കൊച്ചി: ഇന്ത്യൻ ടെലികോം രംഗത്ത് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വോഡഫോണും ഐഡിയയും. ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനത്തിലൂടെ വോഡഫോണും ഐഡിയയും ഒറ്റ കമ്പനിയായി മാറിയിരുന്നു. ഇതിന്റെ തുടർച്ചയായി ‘വി’ എന്ന ഏകീകൃത ബ്രാന്‍ഡിലായിരിക്കും ഇനി കമ്പനി അറിയപ്പെടുക.

നാളേയ്ക്കായി ഒരുമിച്ച് എന്ന ആശയത്തോടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഈ ബ്രാന്‍ഡുകള്‍ തങ്ങളുടെ സംയോജന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതോടു കൂടി പുതിയ വി ബ്രാന്‍ഡിന്റെ 4ജി കവറേജ് നൂറു കോടിയോടടുത്ത് ഇന്ത്യക്കാരിലേക്ക് വിപുലമാകുകയാണ്. ലോകോത്തര നിലവാരത്തോടെ ഏറ്റവും വലിയ സ്‌പെക്ട്രം, 5ജി നടപ്പാക്കാന്‍ തയാറായ സാങ്കേതികവിദ്യ, മുംബൈയും ഡല്‍ഹിയും അടക്കം പല മേഖലകളിലേയും ഏറ്റവും വേഗതയേറിയ 4ജി സേവനം തുടങ്ങിയവയും വി ബ്രാന്‍ഡിനു സ്വന്തമാണ്.

വോഡാഫോണിന്റെ ആദ്യ അക്ഷരമായ ‘വി’യും ഐഡിയയുടെ ആദ്യ അക്ഷരമായ ‘ഐ’യും ചേര്‍ന്ന് ‘വിഐ’ എന്ന പേരിലാകും ഇരുകമ്പനികളുംചേര്‍ന്ന ബ്രാന്‍ഡ് ഇനി അറിയപ്പെടുക. ഗ്രമീണ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് ഐഡിയയ്ക്കുള്ളത്. വോഡാഫോണിനാകട്ടെ നഗരങ്ങളിലും മികച്ച സാന്നിധ്യമുണ്ട്. പുതിയ പേരില്‍ നഗര-ഗ്രാമ പ്രദേശങ്ങളില്‍ ശക്തമായി സാന്നിധ്യമുറപ്പിക്കുകയാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം.

രണ്ടു വര്‍ഷം മുന്‍പ് വോഡഫോണ്‍ ഐഡിയ ഏകീകൃത ബ്രാന്‍ഡിലേക്കു കടന്നപ്പോള്‍ മുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രണ്ടു വന്‍കിട നെറ്റ്‌വര്‍ക്കുകളുടെ സംയോജനത്തിനു ശേഷം വി ബ്രാന്‍ഡ് പ്രഖ്യാപിക്കുന്നതില്‍ തനിക്കേറെ ആഹ്ലാദമുണ്ടെന്ന് വോഡഫോണ്‍ ഐഡിയ മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദര്‍ തക്കര്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിന് പ്രധാനപ്പെട്ട അര്‍ത്ഥം നല്‍കുന്നതായിരിക്കും വി ബ്രാന്‍ഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ ഉപഭോക്താക്കളും രണ്ടാമത്തെ ടെലികോം വിപണിയുമായ ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റേയും വോഡഫോണ്‍ ഐഡിയയുടേയും ചെയര്‍മാനായ കുമാര്‍ മംഗളം ബിര്‍ള അവകാശപ്പെട്ടു.

സംയോജനം പൂര്‍ത്തിയായതോടെ ഇന്ത്യയിലെ ജനങ്ങള്‍ക്കും ബിസിനസിനും കൂടുതല്‍ മികച്ച നെറ്റ്‌വര്‍ക്ക് അനുഭവങ്ങള്‍ പ്രധാനം ചെയ്യുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വോഡഫോണ്‍ ഗ്രൂപ്പിന്റെ സിഇഒ നിക് റീഡ് ചൂണ്ടിക്കാട്ടി. പുതുയുഗത്തിനായാണ് വി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാനായുള്ള യാത്രയിലേക്ക് എല്ലാവരേയും ക്ഷണിക്കുകയാണെന്നും വോഡഫോണ്‍ ഐഡിയയുടെ ചീഫ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്റ് ബ്രാന്‍ഡ് ഓഫീസര്‍ കവിതാ നായര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook