ലക്‌നൗ: സാങ്കേതിക വിദ്യയുടെ അതിവേഗമുളള വളർച്ചയെ തുടർന്ന് രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വ്യാജവാർത്തകൾ. മോഷണക്കുറ്റവും സദാചാര പൊലീസും ചമഞ്ഞ് ആൾക്കൂട്ടം വ്യാജവാർത്തകളുടെ പേരിൽ കൊലപാതകങ്ങൾ നടത്തുന്നത് തുടർക്കഥയായി മാറിയിരിക്കുകയാണ്.

വ്യാജവാർത്തകളെ ചെറുക്കാൻ സമൂഹമാധ്യമങ്ങളോട് തന്നെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ ഉത്തർപ്രദേശിലെ ലളിത്‌പൂർ ജില്ലാ ഭരണകൂടം ഇതിൽ ഒരു പടി കൂടി കടന്ന് പുതിയൊരു ഉത്തരവിട്ടിരിക്കുകയാണ്. ജില്ലയിലെ മാധ്യമപ്രവർത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ റജിസ്റ്റർ ചെയ്യണമെന്നാണ് പുതിയ ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ജില്ലാ മജിസ്ട്രേറ്റായ കലക്ടറും, ജില്ലാ പൊലീസ് മേധാവിയും സംയുക്തമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകരുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവരോ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരോ ആയ മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സമീപിച്ച് ഇതുമായി ബന്ധപ്പെട്ട വിവരം കൈമാറണമെന്നാണ് ഉത്തരവ്. സ്വന്തം നിലയിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്ന മാധ്യമപ്രവർത്തകരും ഈ നിബന്ധന പാലിക്കണം.

വ്യാജവാർത്തകളെ ചെറുക്കാനുദ്ദേശിച്ചാണ് ഇത്തരമൊരു നടപടി.  ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ ആധാറിന്റെ കോപ്പിയും ഫോട്ടോയും മറ്റ് അവശ്യ രേഖകളും സമര്‍പ്പിക്കണം.   മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന വിവരശേഖരണ വകുപ്പിലാണ് പേരും മറ്റ് വിവരങ്ങളും രേഖപ്പെടുത്തേണ്ടത്.

ഈ നിർദ്ദേശം പാലിക്കാത്ത മാധ്യമപ്രവർത്തകർക്കെതിരെ ഐടി നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം ഉത്തരവിൽ അറിയിച്ചതായാണ് റിപ്പോർട്ട്. ഇവിടെ ചിലർ മാധ്യമപ്രവർത്തകരായി ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘങ്ങളടക്കം സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്ന ഔദ്യോഗിക വിശദീകരണം. അധികം വൈകാതെ ഉത്തർപ്രദേശിലെ മറ്റ് ജില്ലകളിലേക്കും ഈ നടപടി വ്യാപിപ്പിച്ചേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook