ഇന്ത്യയില്‍ ഏറെ ഉപഭോക്താക്കളുളള ഓണ്‍ലൈന്‍ ടാക്സി സര്‍വീസാണ് ഊബര്‍. ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ഒന്നുകൂടി മെച്ചപ്പെടുത്താനായി കമ്പനി പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. 5 എംബി മാത്രം സൈസുളള ‘ഊബര്‍ ലൈറ്റ്’ ആപ്പ് ആണ് കമ്പനി അവതരിപ്പിച്ചത്. ഒട്ടുമിക്ക ആന്‍ഡ്രോയിഡ് ഫോണുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന ലളിതമായ ആപ്പാണ് അവതരിപ്പിച്ചത്. കുറഞ്ഞ ഇന്റര്‍നെര്റ് സ്പീഡ് മാത്രം ഉള്ളപ്പോഴും യാത്രയിലാണെങ്കില്‍ പോലും ആപ്പ് ഫലപ്രദമാണ്.

ഊബറിന്റെ സാധാരണ ആപ്പ് പോലെ കാറുകളുടെ നിരയൊന്നും ആപ്പില്‍ കാണിക്കില്ല. പകരം എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലുളള ഡിസൈനിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താവ് നിര്‍ദേശം നല്‍കുമ്പോള്‍ തന്നെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് ആപ്പ് പ്രതികരിക്കും. ജിപിഎസ്, നെറ്റ്‍വര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഉപയോക്താവിന് ആപ്പ് തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ നിര്‍ദേശിക്കും.

നിങ്ങള്‍ ഓഫ്ലൈനില്‍ ആണെങ്കില്‍ പോലും ആപ്പ് പ്രവര്‍ത്തിക്കും. നഗരത്തിലെ ജനപ്രിയ ഇടങ്ങളില്‍ നിന്ന് നിങ്ങളെ പിക് ചെയ്യാനുളള നിര്‍ദേശം ആപ്പ് തന്നെ മുന്നോട്ട് വെക്കും. നിങ്ങള്‍ മിക്കപ്പോഴും പോകുന്ന ഇടങ്ങള്‍ ആപ്പ് അടയാളപ്പെടുത്തി വെക്കുന്നതിലൂടെ ഓഫ്ലൈനില്‍ ആപ്പ് പ്രവര്‍ത്തിക്കുന്നത് ഉറപ്പുവരുത്തും.

നേരത്തേ ഇന്ത്യയില്‍ നിരവധി ആരോപണങ്ങള്‍ നേരിട്ട കമ്പനിയാണ് ഊബര്‍. ഡ്രൈവര്‍ക്കെതിരായ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ഊബര്‍ ആപ്പ് രാജ്യതലസ്ഥാനത്ത് നിരോധിക്കുകയും ചെയ്തിരുന്നു. കൂടാതെ ഉപഭോക്താവിന്റെ മെഡിക്കല്‍ വിവരങ്ങള്‍ അനധികൃതമായി കൈക്കലാക്കി പരസ്യമാക്കിയതിനും ഊബര്‍ പ്രതിക്കൂട്ടിലായി. ഇതിന് പിന്നാലെ ഇന്ത്യയില്‍ നൂതനമായ സാങ്കേതികവിദ്യയിലൂടെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ