/indian-express-malayalam/media/media_files/uploads/2023/09/KrisGopalakrishnan-Interview-2.jpg)
ക്രിസ് ഗോപാലകൃഷ്ണൻ പ്രത്യേക അഭിമുഖം
പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം ആദരിച്ച ഇൻഫോസിസിന്റെ മുൻ സിഇഒയും മാനേജിങ് ഡയറക്ടറും മലയാളിയുമായ ക്രിസ് ഗോപാലകൃഷ്ണനെ, ബെംഗ്ലൂരുവിലെ കോറമംഗലയിലുള്ള ഓഫീസിൽ കാണുമ്പോൾ അദ്ദേഹം മസ്തിഷ്ക ഗവേഷണത്തിനുള്ള തന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്. മൃദുഭാഷിയായ അദ്ദേഹം മസ്തിഷ്‌ക ഗവേഷണം സംബന്ധിച്ച പ്രവർത്തനങ്ങളിൽ തനിക്കുള്ള താൽപ്പര്യത്തെ കുറിച്ചും ഗവേഷണത്തെ സംബന്ധിച്ചും അതിന് നൽകിയ സംഭാവനകളെക്കുറിച്ചും സംസാരിച്ചു.
അടുത്ത 10 വർഷത്തിനുള്ളിൽ അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളെ ചെറുക്കുന്നതിന് 1,500 കോടി രൂപ സംഭാവന ചെയ്യാമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. മസ്തിഷ്കത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് മാർഗദർശകമായി ഇത് മാറിയേക്കാം.
മസ്തിഷ്ക ഗവേഷണത്തിൽ തനിക്കുള്ള താൽപ്പര്യത്തെ കുറിച്ചും പുതുമയ്ക്കായുള്ള അന്വേഷണങ്ങളെ പരിപോഷിപ്പിക്കുന്നതിനും സംരംഭകർക്ക് നൽകുന്ന പിന്തുണയെക്കുറിച്ചും ക്രിസ് ഗോപാലകൃഷ്ണനുമായി വെങ്കിടേഷ് കണ്ണയ്യ നടത്തിയ അഭിമുഖം.
വെങ്കിടേഷ് കണ്ണയ്യ: സമൂഹത്തിൽ ഗണ്യമായ സ്വാധീനം സൃഷ്ടിക്കാനുതകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള താങ്കളുടെ ഇടപെടലുകളെ കുറിച്ച് പറയാമോ?
ക്രിസ് ഗോപാലകൃഷ്ണൻ: മസ്തിഷ്ക ഗവേഷണത്തിനുള്ള ഫണ്ടിങ് വലിയ സ്വാധീനം സൃഷ്ടിക്കുമെന്ന് ഞാൻ കരുതുന്നു. ബെംഗ്ലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ബ്രെയിൻ റിസർച്ച് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്ക് ലോകോപകാരപ്രദമായ പ്രവർത്തനങ്ങൾക്കായി അടുത്ത 10 വർഷത്തിനുള്ളിൽ ഏകദേശം 1,500 കോടി രൂപ സംഭാവന ചെയ്യും.
'മസ്തിഷ്കത്തിനായി ഒരു ഭൂപടം' നിർമ്മിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. അത് അഭുതപൂർവ്വവും യഥാർഥ ഗവേഷണത്തിന്റെ വഴിതുറക്കുന്നതുമാണ്. ഇത് ശരിക്കും ലോകോത്തര ഗവേഷണമാണ്, അത് ഇന്ത്യയിൽ നടക്കുന്നു എന്നതിൽ നാം അഭിമാനിക്കണം. ഗവേഷണ സംഘത്തിന്റെ ഫലങ്ങൾ ആഗോള ആരോഗ്യ സംരക്ഷണ ഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തും. കഠിനമായ വെല്ലുവിളികൾ ഏറ്റെടുക്കുകയും അവ പരിഹരിക്കുകയും ചെയ്യുന്ന ഒന്നാകും ഇത്.
ഇന്ത്യയിൽ ഏകദേശം നാല് ദശലക്ഷത്തോളം അൽഷിമേഴ്‌സ് ബാധിതരുണ്ട്, അവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയുമാണ്. ശരിയായ അവബോധം ഇല്ലാത്തതും അപര്യാപ്തമായ ഗവേഷണവും ഇതിനെ ഫലമുളവാക്കുന്ന ഇടപെടലിനുള്ള വിഷയമാക്കുന്നു.
ഇന്ത്യയിൽ നിക്ഷേപം തീരെ കുറവായ അടിസ്ഥാന ഗവേഷണങ്ങൾക്ക് പണം മുടക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മസ്തിഷ്ക ഗവേഷണത്തിൽ ലോകോത്തര ഗവേഷണ സാഹചര്യമൊരുക്കാനാണ് ഞാൻ ശ്രമിക്കുന്നത്, നൂതനത്വത്തിനുള്ള അന്വേഷണവും പിന്തുണയും തീർച്ചയായും തുടരും.
മസ്തിഷ്ക ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ കാരണം എന്താണ്? അത് വലിയ ലക്ഷ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പ്രായത്തിനനുസരിച്ച് മസ്തിഷ്കം എങ്ങനെ മാറുന്നുവെന്ന് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാത്തിനുമുപരി, കമ്പ്യൂട്ടർ ശാസ്ത്രജ്ഞർ എല്ലായ്‌പ്പോഴും തലച്ചോറിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടരായിരുന്നു. മനുഷ്യ മസ്തിഷ്കവും അതിന്റെ പ്രവർത്തനങ്ങളും എക്കാലത്തും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടിങ്ങിന്റെ പുതിയ രീതികളിലേക്കും മോഡുകളിലേക്കും ഉള്ള യാത്രയുടെ കാതൽ ഇതാണ്.
/indian-express-malayalam/media/media_files/uploads/2023/09/Kris-Gopalakrishnan-1.jpg)
മാത്രമല്ല, നമ്മൾ വലിയ വെല്ലുവിളികൾ ഏറ്റെടുക്കുകയും അവ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ന്യൂറോ ഡീജനറേറ്റീവ് രോഗം വലിയ വെല്ലുവിളിയാണ്. ഇത് സംബന്ധിച്ച് ലോകമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഗവേഷണം നടക്കുന്നു. നമ്മളും ആ അന്വേഷണത്തിലുണ്ട്. നമ്മുടെ പഠനം വഴിത്തിരിവായേക്കാം.
എന്താണ് താങ്കളുടെ സ്വകാര്യ നിക്ഷേപ തത്വശാസ്ത്രം? സാമൂഹിക ഇടപെടൽ അതിൽ ഉൾച്ചേർന്നതാണോ അതോ ലോകോപകാരപ്രദമായ സംരംഭങ്ങളിലൂടെ കൂടുതൽ സ്വാധീനം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
ലാഭാധിഷ്ഠിതമായി പ്രവർത്തിക്കുന്ന നിക്ഷേപങ്ങളിലൂടെയും ജീവകാരുണ്യ ഗ്രാന്റുകളിലൂടെയും പ്രത്യക്ഷമായും പരോക്ഷമായും സാമൂഹികമായ ഫലമുളവാക്കാൻ ഞാൻ ശ്രമിക്കുന്നു. എന്നാൽ വലിയ തോതിലുള്ള സാമൂഹിക മാറ്റമുണ്ടാക്കാൻ നോക്കുന്നത് കൂടുതലും ലോകോപകാരപ്രദമായ ഗ്രാന്റുകളിലൂടെയാണ്. എന്നിരുന്നാലും, ഞങ്ങളുടെ ലാഭാധിഷ്ഠിതമായി പ്രവർത്തിക്കുന്ന ആക്‌സിലർ വെഞ്ചേഴ്‌സ് പോലുള്ള സംരംഭങ്ങളിൽ പോലും, ചില സ്റ്റാർട്ടപ്പുകൾ നല്ല സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതായി ഞങ്ങൾ കാണുന്നു.
വ്യക്തിപരമായും, ഇന്ത്യൻ കൈത്തറികളുടെയും കരകൗശല വസ്തുക്കളുടെയും ആഗോള വിപണനം ലക്ഷ്യമിടുന്ന 'ഗോകൂപ്പ്', പഴങ്ങളുടെയും പച്ചക്കറികളുടെയും ഫാം ടു ഹോം ഡെലിവറി സാധ്യമാക്കുന്ന 'ഫ്രഷ്‌വേൾഡ്' തുടങ്ങിയ സ്റ്റാർട്ടപ്പുകൾ ഉൾപ്പടെ പലയിടങ്ങളിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
ഗോപാലകൃഷ്ണൻ-ദേശ്പാണ്ഡെ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പിന്റെ പ്രചോദനം എന്തായിരുന്നു? അത് എങ്ങനെ പ്രവർത്തിക്കുന്നു?
ശാസ്ത്രജ്ഞർക്കും അക്കാദമിക് വിദഗ്ധർക്കും ഡോക്ടറൽ വിദ്യാർത്ഥികൾക്കും അവരുടെ ഗവേഷണ ആശയങ്ങൾ വിപണിയിലെത്തിക്കുന്നതിനുള്ള വേദിയാണിത്. 100-ലധികം പേരെ ഇതുവഴി മെന്റർ ചെയ്തിട്ടുണ്ട്. എല്ലാ വർഷവും ഞങ്ങൾ പ്രതീക്ഷ നൽകുന്ന പത്ത് ആശയങ്ങൾ തിരഞ്ഞെടുക്കുന്നു. ശ്രദ്ധാപൂർവമായ സ്ക്രീനിംഗ്, ഐഡിയേഷൻ എന്നിവയ്ക്ക് ശേഷമാണ് ഈ തിരഞ്ഞെടുപ്പ്. അത് വിപണിയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനവും നടക്കുന്നു.
അവരുടെ ആശയങ്ങൾ വിപണിയിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ഗവേഷകർക്ക് ഞങ്ങൾ മെന്റർഷിപ്പും ഗ്രാന്റുകളും നൽകുന്നു. ഇത് യുഎസിലെ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ മാതൃകയിലാണ്. ഗവേഷകർക്കും ഫാക്കൽറ്റികൾക്കും ഇടയിൽ സംരംഭകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു.
ആക്‌സിലർ വെഞ്ചേഴ്‌സിൽ സാമൂഹിക സ്വാധീനം സൃഷ്‌ടിക്കുന്ന ചില നിക്ഷേപങ്ങൾ പറയാമോ?
ആക്‌സിലർ വെഞ്ചേഴ്‌സിലെ ഞങ്ങളുടെ സ്റ്റാർട്ടപ്പുകൾ സ്വാധീനം സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഞങ്ങളുടെ നിക്ഷേപങ്ങളിലൊന്ന് റേഡിയേഷൻ രഹിതവും നോൺ ഇൻവേസീവ് സ്തനാർബുദ സ്‌ക്രീനിംഗ് ടെസ്റ്റ് നൽകുന്ന 'നിരാമൈ' എന്ന പ്രോജക്ടിലാണ്. സ്തനാരോഗ്യത്തിലെ അപാകതകൾ കണ്ടെത്തുന്നതിന് 'നിരാമൈ' തെർമൽ ഇമേജുകളിൽ നിർമ്മിതബുദ്ധി ഉപയോഗിക്കുന്നു. ഇത് വളരെ വിജയകരമായ ഒന്നാണ്.
രണ്ടാമതായി, 'അൽഗോരിതമിക് ബയോളജിക്സി'ലെ ഞങ്ങളുടെ നിക്ഷേപം വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. കാരണം, മഹാമാരിയുടെ സമയത്തേതുപോലെ പരിശോധന കാര്യക്ഷമവും വേഗമേറിയതുമായിരിക്കണം. മാത്രമല്ല, വിതരണ വശത്തിന്റെ കാര്യക്ഷമതയില്ലായ്മ പരിഹരിക്കാനും പ്രവർത്തിക്കേണ്ടതുണ്ട്. 'അൽഗോരിതമിക് ബയോളജിക്സ്' തന്മാത്രാ കണ്ടെത്തലിനും ഡയഗ്നോസ്റ്റിക്സിനും കാര്യക്ഷമതയും നൽകുന്നു. ഇത് ബാച്ച് ടെസ്റ്റിംഗിലേക്ക് അത്തരം കാര്യക്ഷമത കൊണ്ടുവരുന്നു. അത് ഒരു ഗെയിം ചേയ്ഞ്ചറാകാൻ സാധ്യതയുണ്ട്.
സ്വസ്ത് സഖ്യ സംരംഭത്തിന്റെ പുരോഗതി എങ്ങനെയാണ്?
ആരോഗ്യമേഖലയിൽ ഡാറ്റ പങ്കിടലിനായി ഒരു ഡിജിറ്റൽ ആർക്കിടെക്ചർ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് നിരവധി പങ്കാളികൾ ഉൾപ്പെടുന്ന സഖ്യമാണ്. ആരോഗ്യമേഖലയിൽ ഒരു ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം നിർമ്മിക്കുകയാണ്. ആരോഗ്യ പരിരക്ഷാ ദാതാക്കൾ, ഇൻഷുറൻസ് കമ്പനികൾ, രോഗികൾ എന്നിവർക്കിടയിൽ പരസ്പരം പ്രവർത്തിക്കാവുന്ന പ്ലാറ്റ്‌ഫോമുകൾ ഞങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
ഇത് ആരോഗ്യ റെക്കോർഡുകളും ക്ലെയിമുകളും (ഇൻഷുറൻസ്) ലഭ്യമാക്കുന്ന പ്രവർത്തന സുഗമമാക്കുകയും ആരോഗ്യ രംഗത്ത് വേഗതയും അടുക്കും ചിട്ടയും കൊണ്ടുവരുകയും ചെയ്യും. ഇതുവരെ കൈവരിച്ച നേട്ടങ്ങളിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ഇത് മറ്റ് പങ്കാളികളുമായി സഹകരിച്ചുള്ള ശ്രമമാണ്.
/indian-express-malayalam/media/media_files/uploads/2023/09/Kris-Gopalakrishnan-2.jpg)
ഐടി ചരിത്രം രേഖപ്പെടുത്തുന്ന Itihaasa.com പോലുള്ള സംരംഭങ്ങളെക്കുറിച്ചും അതിനു പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചും പറയാമോ?
ഐടി സേവന വ്യവസായത്തിൽ ഇന്ത്യ ഒരു ലോകനേതൃത്വമാണെന്നും ഈ മേഖലയിൽ ലോകത്തെ മികച്ച പത്ത് കമ്പനികളിൽ അഞ്ചെണ്ണം ഇന്ത്യൻ കമ്പനികളാണെന്നും നാം മനസ്സിലാക്കണം. ഈ പ്രക്രിയയുടെ ഭാഗമായവരുമായി ബന്ധപ്പെടാനും ഐടി സേവന വ്യവസായം കെട്ടിപ്പടുക്കുന്നതിലെ അവരുടെ യാത്രയും അനുഭവങ്ങളും രേഖപ്പെടുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു.
അത്തരം നേട്ടങ്ങൾ നാം ആഘോഷിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് വ്യവസായ വിദഗ്ധരുമായുള്ള വീഡിയോകൾ ഉണ്ട്. ഞങ്ങൾ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ധാരാളം വർക്ക് ഷോപ്പുകളും കോൺഫറൻസുകളും നടത്തുകയും ചെയ്തിട്ടുണ്ട്.
ജനറേറ്റീവ് എഐ, ചാറ്റ്ജിപിടി എന്നിവ പ്രയോജനപ്പെടുത്താൻ ഇന്ത്യ തയ്യാറാണോ? അത് സമൂഹത്തിൽ ചലനം സൃഷ്ടിക്കാനുതകുന്ന വിധം ഉപയോഗിക്കാനാകുമോ?
ഈ വിഭാഗത്തിൽ ധാരാളം അവസരങ്ങളുണ്ട്. കോഡിംഗിൽ സഹായിക്കാൻ ഒരുതരം പേഴ്‌സണൽ അസിസ്റ്റന്റായി ഇത് ആരംഭിക്കാം. എന്നാൽ ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ, പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാകും. കാരണം ഇവ വലിയ അളവിലുള്ള ഡാറ്റയും ലളിതമോ സങ്കീർണ്ണമോ ആയ ചോദ്യങ്ങളുള്ള ഉപയോക്താക്കൾക്കിടയിൽ ഇന്റർഫേസ് ആകും.
ഇതിൽ നിരവധി ആപ്ലിക്കേഷനുകൾ ഉണ്ടായേക്കാം. ഇവയിൽ സാമൂഹിക സ്വാധീനം ചെലുത്തുന്നവയും സർക്കാർ ചട്ടങ്ങളും നിയമങ്ങളും ലളിതമാക്കിയാൽ ഉപയോക്താക്കൾക്ക് വിവിധ ഭാഷകളിൽ തങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം തേടാൻ സഹായിക്കുന്നവയും ഉണ്ടാകാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.