സന്ദേശങ്ങൾ കൈമാറുന്നതോടൊപ്പം തന്നെ പ്രധാനമാണ് അറിവിനും അപ്ഡേഷനും വാട്സാപ്പ്. എന്നാൽ വ്യാജ വാർത്തകളുടെയും കേന്ദ്രമാണ് ഈ മെസേജിങ് പ്ലാറ്റ്ഫോം. ഒരു സംഭവത്തെകുറിച്ച് പല തെറ്റായ വാർത്തകൾ മെനഞ്ഞുവിട്ട് ആനന്ദം കണ്ടെത്തുന്നവരും നമ്മുടെ ഇടയിലുണ്ട്. കൊറോണ പോലെ ഒരു വിപത്തിനെ നേരിടുമ്പോഴും പ്രധാന വെല്ലുവിളി ഇത്തരക്കാർ തന്നെ. അതേസമയം കൊറോണയെക്കുറിച്ചുള്ള ശരിയായ വസ്തുതകളറിയാൻ അവസരമൊരുക്കുകയാണ് വാട്സാപ്പ്.

ലോകാരോഗ്യ സംഘടന, യൂണിസെഫ്, യുഎൻ‌ഡി‌പി എന്നിവയുമായി സഹകരിച്ച് ഒരു പ്രത്യേക കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ്ബാണ് വാട്സാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാമരിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായാണ് വാട്സാപ്പ് ഇത്തരത്തിൽ ഒരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട തെറ്റായ വർത്തകൾക്കും വിവരങ്ങൾക്കുമെതിരെ നടപടിയെടുക്കുമെന്ന് വാട്സാപ്പിന്റെ മാതൃകമ്പനിയായ ഫെയ്സ്ബുക്ക് നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്റർനാഷണൽ ഫാക്ട് ചെക്കിങ് നെറ്റ്‌വർക്കിന് (ഐഎഫ്സിഎൻ) ഒരു മില്യൺ ഡോളർ സംഭാവനയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: മുന്നറിയിപ്പ്: മൊബൈൽ ഫോണിൽ കൊറോണ വൈറസ് ഇത്ര ദിവസം ജീവിക്കും

“ഈ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങളുടെ ഉപയോക്താക്കൾ മുമ്പത്തേക്കാളും കൂടുതൽ വാട്സാപ്പിൽ എത്തിച്ചേരുന്നുവെന്ന് ഞങ്ങൾക്കറിയാം. ഈ സാഹചര്യത്തിൽ ആളുകൾക്ക് വളരെ എളുപ്പത്തിൽ ബന്ധപ്പെടാൻ അവസരമൊരുക്കുകയാണ് ഞങ്ങൾ. വാട്‌സാപ്പിനുള്ളിൽ തന്നെ അപ്‌ഡേറ്റുകൾ നൽകുന്നതിന് ലോകമെമ്പാടുമുള്ള ആരോഗ്യ മന്ത്രാലയങ്ങളുമായി ഞങ്ങൾ നേരിട്ട് പ്രവർത്തിക്കുന്നത് തുടരും, ”വാട്‌സാപ്പ് മേധാവി വിൽ കാത്കാർട്ട് പ്രസ്താവനയിൽ പറഞ്ഞു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും whatsapp.com/coronavirus എന്ന യുആർഎല്ലിൽ ലഭ്യമാകും. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് കിംവദന്തികളുടെ വ്യാപനം കുറയ്ക്കുന്നതിനും കൃത്യമായ ആരോഗ്യ വിവരങ്ങൾ മനസിലാക്കാനും വെബ്സൈറ്റിലൂടെ സാധിക്കും. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റ് പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് വാട്സാപ്പ് ഇൻഫർമേഷൻ ഹബ്ബിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook