Vodafone brings Rs. 997 long-term prepaid plan: ഇന്ത്യൻ ടെലികോം രംഗത്ത് ഏറെ മാറ്റങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ടെലികോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ, എയർടെൽ എന്നിവരെല്ലാം തന്നെ താരിഫ് വർധിപ്പിച്ചിരിക്കുകയാണ്. ഒപ്പം തങ്ങളുടെ വരിക്കാർക്കായി കമ്പനികൾ പുതിയ പ്ലാനുകളും കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോഴിതാ, ദീർഘനാളത്തേക്കുളള ഒരു കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് വോഡഫോൺ. 997 രൂപയുടെ ഈ പ്ലാനിന്റെ കാലാവധി 180 ദിവസമാണ് (ഏതാണ്ട് ആറുമാസക്കാലം).

ടെലികോം ടോക്ക് വെബ്സൈറ്റാണ് ഈ പ്ലാനിനെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. 997 ന്റെ ഈ പ്രീപെയ്ഡ് പ്ലാൻ പ്രകാരം, വരികാർക്ക് പ്രതിദിനം 1.5ജിബി ഡാറ്റയും ലഭിക്കും. ഏതാണ്ട് 270ജിബിയോളമാണ് ആറുമാസക്കാലം കൊണ്ട് വരിക്കാർക്ക് ലഭിക്കുക. ഡാറ്റയ്ക്ക് ഒപ്പം അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസ് വരെ അയക്കാനുള്ള സൗകര്യവും കന്പനി വാഗ്ദാനം ചെയ്യുന്നു.

നിലവിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കിളുകളിൽ മാത്രമേ ഈ പ്ലാൻ ലഭ്യമാകൂ എന്നാണ് അറിയാൻ കഴിയുന്നത്. അതിനാൽ പ്ലാൻ തിരഞ്ഞെടുക്കുന്നതിനു മുൻപ് അതാതു സർക്കിളിൽ ഈ പ്ലാൻ ലഭ്യമാണോ എന്ന് ഉപയോക്താക്കൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ നമ്പറിൽ ഈ സേവനം ലഭ്യമാണോ​ എന്നറിയാൻ വോഡഫോണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി ഫോൺ നമ്പർ നൽകി പരിശോധിക്കാം. ലഭ്യമായ പ്ലാനിന്റെ പട്ടിക വെബ്സൈറ്റിൽ നിന്നും ലഭിക്കും.

വരിക്കാർക്കായി മറ്റ് ദീർഘകാല പ്ലാനുകളും വോഡഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 1499 രൂപയുടെ പ്ലാനാണ് കൂടുതൽ പ്രചാരമുള്ള മറ്റൊരു പ്ലാൻ. ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് ആകെ 24 ജിബി ഡാറ്റയാണ് ലഭിക്കുക, ഇതുപക്ഷേ 997 രൂപയുടെ പ്ലാനിനെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ കുറവാണ്. അൺലിമിറ്റഡ് കോൾ, 3600 എസ്എംഎസ്, 499 രൂപയോളം വിലമതിക്കുന്ന വോഡഫോൺ പ്ലേ, 999 രൂപ വിലമതിക്കുന്ന ZEE5 സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമായ മറ്റു സൗകര്യങ്ങൾ. 365 ദിവസമാണ് പ്ലാനിന്റെ കാലാവധി.

മുൻപ് 99, 555 രൂപ നിരക്കിലുള്ള പുതിയ പ്രീ പെയ്ഡ് റീചാർജ് പ്ലാനുകളും വോഡഫോൺ അവതരിപ്പിച്ചിരുന്നു.

Read more: പണി തന്ന് ബിഎസ്എൻഎൽ; പ്രീപെയ്‌ഡ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook