ന്യൂഡൽഹി: ആൻഡ്രോയ്‌ഡ് ഫോണുകളിൽ ആധാർ അതോറിറ്റിയുടെ (യുഐഡിഎഐ) ഹെൽപ്‌ലൈൻ നമ്പർ കാണപ്പെട്ട സംഭവത്തിൽ കുറ്റം തങ്ങളുടേതാണെന്ന് ഗൂഗിൾ. ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിങ് സിസ്റ്റം കോഡിങ്ങിൽ സംഭവിച്ച പിഴവാണ് ഇതെന്നും ആധാർ അതോറിറ്റിയുടെ ഭാഗത്തല്ല പിഴവെന്നും ഗൂഗിൾ വിശദീകരിച്ചു.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ആൻഡ്രോയ്‌ഡ് ഫോണുകളിൽ 1800 300 1947 എന്ന നമ്പർ പ്രത്യക്ഷപ്പെട്ടത്. ഉപഭോക്താക്കൾ സേവ് ചെയ്യാതെ തന്നെ ഈ നമ്പർ ഫോണിൽ കാണപ്പെട്ടത് പലരിലും ആശങ്കയുണ്ടാക്കി. ഇത് പുറത്തായതോടെ തങ്ങളുടെ ഭാഗം ന്യായീകരിച്ച് സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും(യുഐഎഡിഐ) രംഗത്ത് വന്നിരുന്നു.

2014 ൽ പുറത്തുവിട്ട സെറ്റപ് വിസാർഡിൽ ഉണ്ടായ പിഴവാണ് ഈ പ്രശ്നത്തിന് കാരണമായതെന്നാണ് ഗൂഗിൾ വ്യക്തമാക്കിയിരിക്കുന്നത്. ആധാറിന്റെ ഹെൽപ്‌ലൈൻ നമ്പറിന് പുറമെ 112 നമ്പറുകൾ കൂടി തെറ്റായി ഫോണിനകത്ത് കയറിയിട്ടുണ്ടെന്നും ഇത് കോഡിങ്ങിന്റെ കുഴപ്പമാണെന്നും ഗൂഗിൾ സ്ഥിരീകരിച്ചു. രാജ്യത്ത് ഇപ്പോഴുളള 500 ദശലക്ഷം മൊബൈലുകളിൽ 86 ശതമാനവും ആൻഡ്രോയ്‌ഡ് ഫോണുകളാണ്.

ആരുടെയും ആൻഡ്രോയ്‌ഡ് ഫോണിലേക്ക് അനുമതിയില്ലാതെ നുഴഞ്ഞുകയറാനുളള സാഹചര്യം ഒരുക്കിയതല്ല ഇതെന്നും, ഇതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ ആശങ്കകൾക്കും ക്ഷമ ചോദിക്കുന്നതായും ഗൂഗിൾ വ്യക്തമാക്കി.

വേഗത്തിൽ തന്നെ പുതിയ സെറ്റപ് വിസാർഡ് പരിഷ്കരിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് ഗൂഗിൾ ഉറപ്പുനൽകിയത്. എന്നാൽ എന്തുകൊണ്ടാണ് യുഐഎഡിഎഐ നമ്പർ കോണ്ടാക്ട് പട്ടികയിൽ ആദ്യം വന്നതെന്ന് ഗൂഗിൾ വിശദീകരിച്ചിട്ടില്ല.

18003001947 എന്ന ഹെൽപ്‌ലൈൻ നമ്പർ പഴയതാണെന്നും ഏതെങ്കിലും മൊബൈൽ നിർമ്മാതാക്കളോട് ഈ നമ്പർ ഫോണിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഇന്നലെ യുഐഎഡിഎഐ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook