ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് സർവീസാണ് വാട്സാപ്പ്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലായി ഏകദേശം 2 ബില്യണിലധികം ആളുകളാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പമാകുന്ന തരത്തിലും അവർക്ക് ആവശ്യമുള്ള വിധത്തിലും ആപ്ലിക്കേഷനിൽ അപ്ഡേഷൻ വരുത്താൻ നിരന്തരം വാട്സാപ്പ് ശ്രമിക്കാറുണ്ട്. അടുത്തിടെ വീഡിയോ കോളിങ്ങിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്ന ഫീച്ചറും ഡാർക്ക് മോഡുമെല്ലാം കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാൽ ഉപയോക്താക്കൾക്കായി ഇനിയും ഒരുപിടി മികച്ച ഫീച്ചറുകൾ എത്തിക്കുന്നതിനുള്ള പണിപ്പുരയിലാണ് കമ്പനി.
ഒരേ സമയം കൂടുതൽ ഡിവൈസുകളിൽ ഒറ്റ അക്കൗണ്ട്
നിലവിൽ വാട്സാപ്പ് ഉപഭോക്താവിന് അവരുടെ ഒരു ഫോണിൽ/ടാബിൽ മാത്രമേ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കു. മറ്റൊരു ഡിവൈസിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ ആദ്യത്തെ ഡിവൈസിൽ നിന്ന് തനിയേ ലോഗ്ഔട്ട് ആകും. എന്നാൽ ഇതിലും മാറ്റം വരുത്തുമെന്ന് വാട്സാപ്പ് ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഒന്നിലധികം ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ആശ്വാസമേകുന്ന ഫീച്ചറാകും ഇതെന്ന് ഉറപ്പാണ്.
Also Read: WhatsApp Payments: സന്ദേശം മാത്രമല്ല പണം അയക്കാനും വാട്സാപ്പ്, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
ഫോണില്ലാതെ വെബ് വാട്സാപ്പ്
നിലവിൽ വെബ് വാട്സാപ്പ് ഉപയോഗം ഫോണിന്റെ ബാക്കി മാത്രമാണ്. അതായത് ഫോണിൽ വാട്സാപ്പ് ആക്ടീവ് ആയിരിക്കുകയും ഇന്റർനെറ്റ് കണക്ഷനുണ്ടാവുകയും മാത്രം ചെയ്യുമ്പോഴേ ഡെസ്ക്ടോപ്പിൽ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കൂ. വാട്സാപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം യൂണിവേഴ്സൽ വിൻഡോസ് പ്ലാറ്റ്ഫോം എന്നൊരു സിസ്റ്റത്തിന്രെ പണിപ്പുരയിലാണ് വാട്സാപ്പ്. ഇത് നിലവിൽ വന്നാൽ ഫോൺ ഓഫാണെങ്കിലും ഡെസ്ക്ടോപ്പിൽ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കും.
അദൃശ്യമാവുന്ന മെസേജുകൾ
സ്നാപ് ചാറ്റ് പോലുള്ള ആപ്പുകളിലേതിന് സമാനമായി അദൃശ്യമാവുന്ന മെസേജുകളും വാട്സാപ്പ് പുതിയ പതിപ്പിൽ അവതരിപ്പിച്ചേക്കും. വാട്സാപ്പ് സ്റ്റാറ്റസ് പോലെ പ്രത്യേക സമയ പരിധി കഴിഞ്ഞാൽ ഇല്ലാതാവുന്ന തരത്തിലാവും ഇത്തരം സന്ദേശങ്ങൾ. ഈ ഫീച്ചർ എനേബിൾ ചെയ്താൽ നിശ്ചിത സമയം കഴിഞ്ഞാൽ നശിക്കുന്ന തരത്തിലുള്ള മെസേജുകൾ അയക്കാൻ ഉപഭോക്താക്കൾക്ക് കഴിയും.
ഇൻ ആപ്പ് ബ്രൗസിങ്
വാട്സാപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പിലെ അപ്ഡേറ്റുകളിൽ ഇൻ ആപ്പ് ബ്രൗസർ സംവിധാനമുണ്ടാവുമെന്നാണ് സൂചന. വാട്സാപ്പിൽ ലഭിക്കുന്ന ലിങ്കുകൾ മറ്റൊരു ആപ്ലിക്കേഷനിലേക്ക് പോകാതെ വാട്സാപ്പിൽ തന്നെ തുറക്കാൻ കഴിയും. സുരക്ഷിതമല്ലാത്ത വെബ് പേജുകൾ കണ്ടെത്താനും ഇതിനൊപ്പം സൗകര്യമുണ്ടാവും.
Also Read: Say Namaste: സൂമിന് ഇന്ത്യയിൽ നിന്നൊരു പകരക്കാരൻ; സേ നമസ്തേ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും
വാട്സാപ്പ് മെസഞ്ചറിൽ ഇനി ക്യുആർ കോഡ് വഴി ബന്ധപ്പെടാം
വാട്സാപ്പ് മെസഞ്ചറിൽ ഇനി ക്യുആർ കോഡ് വഴി കോൺടാക്ടിൽ ആളെ ചേർക്കാം. സ്നാപ്ചാറ്റിലും, ഇൻസ്റ്റഗ്രാമിലും ഉള്ളതിന് സമാനമായ ഫീച്ചർ ഉടൻതന്നെ വാട്സാപ്പിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ ലഭ്യമാവും. ഉടൻ തന്നെ ഈ ഫീച്ചർ വാട്സാപ്പ് മെസഞ്ചറിന്റെ മുഴുവൻ ഉപഭോക്താക്കളിലേക്കും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫീച്ചർ ലഭ്യമായാൽ ഉപഭോക്താക്കൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് വാട്സാപ്പിൽ കോൺടാക്ട് ആഡ് ചെയ്യാം. വാട്സാപ്പ് സെറ്റിങ്സിൽ പ്രൊഫൈൽ പിക്ചറിനു സമീപത്തെ ക്വുആർ കോഡ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഉപഭോക്താക്കൾക്ക് ‘മൈകോഡ്’ എന്ന ടാബിൽ സ്വന്തം ക്യുആർ കോഡ് കാണാൻ കഴിയും.