിപ്പിക്കാൻ കഴിയുന്നതാണ് ഈ ഫീച്ചർ. അടുത്തിടെ ഒരു ഐഒഎസ് ബീറ്റ പതിപ്പിൽ കണ്ടെത്തിയ ഈ ഫീച്ചർ എല്ലാ ബീറ്റാ പതിപ്പുകളിലും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമ്മ്യൂണിറ്റി ഫീച്ചറിൽ, ഒരു കമ്മ്യൂണിറ്റിയുടെ അഡ്‌മിന് ഗ്രൂപ്പ് അഡ്മിനുകളേക്കാൾ കൂടുതൽ നിയന്ത്രണം ഉണ്ടായിരിക്കും കൂടാതെ ആർക്കൊക്കെ ഒരു ഗ്രൂപ്പിൽ സന്ദേശം അയക്കാൻ അനുവാദം നൽകണം, ആർക്കൊക്കെ നൽകരുത് തുടങ്ങിയവ വരെ തീരുമാനിക്കാനാകും. അതേസമയം, അംഗങ്ങൾ കമ്മ്യൂണിറ്റി വിടുകയാണെങ്കിൽ അവർക്ക് അതിൽ ലിങ്ക് ചെയ്‌ത മറ്റു ഗ്രൂപ്പുകളും കാണാൻ കഴിയില്ല.
വാബീറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, കമ്മ്യൂണിറ്റികൾക്ക് സ്വന്തമായി പേരും ഗ്രൂപ്പ് വിവരണവും നിശ്ചയിക്കാനാകും. കൂടുതൽ ഉപഗ്രൂപ്പുകൾ ആവശ്യമായി വന്നേക്കാവുന്ന വലിയ ഗ്രൂപ്പുകൾക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ ഫീച്ചർ. ഐഒഎസിൽ ഈ ഫീച്ചർ എങ്ങനെയാണെന്ന് കാണാം.

Also Read: അടുത്തുള്ള ഹോട്ടലുകള്‍ മുതല്‍ തുണിക്കട വരെ ഇനി വാട്സ്ആപ്പിലൂടെ അറിയാം
സ്‌ക്രീൻഷോട്ട് അനുസരിച്ച്, കമ്മ്യൂണിറ്റിയിൽ ഒരു “അനൗൺസ്‌മെന്റ്” ഗ്രൂപ്പും ഉണ്ടാകും. അവിടെ നിന്നും അഡ്‌മിനുകൾക്ക് ലിങ്ക് ചെയ്‌ത വിവിധ ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങൾ അയക്കാൻ കഴിയും, ബ്രോഡ്‌കാസ്റ്റ് മെസ്സേജ് പ്രവർത്തിക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.
വലിയ ടീമിനെ ഒന്നിലധികം ഗ്രൂപ്പുകളായി വിഭജിച്ച് പ്രവർത്തിക്കുന്ന കമ്പനികൾക്കും ഈ സവിശേഷത അനുയോജ്യമാണ് ഐഒഎസ്, ആൻഡ്രോയിഡ് വാട്സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ സാധാരണ ഉപയോക്താക്കൾക്ക് കമ്മ്യുണിറ്റി ഫീച്ചർ ലഭിക്കാൻ കൂടുതൽ സമയമെടുത്തേക്കും.