ഫോർവേഡ് ചെയ്ത മെസേജുകൾ ഗ്രൂപ്പ് ചാറ്റുകളിലേക്ക് വീണ്ടും ഫോർവേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ വാട്സ്ആപ്പ് ശ്രമിക്കുന്നതായി റിപ്പോർട്ട്. വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്ന ബ്ലോഗ് ആയ ഡബ്ല്യുഎ ബീറ്റ ഇൻഫോ എന്ന വെബ്സൈറ്റാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. വാട്സ്ആപ്പിന്റെ പുതിയ ബീറ്റ പതിപ്പിൽ ഈ പുതിയ നിയന്ത്രണങ്ങൾ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു.
ഒരു സന്ദേശം ഇതിനകം ഫോർവേഡ് ചെയ്‌തതായി അടയാളപ്പെടുത്തിയിരിക്കുമ്പോൾ, അത് ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യാൻ ഇനി സാധ്യമാവാത്ത തരത്തിലാവും ഈ ഫീച്ചർ. ഉപയോക്താക്കൾ അതിനായി ശ്രമിച്ചാൽ, “ഫോർവേഡ് ചെയ്‌ത സന്ദേശങ്ങൾക്ക് ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയക്കാൻ കഴിയൂ” എന്ന ഒരു ഓൺ-സ്‌ക്രീൻ സന്ദേശം ലഭിക്കും.ഒരു ഉപയോക്താവ് ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഇത്തരം സന്ദേശങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ സന്ദേശം തിരഞ്ഞെടുത്ത് അത് വീണ്ടും ഫോർവേഡ് ചെയ്യേണ്ടി വരും.
ഉപയോക്താക്കൾക്ക് ഒരേസമയം പരമാവധി അഞ്ച് വ്യത്യസ്ത ചാറ്റുകളിലേക്ക് മാത്രമേ ഒരു സന്ദേശം കൈമാറാൻ കഴിയൂ എന്ന തരത്തിൽ 2018 ജൂലൈയിൽ, വാട്സ്ആപ്പ് ഇന്ത്യയിൽ ഒരു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 2019 ജനുവരിയിൽ, ഈ നിയന്ത്രണങ്ങൾ ആഗോളതലത്തിൽ വ്യാപിപ്പിച്ചു.
ഡബ്ല്യുഎ ബീറ്റ ഇൻഫോയിലെ റിപ്പോർട്ട് അനുസരിച്ച്, പുതിയ സിംഗിൾ ഗ്രൂപ്പ് ഫോർവേഡ് ലിമിറ്റേഷൻ ചില ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്ക് നേരത്തെ തന്നെ നൽകിയിരുന്നു. ഇപ്പോൾ കൂടുതൽ ഉപയോക്താക്കൾക്ക് അതേ നിയന്ത്രണങ്ങൾ ലഭ്യമാവും.
ആൻഡ്രോയ്ഡ് ഉപകരണങ്ങളിലേക്ക് ചില പുതിയ വോയ്‌സ് മെസേജ് ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നിയന്ത്രണം. ആ അപ്‌ഡേറ്റിലെ പുതിയ ഫീച്ചറുകളിൽ ചാറ്റ് പ്ലേബാക്ക് ഫീച്ചറും, റെക്കോർഡിംഗ് താൽക്കാലികമായി നിർത്താനും പുനരാരംഭിക്കാനുമുള്ള കഴിവ്, ഡ്രാഫ്റ്റ് പ്രിവ്യൂ, ഫാസ്റ്റ് പ്ലേബാക്ക് എന്നിവയും ഉൾപ്പെടുന്നു. ഈ ഫീച്ചറുകളിൽ ചിലത് ഇതിനകം തന്നെ ഐഒഎസ് ഉപകരണങ്ങളിൽ ലഭ്യമായിരുന്നു.