തിരുവനന്തപുരം : നൂറിലധികം സര്‍ക്കാര്‍ സേവനങ്ങളെ ഏകീകരിച്ചുകൊണ്ട് ഒരൊറ്റ ആപ്പ്. സര്‍ക്കാര്‍ സേവനങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങികിടക്കുന്നു എന്നുള്ള പരാതി മറികടക്കാന്‍ സഹായകമാകുന്നതാണ് പുതിയ. മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തിന്റെ ഡിജിറ്റലൈസേഷന്‍ ലക്ഷ്യം വച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച #Future എന്ന ഉച്ചകോടിയുടെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്.

” വ്യവസായങ്ങള്‍ക്കായ് മികച്ചൊരു പരിതസ്ഥിതിയാണ് കേരളത്തില്‍ ഇന്നുള്ളത്. മുപ്പത്തിയഞ്ച് ലക്ഷത്തോളം വരുന്ന ശക്തമായ ജനസംഖ്യ ഉയര്‍ന്ന മാനവ വികസന സൂചികകൾ ഉള്ളവരാണ്. വ്യാത്യസ്തമായ ഭൂപ്രകൃതികളാണ് സംസ്ഥാനത്തേത്. മനോഹരമായ പ്രകൃതിയും ഉയര്‍ന്ന സാക്ഷരതയും അടങ്ങുന്ന ഒരു ജനസഞ്ചയമാണ് കേരളത്തിലേത്. കൂടുതല്‍ ഡിജിറ്റലായ തൊഴില്‍ മേഖലയൊരുക്കാന്‍ കേരളം സജ്ജമാണ്. ” പിണറായി വിജയന്‍ പറഞ്ഞു.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക ഭൂമിക എങ്ങനെയാണ് മാറ്റാന്‍ പോകുന്നത് എന്നതിനെകുറിച്ച് സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട് എന്ന് പറഞ്ഞ മുഖ്യമന്ത്രി. ഓഫീസുകളെയും വീടുകളെയും ഒപ്റ്റികല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് വഴി ബന്ധിപ്പിക്കും എന്നും സംസ്ഥാനത്തെ പാര്‍ക്കുകളിലും വായനശാലകളിലുമായ് ആയിരം സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കും എന്നും കൂട്ടിച്ചേര്‍ത്തു.

ഐടി വ്യവസായ മേഖലയില്‍ നിന്നുമുള്ള പ്രതികരണം എടുത്ത ശേഷം മാത്രമാണ് ഓരോ വര്‍ഷവും സംസ്ഥാനത്തിന്റെ ഐടി പോളിസിയില്‍ ഭേദഗതി വരുത്താറുള്ളത് എന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കറും അഭിപ്രായപ്പെട്ടു. ബ്ലോക്ക്ചെയിന്‍ സാങ്കേതികത, ഐഒടി അടങ്ങുന്ന ഡാറ്റ, സൈബര്‍ സുരക്ഷ, വൈദ്യുതീകരിച്ച വാഹനങ്ങള്‍, ബഹിരാകാശ സാങ്കേതികത എന്നീ മേഖലകളിലാണ് സംസ്ഥാന ഐടി വകുപ്പ് കൂടുതല്‍ ശ്രദ്ധചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ശരാശരിയേക്കാള്‍ ഉയര്‍ന്ന 52% വരുന്ന ഇന്റര്‍നെറ്റ് സൗകര്യമുള്ള സംസ്ഥാനമാണ് കേരളം. 2500ഓളം വരുന്ന അക്ഷയ കേന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഫോസിസ് സ്ഥാപകനായ നന്ദന്‍ നിലേകനി, മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ തുടങ്ങിയ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡേല വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കും. സഞ്ചാരം, ആരോഗ്യം, ബാങ്കിങ് തുടങ്ങിയ മേഖലകളില്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയും രണ്ട് ദിവസത്തെ #Future ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ ഉണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook