ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സാപ്പ്. ആഗോളതലത്തിൽ 2 ബില്യൻ ആളുകൾ വാട്സാപ്പ് ഉപയോഗിക്കുന്നതായാണ് കണക്കുകൾ പറയുന്നത്. അതുകൊണ്ട് ഇത്രത്തോളം ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോകുകയെന്ന വലിയ ദൗത്യം വാട്സാപ്പിന് മുന്നിലുണ്ട്. ഇതിനായി ഓരോ ആഴ്ചയിലും പുതിയ അപ്ഡേഷനുകൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്താൻ കമ്പനി അതീവ ശ്രദ്ധാലുക്കളാണ്.

ഈ അടുത്ത കാലത്ത് ഡാർക്ക് മോഡ് ഉൾപ്പടെയുള്ള ഫീച്ചറുകൾ അവതരിപ്പിച്ച കമ്പനി കൊറോണ കാലത്ത് ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പുതിയ ഡാറ്റ പ്ലാറ്റ്ഫോമും തയ്യാറാക്കിയിരുന്നു. അവിടെകൊണ്ടും അവസാനിക്കുന്നില്ല, ഉപഭോക്താക്കളെ ഞെട്ടിക്കുന്ന ഫീച്ചറുകൾ കമ്പനിയുടെ പണിപ്പുരയിൽ ഒരുങ്ങുന്നുണ്ട്. അതിൽ ചിലത് ഏതൊക്കെയെന്ന് നോക്കാം.

Also Read: പണവും വ്യക്തിവിവരവും ചോർത്താൻ വ്യാജ നെറ്റ്ഫ്ലിക്സും വ്യാജ ഡിസ്നി പ്ലസും; കോവിഡ് കാലത്തെ സൈബർ ആക്രമണങ്ങളെ കരുതിയിരിക്കുക

വാട്സാപ്പ് ഗ്രൂപ്പ് കോളിന്റെ പരിധി ഉയർത്തുന്നു

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ആളുകൾ വീടുകൾക്കുള്ളിൽ ഒതുങ്ങുകയും സമൂഹമാധ്യമങ്ങളിലൂടെയും മെസേജിങ് പ്ലാറ്റ്ഫോമുകളിലുടെയും തങ്ങളുടെ പ്രിയപ്പെട്ടവരുമായി സമ്പർക്കത്തിലേർപ്പെടുകയുമാണ്. ഗ്രൂപ്പ് കോളിനും വീഡിയോ കോളിനുമാണ് ആളുകൾ കൂടുതൽ താൽപര്യം കാണിക്കുന്നത്. എന്നാൽ വാട്സാപ്പിൽ നിലവിൽ ഒരേ സമയം നാലു ആളുകൾക്ക് മാത്രമേ ഗ്രൂപ്പ് കോളിന്റെയും വീഡിയോ കോളിന്റെയും ഭാഗമാകാൻ സാധിക്കുകയുള്ളു. വാട്സാപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഈ പരിധി ഉടനെ തന്നെ ഉയർത്തും. കൂടുതൽ ആളുകൾക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്നു വാട്സാപ്പിൽ ആശയവിനിമയം നടത്താൻ സാധിക്കും.

ഒരേ സമയം കൂടുതൽ ഡിവൈസുകളിൽ ഒറ്റ അക്കൗണ്ട്

നിലവിൽ വാട്സാപ്പ് ഉപഭോക്താവിന് അവരുടെ ഒരു ഫോണിൽ/ടാബിൽ മാത്രമേ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കു. മറ്റൊരു ഡിവൈസിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ ആദ്യത്തെ ഡിവൈസിൽ നിന്ന് തനിയേ ലോഗ്ഔട്ട് ആകും. എന്നാൽ ഇതിലും മാറ്റം വരുത്തുമെന്ന് വാട്സാപ്പ് ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഒന്നിലധികം ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ആശ്വാസമേകുന്ന ഫീച്ചറാകും ഇതെന്ന് ഉറപ്പാണ്.

Also Read: മരുന്നും ഭക്ഷണവും ഇനി ‘നൈറ്റിങല്‍’ കൊടുക്കും; വൈറസിനെ പ്രതിരോധിക്കാന്‍ റോബോട്ട്

ഫോണില്ലാതെ വെബ് വാട്സാപ്പ്

നിലവിൽ വെബ് വാട്സാപ്പ് ഉപയോഗം ഫോണിന്റെ ബാക്കി മാത്രമാണ്. അതായത് ഫോണിൽ വാട്സാപ്പ് ആക്ടീവ് ആയിരിക്കുകയും ഇന്റർനെറ്റ് കണക്ഷനുണ്ടാവുകയും മാത്രം ചെയ്യുമ്പോഴെ ഡെസ്ക്ടോപ്പിൽ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കൂ. വാട്സാപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം യൂണിവേഴ്സൽ വിൻഡോസ് പ്ലാറ്റ്ഫോം എന്നൊരു സിസ്റ്റത്തിന്രെ പണിപ്പുരയിലാണ് വാട്സാപ്പ്. ഇത് നിലവിൽ വന്നാൽ ഫോൺ ഓഫാണെങ്കിലും ഡെസ്ക്ടോപ്പിൽ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കും.

മാഞ്ഞുപോകുന്ന സന്ദേശങ്ങൾ

വാട്സാപ്പ് ഇതുവരെ അവതരിപ്പിച്ച ഫീച്ചറുകളിൽ ഒന്നായിരുന്നു സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്നത്. ഇതിന്റെ ഇച്ചിരികൂടെ മെച്ചപ്പെട്ട വിപുലികൃമായ ഫീച്ചറാണ് ഡിസപ്പിയറിങ് മെസേജ്. നിലവിൽ വാട്സാപ്പ് സ്റ്റാറ്റ്സ് നിശ്ചിത സമയത്തിനുള്ളിൽ തന്നെ റിമൂവ് ആകുന്നത് പോലെ സമയം സെറ്റ് ചെയ്ത് സന്ദേശങ്ങൾ അയക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook