ന്യൂഡൽഹി: ഭൂകമ്പ മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന ഫൺടച്ച് OS 10 എന്ന് വിളിക്കുന്ന ആൻഡ്രോയിഡ് 10 സ്കിൻ വെളിപ്പെടുത്തി വിവോ. ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ വിവോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ X30 അവതരിപ്പിച്ച ചടങ്ങിലാണ് പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് സൂചന നൽകിയത്.

പുതിയ ലൈവ് വാൾപേപ്പറുകൾ, ആനിമേറ്റഡ് ലോക്ക് സ്‌ക്രീൻ, കുറഞ്ഞ യുഐ തുടങ്ങിയവയും പുതിയ ഫൺടച്ച് OS 10-ൽ ഉൾപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി. അപ്‌ഡേറ്റ് 2020 ഫെബ്രുവരി മുതൽ ലഭ്യമാകുമെന്ന് വിവോ പറഞ്ഞു.

Read Also: വിവോ വി 15 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു, വില രൂപ

അവതരണ വേളയിൽ ഫൺടച്ച് ഒഎസിനായുള്ള ബിൽറ്റ് യൂസർ ഇന്റർഫേസിന്റെ (യുഐ) സ്ക്രീൻഷോട്ടുകൾ വിവോയുടെ പ്രോജക്ട് മാനേജർ സിയാവോ ഷുഗെ വെളിപ്പെടുത്തി. ഈ യുഐ ഒരു പുതിയ ഭൂകമ്പ മുന്നറിയിപ്പ് സവിശേഷത വാഗ്ദാനം ചെയ്യുന്നെന്നും കൂടാതെ പരിഷ്കരിച്ച സമയ, കാലാവസ്ഥ ഡിസ്പ്ലേയും ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

സ്മാർട്ട്ഫോണുകളിൽ ആദ്യമായാണ് ഭൂകമ്പ മുന്നറിയിപ്പ് സവിശേഷത ഇടംപിടിക്കുന്നത്. വരാനിരിക്കുന്ന പ്രകൃതിദുരന്തത്തിന്റെ മുന്നറിയിപ്പായി പുതിയ ഫീച്ചർ പ്രവർത്തിക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും. ഇത് തുടക്കത്തിൽ ചെെനയിൽ പരീക്ഷിക്കുമെന്നും അതിനുശേഷം പുതിയ ഉൽപ്പന്നം പുറത്തിറക്കുമെന്നും ഷുഗെ വ്യക്തമാക്കി.

ക്ലോക്കിന്റെയും കാലാവസ്ഥയുടെയും പുതിയ ഡിസ്പ്ലേയുടെ പ്രവർത്തനമാണ് ആൻഡ്രോയിഡ് 10 സ്കിന്നിൽ ഉൾപ്പെടുന്ന മറ്റൊരു പ്രധാന മാറ്റം. ഇത് രണ്ട് പ്രദേശങ്ങളിലെ സമയവും കാലാവസ്ഥാ പ്രവചനവും ഒരേസമയം കാണാൻ ഉപഭോക്താക്കളെ അനുവദിക്കും.

നിലവിൽ ഈ രണ്ട് സവിശേഷതകളും ഫൺ‌ടച്ച് ഒ‌എസ് 10-ന് ഒപ്പം ആഗോളതലത്തിൽ പുറത്തിറക്കുമോ അതോ ആദ്യഘട്ടത്തിൽ ചൈനയിൽ മാത്രമായി പരിമിതപ്പെടുമോ എന്ന് വ്യക്തമല്ല.

പുനർ‌രൂപകൽപ്പന ചെയ്‌ത ബിൽറ്റ്-ഇൻ ആപ്ലിക്കേഷനുകൾ‌, മെച്ചപ്പെടുത്തിയ പ്രകടനം, എളുപ്പത്തിലുള്ള ഷെയറിങ് സവിശേഷതകൾ, പുതിയ സിസ്റ്റം ഡൈനാമിക്സ്, മിനിമലിസ്റ്റ് ഡിസൈൻ‌ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളും ഫൺ‌ടച്ച് ഒ‌എസ് 10 വാഗ്ദാനം ചെയ്യുമെന്ന് വിവോ അവകാശപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook