/indian-express-malayalam/media/media_files/uploads/2018/08/voda-idea.jpg)
ന്യൂഡൽഹി: ടെലികോം രംഗത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ സ്പെക്ട്രം ലേലം കൂടി നീട്ടരുതെന്നാവശ്യപ്പെട്ട് വൊഡഫോൺ ഐഡിയ കേന്ദ്രത്തെ സമീപിച്ചു. 2020 ലേക്ക് ലേലം നീട്ടിവയ്ക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
5ജി സ്പെക്ട്രം ലേലത്തിന് വേണ്ടിയാണ് വൊഡഫോൺ ഇന്ത്യയുടെ കാത്തിരിപ്പ്. ഇപ്പോൾ തന്നെ 5ജിക്ക് വേണ്ടിയുളള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ കമ്പനികൾ ശ്രമം തുടങ്ങി. അതിനാൽ തന്നെ ഇനിയും കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രയാസം ഉണ്ടാക്കുമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയുന്നു.
റിലയൻസ് ജിയോയുടെ കടന്നുവരവ് മറ്റ് ടെലികോം കമ്പനികൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെയാണ് തമ്മിൽ ലയിക്കാൻ വോഡഫോണും ഐഡിയയും തീരുമാനിച്ചത്.
ഭൂരിഭാഗം ടെലികോം കമ്പനികളും ഇപ്പോൾ നഷ്ടത്തിലാണ്. ഇപ്പോൾ 12 ലേറെ കമ്പനികളാണ് ടെലികോം രംഗത്ത് ഉളളത്. ഇതോടെ കേന്ദ്രസർക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണയും ടെലികോം കമ്പനികൾ തേടിയിട്ടുണ്ട്.
വോഡഫോൺ- ഐഡിയ ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന പുതിയ കമ്പനിക്ക് 408 മില്യൺ സബ്‌സ്‌ക്രൈബര്‍മാരും 3.4 ലക്ഷം സൈറ്റുകളോടു കൂടിയ വിപുലമായ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കും 17 ലക്ഷം റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കുമാർ മംഗളം ബിർള ചെയർമാനായ പുതിയ ബോർഡിൽ ആറു സ്വതന്ത്ര ഡയറക്ടർമാരടക്കം 12 ഡയറക്ടർമാരാണ് ഉള്ളത്. വോഡഫോൺ- ഐഡിയ ലിമിറ്റഡിന്റെ സിഇഒയായി ബലേഷ് ശർമയും നിയമിതനായി.
ഇന്ത്യയുടെ ടെലികോം വിപണിയിൽ 32.2 ശതമാനം വരുമാന വിഹിതമാണ് ഇതോടെ ഇവർ സ്വന്തമാക്കുന്നത്. ഒപ്പം 60,000 കോടിയുടെ ആസ്തിയും 1.14 ലക്ഷം കോടിയുടെ ബാധ്യതയും ഉണ്ടാവും. രണ്ടു ബ്രാൻഡുകളും നിലനിർത്തികൊണ്ടുപോകാനാണ് കമ്പനിയുടെ തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.