വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ട്വിറ്റർ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ഇലോൺ മസ്ക്. അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിലൂടെ ഉപഭോക്താക്കളുടെ ഫോളോവര്‍മാരുടെ എണ്ണത്തിൽ കുറവ് വന്നേക്കാമെന്നും മസ്ക് അറിയിച്ചു. ട്വിറ്റർ പോളിസി അനുസരിച്ച് അക്കൗണ്ടുകൾ എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടാതിരിക്കാൻ ഒരു ഉപഭോക്താവ് 30 ദിവസത്തിൽ ഒരിക്കല്‍ എങ്കിലും ട്വിറ്ററില്‍ ലോഗിന്‍ ചെയ്തിരിക്കണം.
അക്കൗണ്ടുകൾ എന്നു മുതലാണ് നീക്കം ചെയ്യുകയെന്ന് മസ്ക് വ്യക്തമാക്കിയിട്ടില്ല. സജീവമല്ലാത്ത അക്കൗണ്ടുകള്‍ ആര്‍ക്കൈവ് ചെയ്യുമെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കൈവ് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരിച്ചെടുക്കാൻ കഴിയുമോയെന്ന കാര്യത്തിലും യാതൊന്നും കമ്പനി പറഞ്ഞിട്ടില്ല.
ഇലോണ്‍ മസ്‌ക് ട്വിറ്ററിൽ വലിയ മാറ്റങ്ങളാണ് ട്വിറ്ററില്‍ കൊണ്ടുവരുന്നത്. അതിലൊന്നായിരുന്നു ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍. ട്വിറ്റർ ബ്ലൂ സേവനത്തിനായി പ്രതിമാസ ഫീസ് അടയ്ക്കുന്നവർക്ക് മാത്രമേ ഇനി ബ്ലൂ ടിക്കുകൾ അനുവദിക്കൂ. ഇതിനെ തുടർന്ന് കുറച്ച് ദിവസങ്ങൾക്കു മുൻപ് നിരവധി പ്രമുഖ വ്യക്തികൾക്ക് അവരുടെ അക്കൗണ്ടുകളിൽനിന്ന് ബ്ലൂ ടിക് നഷ്ടമായിരുന്നു.
ഇന്ത്യയിൽ, ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങൾക്ക് പ്രതിമാസം 900 രൂപയ്ക്ക് ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. വെബ് സേവനത്തിന് പ്രതിമാസം 650 രൂപയാണ് ചെലവ്. വെബ് സേവനത്തിനായി ഉപയോക്താക്കൾക്ക് 6,800 രൂപയുടെ വാർഷിക സബ്‌സ്‌ക്രിപ്‌ഷനും തിരഞ്ഞെടുക്കാം. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് പ്രതിവർഷം 9,400 രൂപയാണ്.
പണം കൊടുത്താൽ ആർക്കും ബ്ലൂ ടിക് സ്വന്തമാക്കാം. സേവനം ലഭിക്കുന്നവർക്ക് പല സംഭാഷണങ്ങളിലും റാങ്കിങ് ലഭിക്കും, തിരയുമ്പോഴും ഇത് കാണിക്കും. ദൈർഘ്യമേറിയ ട്വീറ്റുകൾ പോസ്റ്റ് ചെയ്യാനും കഴിയും. 10,000 ക്യാരക്ടർ വരെ എഴുതാൻ കഴിയും.