ലണ്ടന്‍: ലണ്ടനില്‍ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഊബറിന്റെ ലൈസന്‍സ് റദ്ദാക്കി. സെപ്റ്റംബര്‍ 30 വരെ മാത്രമാണ് ഊബറിന് ലൈസന്‍സോടെ നിരത്തില്‍ ഇറങ്ങാന്‍ കഴിയു എന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. പൊതുസമൂഹത്തിന്റെ സുരക്ഷ പരിഗണിച്ചാണ് നടപടിയെന്നാണ് ലണ്ടന്‍ ഗതാഗത വിഭാഗത്തിന്റെ വിശദീകരണം.

സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ 21 ദിവസത്തിനകം ഊബറിന് അപ്പീല്‍ നല്‍കാന്‍ സാധിക്കും. എന്നാല്‍ ഊബര്‍ പ്രതികരണം നടത്തിയിട്ടില്ല. ഊബര്‍ ഹര്‍ജി നല്‍കിയാല്‍ ഇത് പരിഗണിക്കുന്ന കാലയളവില്‍ ഊബറിന് നിരത്തില്‍ തുടരാനാകുമോ എന്ന് വ്യക്തമല്ല. ജോലി നിബന്ധന സംബന്ധിച്ച് പരമ്പരാഗത കറുത്തവര്‍ഗക്കാരായ ടാക്സി ഡ്രൈവര്‍മാരും യൂണിയനുകളും ഊബറിനെതിരെ രംഗത്ത് വന്നിരുന്നു.

ഉപഭോക്താക്കളുടെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഡെന്‍മാര്‍ക്കിലും ഹംങ്കറിയിലും അടക്കം നിരവധി ഇടങ്ങളില്‍ ഊബര്‍ ആപ്പ് നിര്‍ത്തലാക്കിയിരുന്നു. ലണ്ടനില്‍ ഊബറിന് ലൈസന്‍സ് റദ്ദാക്കാനുളള തീരുമാനത്തെ അംഗീകരിക്കുന്നതായി മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന നിലവാരത്തിലും ജനങ്ങളുടെ സുരക്ഷയ്ക്കും മുന്‍ഗണന നല്‍കി വേണം എല്ലാ കമ്പനികളും പ്രവര്‍ത്തിക്കാനെന്ന് അദ്ദേഹം പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook