ന്യൂഡല്‍ഹി: സമൂഹമാധ്യമമായ ട്വിറ്റര്‍, ഉടമ എലോണ്‍ മസ്ക് എന്നിവ സംബന്ധിച്ച് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തു. ദി ന്യൂ യോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, സിഎന്‍എന്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ അക്കൗണ്ടുകളാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.
നടപടിക്ക് പിന്നിലെ കാരണം വ്യക്തമാക്കാന്‍ ട്വിറ്ററൊ എലോണ്‍ മസ്കൊ തയാറായിട്ടില്ല. മസ്കിന്റെ സ്വകാര്യ ജെറ്റിന്റെ യാത്രാ വിവരങ്ങള്‍ ശേഖരിച്ച ഒരു അക്കൗണ്ട് ബാന്‍ ചെയ്യാന്‍ മസ്ക് തീരുമാനിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
മറ്റൊരാളുടെ ലോക്കേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ അയാളുടെ സമ്മതമില്ലാതെ കൈമാറുന്നത് തടയുന്നതിനായി കഴിഞ്ഞ ദിവസം ട്വിറ്റര്‍ നിയമങ്ങള്‍ തിരുത്തിയിരുന്നു.
മസ്കിന്റെ പുതിയ പരിഷ്കാരത്തെക്കുറിച്ചും അത് നടപ്പിലാക്കാനുള്ള നീക്കത്തിനെക്കുറിച്ചും അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തികളില്‍ മസ്കിന്റെ കുടുംബത്തെ ബാധിച്ച ചില കാര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നതായും ആരോപണമുണ്ട്.