/indian-express-malayalam/media/media_files/uploads/2022/09/mAadhaar-App-Collage.jpg)
2009-ല്‍ ലോഞ്ച് ചെയ്തത് മുതല്‍ ആധാര്‍ കാര്‍ഡ് ഏറ്റവും പ്രധാന രേഖകളില്‍ ഒന്നായി മാറി. എന്നാല്‍ ആധാര്‍ കാര്‍ഡ് എപ്പോഴും കൊണ്ടു നടക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപകാരപ്രദമാകുന്നത്.
സ്മാര്‍ട്ട്ഫോണുകള്‍ എല്ലാവരിലേക്കും എത്തിയതോടെ ഡിജിറ്റല്‍ ഫോര്‍മാറ്റിലും രേഖകള്‍ സൂക്ഷിക്കാന്‍ കഴിയും. ഇതിനായി യുഐഡിഎഐ ആപ്ലിക്കേഷനായ എംആധാര്‍ (mAadhaar) മാത്രമാണ് ആവശ്യം. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് എംആധാര്‍.
എംആധാര്‍ ആപ്ലിക്കേഷന്‍ എങ്ങനെ ഉപയോഗിക്കാം
ഗൂഗിള്‍ പ്ലെ സ്റ്റോര്‍/ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് എംആധാര്‍ ഡൗണ്‍ലോഡ് ചെയ്യുക
എംആധാര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞ് ചില അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടി വന്നേക്കാം. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്യുക. ശേഷം നിങ്ങള്‍ക്ക് പ്രധാന പേജിലേക്ക് കടക്കാന്‍ കഴിയും.
ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക
പ്രധാന പേജിലെ ഡാഷ്ബോര്‍ഡില്‍ നിന്ന് ഡൗണ്‍ലോഡ് ആധാര്‍ (Download Aadhaar) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അടുത്ത സ്ക്രീനില്‍ ആവശ്യം അനുസരിച്ച് റെഗുലര്‍ ആധാര്‍ (Regular Aadhaar) അല്ലെങ്കില്‍ മാസ്ക്ഡ് ആധാര്‍ (Masked Aadhaar) നിങ്ങള്‍ക്ക് സെലക്ട് ചെയ്യാം. ശേഷം നിങ്ങളുടെ ഐഡെന്റിറ്റി സ്ഥിരീകരിക്കുക. ഇതിനായി നിങ്ങളുടെ അധാര്‍ കാര്‍ഡിലെ നമ്പര്‍ നല്‍കുക.
നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പരിലേക്ക് ഒടിപി (OTP) ലഭിക്കും. ഒടിപി നല്‍കി കഴിഞ്ഞാല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് പിഡിഎഫ് (PDF) ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
പാസ്വേഡ് നല്‍കുക
ദുരുപയോഗം ഒഴിവാക്കുന്നതിനായി ആധാറിന്റെ പിഡിഎഫ് ഫയലിന് പാസ്വേഡുണ്ടാകും. എട്ട അക്ക പാസ്വേഡായിരിക്കും ഇത്. പാസ്വേഡ് നല്‍കിയാല്‍ മാത്രമെ ഡിജിറ്റല്‍ ആധാര്‍ ഉപയോഗിക്കാന്‍ സാധിക്കു. എട്ടില്‍ നാലെണ്ണം നിങ്ങളുടെ പേരിലെ ആദ്യ നാലക്ഷരങ്ങളായിരിക്കും. പിന്നീടുള്ള നാലെണ്ണം നിങ്ങള്‍ ജനിച്ച വര്‍ഷവും.
ഉദാഹരണത്തിന് നിങ്ങളുടെ പേര് വിഷ്ണു എന്നും ജനന വര്‍ഷം 1987 ഉം ആണെങ്കില്‍, പാസ്വേഡ് 'VISH1987' എന്നായിരിക്കും. പാസ്വേഡ് ഉപയോഗിച്ച് ഫയല്‍ തുറക്കാന്‍ കഴിയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.