വാട്സ്ആപ്പ് അതിന്റെ സ്വകാര്യതാ നയം പരിഷ്കരിച്ചിരിക്കുകയാണ്. അത് പ്രകാരം മാതൃസ്ഥാപനമായ ഫെയ്സ്ബുക്കുമായും പങ്കാളികളായ കമ്പനികളുമായും വാട്സ്ആപ്പ് വിവരങ്ങൾ പങ്കിടുന്നത് സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ ആശങ്കയും വർധിക്കുകയാണ്.
പുതിയ സ്വകാര്യതാ നയം കാരണം ധാരാളം ആളുകൾ വാട്ട്സ്ആപ്പിന് പകരം മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നത് പരിഗണിക്കാൻ തുടങ്ങി. ഉദാഹരണത്തിന് സിഗ്നൽ ആപ്ലിക്കേഷന്റെ ജനപ്രീതിയിൽ ഒരു ഉയർച്ച രേഖപ്പെടുത്തി, കൂടാതെ ഐഒഎസ് ആപ്പ് സ്റ്റോറിലെ ടോപ്പ് ചാർട്ടുകളിൽ സിഗ്നൽ ഒന്നാമതെത്തി. വാട്ട്സ്ആപ്പിനു പകരം തിരഞ്ഞെടുക്കാവുന്ന മറ്റൊരു ജനപ്രിയ ബദൽ ടെലഗ്രാം ആണ്. ടെലഗ്രാം എൻഡ് ടുഎൻഡ് എൻക്രിപ്റ്റ് ചെയ്തിട്ടില്ലെങ്കിലും അതിന് പുതിയ ഉപയോക്താക്കളെ ലഭിക്കുന്നു. അവസാനമായി, വാട്ട്സ്ആപ്പ് ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ് ഒരു ജനപ്രിയ അപ്ലിക്കേഷനായിരുന്ന വൈബർ ആണ് മറ്റൊരു ബദൽ. ഈ മൂന്ന് മെസഞ്ചർ അപ്ലിക്കേഷനുകളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട് നിങ്ങൾ ഓർമ്മിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി അറിയാം.
സിഗ്നൽ

സുരക്ഷാ സവിശേഷതകൾ
സിഗ്നൽ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഈ ആപ്പിൽ ഉണ്ട്. സിഗ്നലിന്റെ സിഇഒ കൂടിയായ അമേരിക്കൻ ക്രിപ്റ്റോഗ്രാഫർ മോക്സി മാർലിൻസ്പൈക്ക് നിർമ്മിച്ചതാണ് സിഗ്നൽ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ. തേഡ് പാർട്ടികൾക്കോ അല്ലെങ്കിൽ സിഗ്നലിന് പോലുമോ നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാൻ കഴിയില്ലെന്നാണ് കമ്പനി പറയുന്നത്. സിഗ്നൽ പ്രോട്ടോക്കോൾ ഓപ്പൺ സോഴ്സാണ്, ഇത് മറ്റൊരു നല്ല കാര്യമാണ്.
Read More: Signal Messenger: ‘സിഗ്നൽ’ മെസഞ്ചർ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമോ? അറിയേണ്ടതെല്ലാം
മൂന്നാം കക്ഷി ബാക്കപ്പുകളെ സിഗ്നൽ പിന്തുണയ്ക്കുന്നില്ല, അതും യഥാർത്ഥത്തിൽ ഒരു നല്ല കാര്യമാണ്. എല്ലാ ഡാറ്റയും ഉപകരണത്തിൽ പ്രാദേശികമായി സംഭരിച്ചിരിക്കുന്നു, നിങ്ങൾക്ക് ഉപകരണത്തിലേക്കുള്ള ആക്സസ്സ് നഷ്ടപ്പെടുകയും മറ്റൊരു ഫോണിൽ സിഗ്നൽ സെറ്റ് ചെയ്യാൻ ശ്രമിക്കുകയും ചെയ്താൽ, നിങ്ങളുടെ മുമ്പത്തെ ചാറ്റ് ഹിസ്റ്ററി നഷ്ടപ്പെടും.
ക്രോസ്-പ്ലാറ്റ്ഫോം
ആൻഡ്രോയ്ഡ്, ഐഒഎസ്, ഐപാഡ്, വിൻഡോസ്, ലിനക്സ്, മാക് എന്നീ പ്ലാറ്റ്ഫോമുകളിൽ സിഗ്നൽ ഉപയോഗിക്കാൻ കഴിയും. സിഗ്നലിലുള്ള കോൺടാക്റ്റുകളുടെ പേര് അപ്ലിക്കേഷൻ കാണിക്കുന്നു, ഇത് നിങ്ങൾക്ക് കണക്റ്റുചെയ്യുന്നത് എളുപ്പമാക്കുന്നു.
സൗജന്യമാണോ പരസ്യങ്ങളുണ്ടോ?
സിഗ്നൽ പൂർണ്ണമായും സൗജന്യമാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് കീഴിലാണ് അപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. മുൻ വാട്ട്സ്ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്ടൺ മാർലിൻസ്പൈക്കിനൊപ്പം ചേർന്ന് സിഗ്നൽ ഫൗണ്ടേഷൻ സ്ഥാപിക്കാൻ സഹായം നൽകിയിരുന്നു. ആപ്ലിക്കേഷന് ധനസഹായം നൽകുന്നതിന് ആക്ടൺ 50 മില്യൺ ഡോളർ ചെലവഴിക്കുകയും ചെയ്തു. ഈ ആപ്പ് നിങ്ങളുടെ ഡാറ്റ വിൽക്കുകയോ ധനസമ്പാദനം നടത്തുകയോ ചെയ്യുന്നില്ല, പരസ്യങ്ങളുമില്ല.
ഗ്രൂപ്പുകൾ, വീഡിയോ, ഓഡിയോ കോളുകൾ
പരമാവധി 150 അംഗങ്ങളുള്ള ഗ്രൂപ്പുകൾ നിർമിക്കാൻ സിഗ്നലിൽ കഴിയും. അടുത്തിടെ ഗ്രൂപ്പ് വീഡിയോ കോളുകൾക്കും പിന്തുണ നൽകി. എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത സാധാരണ വീഡിയോ, ഓഡിയോ കോളുകളെയും അപ്ലിക്കേഷൻ പിന്തുണയ്ക്കുന്നു.
അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ
ഓരോ ചാറ്റിനുമായി നിങ്ങൾക്ക് അപ്രത്യക്ഷമായ സന്ദേശങ്ങൾ ഓണാക്കാൻ കഴിയും, അത് മികച്ച ഫീച്ചറാണ്. അഞ്ച് സെക്കൻഡ് മുതൽ ഒരാഴ്ച വരെ നിങ്ങൾക്ക് ചാറ്റ് അപ്രത്യക്ഷമാവാനുള്ള സമയം സജ്ജമാക്കാൻ കഴിയും.
സ്ക്രീൻ ലോക്ക്, മറ്റ് സവിശേഷതകൾ
സിഗ്നലിന് ഒരു സ്ക്രീൻ ലോക്ക് ഫീച്ചറുണ്ട്. അതിൽ നിങ്ങൾക്ക് അപ്ലിക്കേഷൻ ആക്സസ് ചെയ്യാൻ ടച്ച് ഐഡി, ഫെയ്സ് ഐഡി അല്ലെങ്കിൽ നിങ്ങളുടെ ഉപകരണത്തിന്റെ പാസ്കോഡ് ഉപയോഗിക്കാം. സ്ക്രീൻ ലോക്ക് എനേബിൾ ചെയ്തിരിക്കുമ്പോഴും ഇൻകമിങ് കോളുകൾക്കും മെസേജ് നോട്ടിഫിക്കേഷനുകൾക്കും ഉത്തരം നൽകാനും കഴിയും.
ഒരു പ്രൈവസി കീബോർഡും സിഗ്നലിലുണ്ട്. ഫിംഗർപ്രിന്റ് ലോക്ക്, റീഡ് റെസീപ്റ്റ്, വീഡിയോ / വോയ്സ് കോൾ, ലൊക്കേഷൻ ഷെയറിങ്, റിലേ കോളുകൾ, ചാറ്റ് ആർക്കീവിങ് തുടങ്ങിയസ വിശേഷതകളും ആപ്പിൽ ഉൾപ്പെടുന്നു.
Read More: മാറാൻ തയാറല്ലെങ്കിൽ ഫെബ്രുവരി എട്ടിന് വാട്സാപ് അക്കൗണ്ട് നഷ്ടപ്പെടും
സന്ദേശ അഭ്യർത്ഥനകൾ (Message Requests) എന്ന ഒരു ഫീച്ചറും സിഗ്നലിൽ ഉണ്ട്. ഇത് ഒരു അജ്ഞാത വ്യക്തിയിൽ നിന്നുള്ള സന്ദേശങ്ങൾ തടയാനോ ഇല്ലാതാക്കാനോ സ്വീകരിക്കാനോ ഉള്ള ഓപ്ഷൻ നൽകുന്നു. മെസേജുകളിൽ ഇമോജികൾ ഉപയോഗിച്ച് റിയാക്ട് ചെയ്യാനും കഴിയും.
ചാറ്റ് സ്ക്രീൻ ഷോട്ടുകൾ എടുക്കുന്നത് തടയാനുള്ള ഓപ്ഷനും ഈ ആപ്പിലുണ്ട്. ഒരു ഗ്രൂപ്പിൽ ആരെയെങ്കിലും ചേർക്കുന്നതിന്, ആ വ്യക്തി ഗ്രൂപ്പിൽ ചേരാനുള്ള ക്ഷണം സ്വീകരിക്കേണ്ടതുണ്ട്. അപ്ലിക്കേഷന്റെ സ്റ്റോറേജ് മാനേജ്മെന്റ് നല്ലതും വാട്ട്സ്ആപ്പിന് സമാനവുമാണ്. സ്റ്റോറേജ് മാനേജ്മെന്റ് ടൂളിൽ നിങ്ങൾക്ക് സന്ദേശങ്ങൾ മായ്ക്കാനും വീഡിയോകളോ ചിത്രങ്ങളോ നീക്കം ചെയ്യാനും വ്യത്യസ്ത ഫയലുകൾ പരിശോധിക്കാനും കഴിയും.
ഡാറ്റ ശേഖരിക്കുന്നത്
ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ സിഗ്നൽ ആപ്ലിക്കേഷന്റെ സ്വകാര്യതാ വിവരണം നോക്കുകയാണെങ്കിൽ, ശേഖരിക്കുന്ന ഒരേയൊരു ഡാറ്റ ‘കോൺടാക്റ്റ് വിവരം’ അഥവാ ഫോൺ നമ്പർ മാത്രമാണ്. ഇത് “ഒരിക്കലും തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാനോ സംഭരിക്കാനോ രൂപകൽപ്പന ചെയ്തിട്ടില്ല,” എന്ന് സിഗ്നലിന്റെ സ്വകാര്യതാ നയത്തിൽ പറയുന്നു. ആപ്ലിക്കേഷനിലെ എല്ലാ സന്ദേശങ്ങളും കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു, അതായത് മൂന്നാം കക്ഷിക്ക് അല്ലെങ്കിൽ സിഗ്നലിന് അവ ആക്സസ് ചെയ്യാൻ കഴിയില്ല.
ടെലഗ്രാം

ടെലഗ്രാം മറ്റൊരു ജനപ്രിയ മെസഞ്ചർ ആണ്. നിങ്ങളുടെ ധാരാളം സുഹൃത്തുക്കളും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടാവും. ഉപയോഗിക്കാൻ ലളിതവും വാട്ട്സ്ആപ്പ് ഉപയോക്താക്കളിൽ ഭൂരിഭാഗവും ഉള്ളതിനാലും ഒരു ഉപയോക്താവിന് ഈ അപ്ലിക്കേഷനിലേക്ക് മാറുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. വാസ്തവത്തിൽ, ചില ടെലഗ്രാം ഫീച്ചറുകൾ വാട്ട്സ്ആപ്പിൽ ലഭ്യവുമല്ല.
സുരക്ഷ
ടെലഗ്രാം എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു, മാത്രമല്ല ഇത് ഓപ്പൺ സോഴ്സാണ്, എന്നിരുന്നാലും എൻക്രിപ്ഷനുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ പ്രശ്നങ്ങൾ ഉയർന്നിരുന്നു. സാധാരണ ചാറ്റുകൾ സിഗ്നലിലും വാട്ട്സ്ആപ്പിലും ഉള്ളതുപോലെ ടെലഗ്രാമിൽ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്യാറില്ല. നിങ്ങൾ ടെലിഗ്രാമിൽ ഒരു രഹസ്യ ചാറ്റ് ആരംഭിക്കുകയാണെങ്കിൽ, അത് സുരക്ഷിതമാണ്. ഈ രഹസ്യ ചാറ്റ് സന്ദേശങ്ങൾ നശിപ്പിക്കുന്നതിന് നിങ്ങൾക്ക് ഒരു ടൈമർ സജ്ജമാക്കാനും കഴിയും.
Read More: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിങ്ങളെ ബാധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം
എൻഡ്-ടു-എൻഡ് എൻക്രിപ്ഷനിൽ ഉൾപ്പെടാത്ത ഡാറ്റ സൂക്ഷിക്കുന്നതിന് കമ്പനി ലഭ്യമാക്കിയ പ്രത്യേക സ്റ്റോറേജ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു. “ഞങ്ങൾ സ്വന്തമായി വിന്യസിച്ച ക്രോസ്-ജുറിസ്ഡിക്ഷണൽ എൻക്രിപ്റ്റ് ചെയ്ത ക്ലൗഡ് സ്റ്റോറേജിനെ ഞങ്ങൾ ആശ്രയിക്കുന്നു, ഇത് ആപ്പിളിനെയോ ഗൂഗിളിനെയോ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” എന്നാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനെക്കുറിച്ചുള്ള പ്രശ്നത്തെക്കുറിച്ച് ടെലഗ്രാം സിഇഒ പവേൽ ഡുറോവ് ഒരു ബ്ലോഗിൽ എഴുതിയത്.
ക്രോസ്-പ്ലാറ്റ്ഫോം
ഒരു ക്രോസ്-പ്ലാറ്റ്ഫോം അപ്ലിക്കേഷനാണ് ടെലഗ്രാം. ഇത് ആൻഡ്രോയ്ഡ്, ഐഒഎസ്, വിൻഡോസ്, മാക് എന്നിവയിൽ ലഭ്യമാണ്. ഇത് സ്വന്തം ക്ലൗഡ് ബാക്കപ്പിനെ ആശ്രയിച്ചിരിക്കുന്നു, നിങ്ങൾ മറ്റൊരു ഉപകരണത്തിൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, മുഴുവൻ ചാറ്റ് ഹിസ്റ്ററിയും ലഭിക്കുമെന്ന് ടെലഗ്രാം ഉറപ്പാക്കുന്നു.
സൗജന്യമാണോ?
ടെലഗ്രാം സൗജന്യമാണ്. ഇത് ഇപ്പോൾ ഒരു പരസ്യരഹിത സേവനമാണ്. ടെലഗ്രാം അടുത്തിടെ ധനസമ്പാദന പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടെലഗ്രാം പ്രോജക്ട് പദ്ധതി തുടരാൻ പ്രതിവർഷം ചുരുങ്ങിയത് നൂറു ദശലക്ഷം ഡോളർ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ധനസമ്പാദന പദ്ധതികൾ പ്രഖ്യാപിച്ചത്. അവ ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുമെന്നും ഡാറ്റയൊന്നും എടുക്കില്ല എന്നും ടെലഗ്രാം അധികൃതർ വ്യക്തമാക്കി.
Read More: ഉപയോക്താക്കളെ ഞെട്ടിച്ച് വാട്സാപ്പിന്റെ പുതിയ ഫീച്ചറുകൾ
ടെലഗ്രാം പറയുന്നത് അനുസരിച്ച്, ബിസിനസ് അല്ലെങ്കിൽ പവർ ഉപയോക്താക്കൾക്കായി ഇത് ഉടൻ പ്രീമിയം ഫീച്ചറുകൾ ആരംഭിക്കും. നിലവിലെ ഫീച്ചറുകൾ എല്ലാ ടെലഗ്രാം ഉപയോക്താക്കൾക്കും സൗജന്യമായി തുടരും, പക്ഷേ പുതിയവ പ്രീമിയം പ്ലാനിൽ ഉൾപ്പെടാം.
ഗ്രൂപ്പുകൾ, വീഡിയോ, ഓഡിയോ കോളുകൾ
ഒരു ടെലഗ്രാം ഗ്രൂപ്പിൽ 200,000 ൽ അധികം ഉപയോക്താക്കളെ ഉൾപ്പെടുത്താനാവും. ഇത് ഓഡിയോ, വീഡിയോ കോളുകളെയും പിന്തുണയ്ക്കുന്നു. എല്ലാ വീഡിയോ കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തതാണ്.
അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ
അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ സീക്രട്ട് ചാറ്റ് ഫീച്ചറിന്റെ ഭാഗമാണ്. കൂടാതെ നിങ്ങൾക്ക് സന്ദേശങ്ങൾക്കായി ഒരു ടൈമർ സജ്ജമാക്കാൻ കഴിയും. ഒരു സെക്കൻഡ് മുതൽ ഒരാഴ്ച വരെയാണ് അപ്രത്യക്ഷമാക്കാനുള്ള സമയം ക്രമീകരിക്കാനാവുക.
സ്ക്രീൻ ലോക്ക്, മറ്റ് സവിശേഷതകൾ
ടെലഗ്രാമിന്റെ ഏറ്റവും മികച്ച ഭാഗം ഇത് ഒരു ക്ലൗഡ് സേവനമാണ്, അതിനാൽ ഒരു പുതിയ ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ മറ്റ് സെർവറുകളിലേക്ക് ചാറ്റുകൾ ബാക്കപ്പുചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. ക്ലൗഡ് അധിഷ്ഠിത സേവനത്തിലൂടെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത എല്ലാ ഉപകരണങ്ങളിലും ഡാറ്റ സമന്വയിപ്പിക്കുന്നതിനാൽ ടെലഗ്രാം ഉപയോഗിച്ച് നിങ്ങളുടെ ഏത് ഉപകരണങ്ങളിൽ നിന്നും നിങ്ങളുടെ ഡാറ്റ ആക്സസ് ചെയ്യാൻ കഴിയും.
നിങ്ങൾക്ക് 1.5 ജിബി വരെ ഫയലുകൾ അയയ്ക്കാനും ചാനലുകൾ സൃഷ്ടിക്കാനും ഒരു ഗ്രൂപ്പിൽ രണ്ട് ലക്ഷം ഉപയോക്താക്കളെ ചേർക്കാനും ഫയലുകൾ ഡൗൺലോഡ് ചെയ്യാതെ ഫോർവേഡ് ചെയ്യാനും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനും ആർക്കൈവ് ചാറ്റുകൾക്കും അതിലേറെ കാര്യങ്ങൾക്കും ടെലഗ്രാം ഉപയോഗിക്കാം. ഉപയോക്തൃനാമം അല്ലെങ്കിൽ ഫോൺ നമ്പർ ഉപയോഗിച്ച് ആരെയും കണ്ടെത്താൻ ടെലഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നു. സന്ദേശങ്ങൾ എഡിറ്റുചെയ്യാനും കഴിയും.
ടെലഗ്രാം പിക്ചർ-ഇൻ-പിക്ചർ മോഡിൽ വീഡിയോയും ചിത്രങ്ങളും കാണുന്നതിനെ പിന്തുണയ്ക്കുന്നു. അതായത് ഇൻസ്റ്റാഗ്രാം പോലുള്ള മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് വീഡിയോ കോൾ ചെയ്യാൻ ഇതിലൂടെ സാധിക്കും. ടെലിഗ്രാമിൽ, ഒരു ഗ്രൂപ്പ് അഡ്മിന് ഓരോ ഉപയോക്താവിനും വ്യത്യസ്ത പെർമിഷനുകൾ നൽതാനും കഴിയും. ടെലിഗ്രാമിൽ ആനിമേറ്റുചെയ്ത സ്റ്റിക്കറുകളും ലഭിക്കുന്നു,
ഡാറ്റ ശേഖരണം
ഫോൺ നമ്പർ, കോൺടാക്റ്റുകൾ, ഉപയോക്തൃ ഐഡി എന്നിവയാണ് ടെലഗ്രാം ശേഖരിക്കുന്ന ഡാറ്റകൾ എന്ന് ആപ്പ് സ്റ്റോറിലെ വിവരണം വ്യക്തമാക്കുന്നു.
വൈബർ

ടെലഗ്രാം, സിഗ്നൽ എന്നിവ കൂടാതെ വാട്ട്സ്ആപ്പിനു പകരം ഉപയോഗിക്കാവുന്ന നല്ലൊരു ആപ്പ് ആണ് വൈബർ.
സുരക്ഷാ ഫീച്ചറുകൾ
സ്വകാര്യതക്ക് പ്രാധാന്യം നൽകുന്നതും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനെ പിന്തുണയ്ക്കുന്നതുമായ മറ്റൊരു മെസഞ്ചർ അപ്ലിക്കേഷനാണ് വൈബർ. എല്ലാത്തരം സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും വോയ്സ്, വീഡിയോ കോളുകളും ഗ്രൂപ്പ് ചാറ്റുകളും എൻക്രിപ്റ്റുചെയ്യുന്നു ഇതിൽ. പരമാവധി പരിരക്ഷ ലഭിക്കുന്നതിന് എല്ലാവരും വൈബറിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കമ്പനി പറയുന്നു.
Read More: വാട്സാപ്പ് വെബിലും ഇനി വീഡിയോ കോൾ, ചെയ്യേണ്ട കാര്യങ്ങൾ
വാട്ട്സ്ആപ്പിന് സമാനമായി, നിങ്ങളുടെ എല്ലാ ചാറ്റുകളും ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യാൻ കഴിയും, അവിടെ നിന്ന് നിങ്ങളുടെ ചാറ്റുകൾ റീസ്റ്റോർ ചെയ്യാനും കഴിയും. നിങ്ങളുടെ ചാറ്റുകൾ ഗൂഗിളിലേക്ക് അപ്ലോഡുചെയ്തുകഴിഞ്ഞാൽ, ആ വിവരങ്ങളുടെ സംരക്ഷണത്തിന് കമ്പനിക്ക് ഉത്തരവാദിത്തമില്ല എന്നും അത് ഗൂഗിളിന്റെ സ്വകാര്യതാ നയം അനുസരിച്ചായിരിക്കുമെന്നും വൈബർ അധികൃതർ വ്യക്തമാക്കുന്നു.
ക്രോസ്-പ്ലാറ്റ്ഫോം
ആൻഡ്രോയ്ഡ്, ഐഒഎസ്, വിൻഡോസ് എന്നിവയിൽ വൈബർ ഉപയോഗിക്കാൻ കഴിയും.
സൗജന്യമാണോ?
വൈബറും സൗജന്യമാണ്. ചില പരസ്യങ്ങൾ ആപ്പിൽ ദൃശ്യമാവും. പരസ്യ ദാതാക്കൾക്കോ ബ്രാൻഡുകൾക്കോ ചാറ്റുകൾ ആക്സസ് ചെയ്യാൻ കഴിയില്ല എന്ന് വൈബർ അധികൃതർ പറയുന്നു.
ഗ്രൂപ്പുകൾ, വീഡിയോ, ഓഡിയോ കോളുകൾ
250 അംഗങ്ങളുള്ള ഗ്രൂപ്പ് നിർമിക്കാൻ വൈബറിൽ കഴിയും. വൈബർ ഉപയോക്താക്കൾക്ക് ക്ഷണം അയച്ചുകൊണ്ട് മാത്രമേ ഗ്രൂപ്പിലേക്ക് അംഗങ്ങളെ ചേർക്കാൻ കഴിയൂ. ഈ സവിശേഷത സിഗ്നലിന് സമാനമായി പ്രവർത്തിക്കുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത വീഡിയോ, ഓഡിയോ കോളുകളെയും അപ്ലിക്കേഷൻ പിന്തുണയ്ക്കുന്നു.
അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ
ടെലിഗ്രാമിലേതിന് സമാനമായി, നിങ്ങൾക്ക് ഇവിടെയും ഒരു രഹസ്യ ചാറ്റ് മോഡ് ലഭിക്കും. ചാറ്റ് അപ്രത്യക്ഷമാക്കുന്നതിനുള്ള ടൈമർ നിങ്ങൾക്ക് ക്രമീകരിക്കാൻ കഴിയും. ഒരു സെക്കൻഡ് മുതൽ ഒരാഴ്ച വരെ സമയം ഇത്തരത്തിൽ ക്രമീകരിക്കാം. കൂടാതെ സ്ക്രീൻഷോട്ട്, ഫോർവേഡിങ് ഫീച്ചറുകൾ ഡിസേബിൾ ചെയ്യാം.
സ്ക്രീൻ ലോക്ക്, മറ്റ് സവിശേഷതകൾ
സ്ക്രീൻ ലോക്ക് ഫീച്ചർ വൈബറിൽ ലഭ്യമാണ്, പക്ഷേ മൊബൈൽ പതിപ്പിന് ലഭ്യമല്ല. നിങ്ങൾക്ക് സ്റ്റിക്കറുകളും ജിഫുകളും അയയ്ക്കാനും സന്ദേശങ്ങൾ ഇല്ലാതാക്കാനും എഡിറ്റുചെയ്യാവനും വൈബറിൽ കഴിയും. ലൊക്കേഷൻ പങ്കിടാനോ വോയ്സ് സന്ദേശങ്ങൾ പങ്കിടാനോ ഫയലുകൾ പങ്കിടാനോ കഴിയും. നിങ്ങൾക്ക് സ്വന്തമായി ഒരു ജിഫ് സൃഷ്ടിക്കാനും അപ്ലിക്കേഷനിൽ തന്നെ യൂട്യൂബ് വീഡിയോകൾ തിരയാനും അയയ്ക്കാനും മറ്റ് നിരവധി കാര്യങ്ങൾ ചെയ്യാനും കഴിയും.
വൈബർ എന്ത് ഡാറ്റ ശേഖരിക്കും?
വൈബർ ലൊക്കേഷനും ഡിവൈസ് ഐഡന്റിഫയർ വിവരങ്ങളും ശേഖരിക്കുന്നു. ഇഇത് ഫോൺ നമ്പറുകൾ, യൂസർ ഐഡി, പ്രോഡക്ട് ഇൻററാക്ഷൻ, പർച്ചേസ് ഹിസ്റ്ററി, ഇമെയിൽ ഐഡി, പേര്, കോൺടാക്റ്റുകൾ എന്നിവ പോലുള്ള മറ്റ് സമ്പർക്ക വിവരങ്ങളും ശേഖരിക്കുന്നു.