Bridgefy: മെസേജ്, വോയ്സ്കോൾ പോലുള്ള ആശയ വിനിമയ മാർഗങ്ങൾക്കായുള്ള ചില മൊബൈൽ ആപ്ലിക്കേഷനുകൾ പ്രതിസന്ധി ഘട്ടങ്ങളിൽ വ്യാപകമായി ജനപ്രീതി കൈവരിക്കാറുണ്ട്. കഴിഞ്ഞ മാസം വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം സംബനധിച്ചുണ്ടായ പ്രതിസന്ധിയെത്തുടർന്നുണ്ടായ സാഹചര്യം ഇതിന് ഒരു ഉദാഹരണമാണ്. വാട്സ്ആപ്പിന്റെ എതിരാളികളായ സിഗ്നലിനെയും ടെലിഗ്രാമിനെയും ദിവസങ്ങൾക്കുള്ളിൽ ഒരു വലിയ ഉപയോക്തൃ അടിത്തറ സൃഷ്ടിക്കാൻ ഇത് സഹായകരമായി.

ഇപ്പോൾ മ്യാൻമർ സൈനിക അട്ടിമറിയുടെ സമയത്ത് ചർച്ചയാവുന്ന ഒരു ആപ്ലിക്കേഷനാണ് ബ്രിഡ്ജ്ഫൈ. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായുള്ള ഒരു ഓഫ്‌ലൈൻ മെസഞ്ചർ ആപ്ലിക്കേഷനാണ് ബ്രിഡ്ജ്ഫൈ.

ഓഫ്‌ലൈനായി മെസേജ് ആയക്കാൻ കഴിയുന്ന ഈ ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഈ പ്ലാറ്റ്ഫോം എത്രത്തോളം സുരക്ഷിതമാണെന്നും അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാം.

എന്താണ് ബ്രിഡ്ജ്ഫൈ, ഇത് എങ്ങനെ പ്രവർത്തിക്കും?

ഒരു ഓഫ്‌ലൈൻ കമ്മ്യൂണിക്കേഷൻ ആപ്ലിക്കേഷൻ ആയതിനാൽ, ഡാറ്റാ നെറ്റ്‌വർക്കിന്റെയോ എസ്എംഎസിന്റെയോ ആവശ്യമില്ലാതെ സമീപ ഇടങ്ങളിലുള്ള ഉപഭോക്താക്കൾക്ക് തമ്മിൽ ആശയവിനിമയം നടത്താൻ ബ്രിഡ്ജ്ഫൈ ഉപയോഗിക്കാം. ഈ അപ്ലിക്കേഷൻ ഒരു മെഷ് നെറ്റ്‌വർക്കിലാണ് പ്രവർത്തിക്കുന്നത്. ബ്ലൂടൂത്ത് വഴി നിങ്ങളുടെ സന്ദേശങ്ങൾ റിലേ ചെയ്യുകയാണ് ഈ ആപ്പിൽ. സമീപത്തുള്ള മറ്റ് ബ്രിഡ്ജ്ഫൈ ഉപയോക്താക്കളുടെ ഫോണുകളിലെ ബ്ലൂടൂത്ത് സംവിധാനവും ഇതിനായി ഉപയോഗിക്കുന്നു.

ബ്രിഡ്ജ്ഫൈ ഉപയോഗിക്കാൻ 330 അടി ദൂരപരിധിയിൽ മറ്റൊരു ഉപയോക്താവെങ്കിലും ഉണ്ടായിരിക്കണം. നിങ്ങൾക്കും നിങ്ങളുടെ സന്ദേശം സ്വീകരിക്കുന്ന ആൾക്കും ഇടയിൽ ഇത്തരത്തിൽ ആ ആപ്പിന്റെ ഉപഭോക്താക്കൾ ഒരു ശൃംഖല പോലെ പ്രവർത്തിക്കും. നിങ്ങളുടെ കോൺടാക്റ്റുകൾ സെറ്റ് ചെയ്യുന്നതിനും സിങ്ക് ചെയ്യുന്നതിനും തുടക്കത്തിൽ ആപ്പ് ഇന്റർനെറ്റുമായി കണക്ട് ചെയ്യണം. അതിന് ശേഷം നിങ്ങൾക്ക് സമീപത്തുള്ള ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ഇല്ലാതെ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും.

Read More: How to stop Facebook from tracking you on apps and websites- ഫെയ്സ്ബുക്ക് നിങ്ങളെ ട്രാക്ക് ചെയ്യുന്നത് തടയുന്നതെങ്ങനെ

മറ്റൊരു ബ്രിഡ്ജ്ഫൈ ഉപയോക്താവുമായി ലൈവ് ലൊക്കേഷൻ പങ്കിടാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ കോൺ‌ടാക്റ്റ് ലിസ്റ്റിൽ‌ ഇല്ലെങ്കിലും സമീപത്തുള്ള ഉപയോക്താക്കളുമായി ആശയവിനിമയം നടത്താൻ നിങ്ങളെ അനുവദിക്കുന്ന ഒരു ബ്രോഡ്കാസ്റ്റ് ഫീച്ചറും ആപ്പിലുണ്ട്.

നിങ്ങളുടെ ബ്ലൂടൂത്ത് പരിധിക്കുള്ളിൽ മറ്റൊരു ബ്രിഡ്ജ്ഫൈ ഉപയോക്താവില്ലെങ്കിൽ ബ്രിഡ്ജ്ഫൈകൊണ്ട് കാര്യമുണ്ടാവില്ല. അതേസമയം കോളേജുകളിലോ, സംഗീത പരിപാടികളിലോ, പ്രതിഷേധങ്ങളിലോ പങ്കെടുക്കുന്നവർക്ക് ഇന്റർനെറ്റ് കട്ട് ചെയ്താലും പരസ്പരം ബന്ധപ്പെടാൻ കഴിയും. ആപ്പ് ഉപയഗിക്കുന്നവരുടെ എണ്ണം വർധിച്ചാൽ അതിനനുസരിച്ച് കൂടുതൽ ഇടങ്ങളിൽ കവറേജ് വ്യാപിപ്പിക്കാനും കഴിയും.

എന്തുകൊണ്ടാണ് പലരും മ്യാൻമറിൽ ബ്രിഡ്ജ്ഫൈയിലേക്ക് തിരിയുന്നത്?

ഫെബ്രുവരി ഒന്നിന് മ്യാൻമറിൽ ഒരു സൈനിക അട്ടിമറി നടന്നിരിക്കുകയാണ്. രാജ്യത്ത് സൈന്യം നിയന്ത്രണം പിടിച്ചെടുക്കുകയും നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) നേതാവ് ആംഗ് സാൻ സൂകി, പ്രസിഡന്റ് വിൻ മൈന്റ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിലവിൽ, ഒരു വർഷമായി മ്യാൻമർ അടിയന്തരാവസ്ഥയിലാണ്.

Read More: നീവ: ഗൂഗിൾ സെർച്ചിന് ആഡ് ഫ്രീ ബദലുമായി ഗൂഗിൾ മുൻ ജീവനക്കാരായ ഐഐടി പൂർവ്വ വിദ്യാർത്ഥികൾ

തലസ്ഥാനമായ നെയ്‌പിറ്റോ, പ്രധാന നഗരമായ യാങ്കൂൺ എന്നിവയുൾപ്പെടെ മ്യാൻമറിന്റെ വിവിധ ഭാഗങ്ങളിൽ ആശയവിനിമയ സംവിധാനങ്ങൾ നിർത്തലാക്കിയ ശേഷം ആളുകൾക്ക് എസ്എംഎസിനെയോ ഇന്റർനെറ്റ് കണക്റ്റിവിറ്റിയെയോ ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയും വന്നു. ഈ സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ ആളുകൾ തേടിയപ്പഴാണ് ബ്രിഡ്ജ്ഫൈ ഡൗൺലോഡ് ചെയ്യാൻ ആരംഭിച്ചത്.

മ്യാൻമറിലെ അട്ടിമറിക്ക് പിറകെ കുറച്ച് മണിക്കൂറിനുള്ളിൽ നിരവധി പേരാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്തതെന്ന് ബ്രിഡ്ജ്ഫൈ അധികൃതർ പറഞ്ഞിരുന്നു. “ഏതാനും മണിക്കൂറുകൾക്കുള്ളിൽ 6,00,000 ഉപയോക്താക്കൾ ഇത് ഡൗൺലോഡ് ചെയ്തു, ഇത് ഏറ്റവും ഉയർന്ന നിരക്കാണ്,” ഫെബ്രുവരി 2 ന് ബ്രിഡ്ജ്ഫൈയുടെ ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള ട്വീറ്റിൽ പറയുന്നു.

തായ്‌ലൻഡിലെ സർക്കാർ വിരുദ്ധ റാലികളിലും ബ്രിഡ്ജ്ഫൈ ഉപയോഗിച്ചിരുന്നു. ഇറാനിലെയും ഇറാഖിലെയും പ്രതിഷേധങ്ങളിൽ, സമാനമായ ബ്ലൂടൂത്ത് അധിഷ്ഠിത നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കുന്ന ഫയർചാറ്റ് പോലുള്ള മറ്റ് ആപ്ലിക്കേഷനുകളും ഉപയോഗിച്ചിരുന്നു. 2019 ലെ സി‌എ‌എ വിരുദ്ധ പ്രതിഷേധത്തിനിടെ ആശയവിനിമയ സംവിധാനങ്ങൾ വെട്ടിക്കുറച്ച സമയത്ത് ഇന്ത്യയിലും ബ്രിഡ്ജ്ഫൈ പ്രചാരത്തിലായിരുന്നു.

ബ്രിഡ്ജ്ഫി എത്രത്തോളം സുരക്ഷിതമാണ്?

നിങ്ങളുടെ സന്ദേശം സ്വീകരർത്താവിലേക്ക് എത്തുന്നത് ഇടയിലുള്ള മറ്റ് നിരവധി ഉപഭോക്താക്കളുടെ ഫോണുകളോ ടാബ്ലറ്റുകളോ വഴിയാണ്. ഇതിനാൽ നിങ്ങളുടെ സന്ദേശങ്ങൾ‌ നടുവിലുള്ളവർ‌ക്ക് കാണാൻ‌ കഴിയുമോ എന്ന ചോദ്യം ഉയരും. “മുൻ‌നിര” എൻ‌ക്രിപ്ഷനും കാലാകാലങ്ങളിൽ അപ്ലിക്കേഷൻ നടപ്പിലാക്കുന്ന മറ്റ് സുരക്ഷാ മെച്ചപ്പെടുത്തലുകളും കാരണം ഇത് സാധ്യമല്ലെന്ന് ബ്രിഡ്ജ്ഫൈ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അടുത്ത കാലം വരെ അത് അങ്ങനെയായിരുന്നില്ല.

Read More: വാട്സ്ആപ്പിനെക്കുറിച്ചോർത്ത് ആശങ്കയിലാണോ? മൂന്ന് ബദൽ മെസഞ്ചർ ആപ്പുകൾ പരിചയപ്പെടാം

2020 വരെ, നിരവധി സുരക്ഷാ വിദഗ്ധർ അപ്ലിക്കേഷന്റെ പ്രവർത്തനത്തെയും നയങ്ങളെയും സ്വകാര്യതയുടെയും സുരക്ഷയുടെയും അടിസ്ഥാനത്തിൽ ചോദ്യം ചെയ്തിരുന്നു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പശ്ചാത്തലങ്ങളിൽ ഇത് നിർണായകമായിരുന്നു, പ്രത്യേകിച്ചും അത്തരം സന്ദർഭങ്ങളിൽ ബ്രിഡ്ജ്ഫൈ പതുക്കെ ഒരു ആശയവിനിമയ മാർഗമായി മാറുമ്പോൾ. വിമർശനങ്ങളെത്തുടർന്ന് ബ്രിഡ്ജ്ഫി 2020 ജൂണിൽ എൻ‌ക്രിപ്ഷൻ വാഗ്ദാനങ്ങൾ താൽക്കാലികമായി തിരിച്ചുകൊണ്ടുവന്നു.

പ്ലേ സ്റ്റോറിൽ അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിന്റെ വിവരണത്തിൽ മെസേജുകൾ സംരക്ഷിക്കുന്നതിന് എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഇപ്പോൾ ഉപയോഗിക്കുന്നുവെന്ന് പരാമർശിക്കുന്നുണ്ട്. നിങ്ങൾ ഈ ആപ്പ് വഴി ഒരാളുമായി ആശയവിനിമയം നടത്തുമ്പോൾ മറ്റ് ബ്രിഡ്ജ്ഫൈ ഉപയോക്താക്കൾക്ക് അക്കാര്യം അറിയാൻ കഴിയില്ലെന്നും അവർക്ക് മറ്റൊരാളായി നടിച്ച് വിവരം ചോർത്താൻ കഴിയില്ലെന്നും വിവരണത്തിൽ പരാമർശിക്കുന്നു.

“ഭാവിയിലെ പതിപ്പുകളിൽ കൂടുതൽ സുരക്ഷാ സവിശേഷതകൾ ഉൾപ്പെടും, എന്നാൽ ബ്രിഡ്ജ്ഫൈയുടെ സുരക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ ഇപ്പോൾ നിലവിലുണ്ടെന്ന് ഉറപ്പുനൽകുന്നു,” വിവരണത്തിൽ പറയുന്നു. എന്നിരുന്നാലും, ഫോൺ നമ്പർ വെരിഫിക്കേഷൻ, യുണീക്കായ യൂസർ നെയിം എന്നിവ പോലുള്ള ഫീച്ചറുകൾ ഇനിയും ആപ്പിൽ വന്നിട്ടില്ല.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook