WhatsApp to bring voice and video calls to desktop next year: വാട്ട്സ്ആപ്പ് മെസഞ്ചറിന്റെ ഡെസ്ക്ടോപ്പ് പതിപ്പിലൂടെ വോയിസ്, വീഡിയോ കോളിങ് ചെയ്യുന്നതിനുള്ള ഫീച്ചർ അടുത്ത വർഷം നിലവിൽ വരുമെന്ന് ഫെയ്സ്ബുക്ക് ഇൻകോർപറേറ്റഡ് അറിയിച്ചു. വലിയ സ്ക്രീനുകളിലൂടെ കോൾ ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിക്കുന്നതിലൂടെ വീഡിയോ കോൺഫറൻസിങ് രംഗത്തെ വമ്പൻമാരായ സൂം, ഗൂഗിൾ മീറ്റ് എന്നിവയ്ക്ക് സമാനമായി വാട്സ്ആപ്പിനെ ഉപയോഗിക്കാൻ കഴിയും. എന്നാൽ കോർപറേറ്റ് ഉപഭോക്താക്കളുടെ കാര്യത്തിൽ സൂമും, ഗൂഗിൾ മീറ്റും കാര്യമായി ഉപയോഗിക്കുന്ന കോർപറേറ്റ് ഉപഭോക്താക്കളെ വാട്സ്ആപ്പിലേക്ക് കൊണ്ടുവരാൻ ഫെയ്സ്ബുക്ക് ലക്ഷ്യമിടുന്നുണ്ടോ എന്നത് വ്യക്തമല്ല.
ആഗോളതലത്തിൽ 200 കോടി ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പ് അതിന്റെ മാതൃസ്ഥാപനമായ ഫെയ്സ്ബുക്ക് ഇൻകോർപറേഷൻറെ രണ്ടാമത്തെ പ്രധാന ആപ്ലിക്കേഷനാണ്. സൂം അല്ലെങ്കിൽ ഗൂഗിൾ മീറ്റിൽ നിന്ന് വ്യത്യസ്തമായി വ്യക്തിഗത കോളുകൾക്കായാണ് വാട്സ്ആപ്പ് കൂടുതലായി ഉപയോഗിക്കുന്നത്.
ട്രയൽ അടിസ്ഥാനത്തിൽ ചില ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് വോയ്സ്/വീഡിയോ കോളിങ് ഫീച്ചർ ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്ന് വാട്സ്ആപ്പ് അറിയിച്ചതായി ടെക്നോളജി ബ്ലോഗായ ഡബ്ല്യുഎ ബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു.
കൊറോണ വൈറസിന്റെ രണ്ടാമത്തെ തരംഗം വന്നതോടെ ലോകത്താകെ നിരവധി പേർ വീട്ടിൽ തന്നെയിരിക്കുന്നതിനു നിർബന്ധിതരാവുകയത് സുഹൃത്തുക്കളുമായും കുടുംബവുമായും ഇന്റർനെറ്റിലൂടെ ആശയ വിനിമയം നടത്തുന്നത് വർധിക്കാൻ കാരണമായിട്ടുണ്ട്.
അതേസമയം, ക്രിസ്മസ്-പുതുവത്സര ഉത്സവകാല സീസണോട് അനുബന്ധിച്ച് സൂം മെസഞ്ചർ അവരുടെ സൗജന്യ അക്കൗണ്ടുകളിലെ 40 മിനിറ്റ് സമയപരിധി ഒഴിവാക്കിയിട്ടുണ്ട്. അടുത്ത മാർച്ച് വരെ ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോക്താക്കൾക്ക് വീഡിയോകോളുകൾക്ക് 60 മിനിറ്റ് സമയപരിധി ഉണ്ടാവില്ലെന്ന് ഗൂഗിളും അറിയിച്ചിട്ടുണ്ട്.